സാമ്പത്തിക പ്രതിസന്ധി തകര്‍ത്ത ഗ്രീസില്‍ സാന്‍ഡ്‌വിച്ചിനായി സ്ത്രീകള്‍ ശരീരം വില്‍ക്കുന്നെന്ന് റിപ്പോര്‍ട്ട്; ധനസ്ഥിതി മെച്ചപ്പെടുത്താനുള്ള പുതിയ സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ പ്രതീക്ഷ

ഏഥന്‍സ്: ഗ്രീസില്‍ ഒരു സാന്‍ഡ് വിച്ചിന്റെ വിലയ്ക്കുപോലും ലൈംഗിക വ്യാപാരം നടക്കുന്നുവെന്നു റിപ്പോര്‍ട്ട്. ആറു വര്‍ഷം മുമ്പു രാജ്യത്തു തുടങ്ങിയ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണു ജീവിക്കാനുള്ള വഴി തേടി തുച്ഛമായ തുകയ്ക്കു ശരീരം വില്‍ക്കാന്‍ സ്ത്രീകള്‍ തയാറാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ ഭരണകൂടം സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടത്തുന്ന സാഹചര്യത്തില്‍ ഇത്തരം അവസ്ഥകള്‍ക്കു മാറ്റം വരുമെന്നാണ് പ്രതീക്ഷ.

ലൈംഗികത്തൊഴിലിന് നിയമപരിരക്ഷയുള്ള ഗ്രീസില്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരേക്കാള്‍ കൂടുതല്‍ ഗ്രീക്ക് യുവതികള്‍ ലൈംഗികത്തൊഴിലിലേക്കു തിരിഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യൂറോപ്പില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലൈംഗിക വ്യാപാരം നടക്കുന്ന രാജ്യമെന്ന ചീത്തപ്പേരും ഗ്രീസിനു ലഭിച്ചിട്ടുണ്ട്.

ചില സ്ത്രീകള്‍ ഒരു ചീസിന്റെയോ സാന്‍ഡ്‌വിച്ചിന്റെയോ വിലയ്ക്കാണ് ശരീരം വില്‍ക്കുന്നത്. പട്ടിണി മൂലം ഭക്ഷണം കഴിക്കാനാണ് ഇതെന്നും ഏഥന്‍സിലെ പാന്റെയണ്‍ സര്‍വകലാശാലയിലെ സാമൂഹികശാസ്ത്ര വിഭാഗം അധ്യാപകന്‍ ഗ്രിഗറി ലാക്‌സോസ് പറയുന്നു. മൂന്നു വര്‍ഷമായി സര്‍വകലാശാലയിലെ സാമൂഹികശാസ്ത്ര വിഭാഗം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍. രണ്ടു യൂറോയ്ക്കുവരെ ശരീരം വില്‍ക്കുന്നവരെ പഠനസംഘം കണ്ടെത്തിയിരുന്നു.

സാമ്പത്തിക നിലയില്‍ മെച്ചം വരുന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങുന്നതാണ് ഈ സാഹചര്യത്തിനു മാറ്റം വരുമെന്ന പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. ലൈംഗികവ്യാപാരം നിയമപരമാണെങ്കിലും ലൈസന്‍സുള്ള കേന്ദ്രങ്ങള്‍ ഗ്രീസില്‍ വളരെ കുറവാണ്. ഇരുപതിനായിരത്തോളം ലൈംഗികത്തൊഴിലാളികള്‍ തെരുവുകളിലാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. പതിനേഴു വയസിനും ഇരുപതു വയസിനും ഇടയിലാണ് ഭൂരിഭാഗം പേരും ഈ തൊഴിലിലേക്ക് എത്തപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News