ചരിത്രം കുറിച്ച് കങ്കാരുപ്പട; ആദ്യ ഡേനൈറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ജയം; ന്യൂസിലാന്‍ഡിനെ തോല്‍പിച്ചത് മൂന്നുവിക്കറ്റിന്

അഡലെയ്ഡ്: ടെസ്റ്റിലും രാക്കാലം കൊണ്ടുവന്ന ചരിത്രത്തിലെ ആദ്യ ഡേനൈറ്റ് ടെസ്റ്റില്‍ ചരിത്രം രചിച്ച് ഓസ്‌ട്രേലിയ. ന്യൂസിലാന്‍ഡിനെ മൂന്നു വിക്കറ്റിന് തോല്‍പിച്ചാണ് ഓസ്‌ട്രേലിയ ആദ്യ ഡേനൈറ്റ് ടെസ്റ്റില്‍ ചരിത്രം കുറിച്ചത്. 187 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിന് ഇറങ്ങിയ ഓസീസ് ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 49 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷും 35 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും ചേര്‍ന്നാണ് ഓസീസിന് ജയം സമ്മാനിച്ചത്. 28 റണ്‍സ് വീതമെടുത്ത ആദം വോഗ്‌സും മിച്ചല്‍ മാര്‍ഷും ഇരുവര്‍ക്കും മികച്ച പിന്തുണ നല്‍കി. 22 റണ്‍സ് ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ഇന്നിംഗ്‌സില്‍ 208 റണ്‍സിന് പുറത്തായിരുന്നു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന് തുടക്കത്തില്‍ തന്നെ ഗുപ്ടിലിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും ടോം ലഥമും കെയിന്‍ വില്യംസണും ചേര്‍ന്ന് മുന്നോട്ട് നയിച്ചു. ലഥം 50 റണ്‍സെടുത്ത് പുറത്തായി. മധ്യനിരയില്‍ സാന്‍ഡ്‌നറും വാട്‌ലിംഗും ഒഴികെ മറ്റെല്ലാവരും പരാജയമായിരുന്നു. കീവികളുടെ ഒന്നാം ഇന്നിംഗ്‌സ് 202 റണ്‍സില്‍ അവസാനിച്ചു. മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹസല്‍വുഡും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കങ്കാരുപ്പടയെ അതേനാണയത്തില്‍ കീവികള്‍ തിരിച്ചടിച്ചപ്പോള്‍ കങ്കാരുക്കളുടെ സ്‌കോര്‍ 224 റണ്‍സില്‍ ഒതുങ്ങി. ഓസീസിന്റെ ലീഡ് 22 റണ്‍സ്. 53 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തും 66 റണ്‍സെടുത്ത നെവില്ലിനും ഒഴികെ മറ്റാര്‍ക്കും കാര്യമായി സ്‌കോര്‍ ചെയ്യാനായില്ല.

രണ്ടാം ഇന്നിംഗ്‌സിലും ബാറ്റിംഗ് തകര്‍ച്ചയെ അഭിമുഖീകരിച്ച കീവീസിനെ മധ്യനിരയാണ് രക്ഷിച്ചത്. റോസ് ടെയ്‌ലര്‍ 32ഉം സാന്റ്‌നര്‍ 45ഉം റണ്‍സെടുത്ത് പുറത്തായി. 208 റണ്‍സിന് എല്ലാവരും പുറത്തായ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം കങ്കാരുക്കള്‍ക്ക് ഒരു വെല്ലുവിളിയേ ആയിരുന്നില്ല. രണ്ടുദിനം ശേഷിക്കെ ചരിത്രത്തിലെ ആദ്യ ഡേനൈറ്റ് ടെസ്റ്റില്‍ ഓസീസ് ജയം കുറിച്ചു. 6 വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹസല്‍വുഡാണ് രണ്ടാം ഇന്നിംഗ്‌സിലും കീവീസിനെ തകര്‍ത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News