ബിഹാര്‍ നിയമസഭാ പിരിച്ചുവിടല്‍; തീരുമാനത്തില്‍ ഡോ. എപിജെ അബ്ദുള്‍ കലാമിനു ഖേദമുണ്ടായിരുന്നെന്നും രാജിയെക്കുറിച്ച് ആലോചിച്ചിരുന്നെന്നും വെളിപ്പെടുത്തല്‍

ഭുവനേശ്വര്‍: രാഷ്ട്രപതിയായിരിക്കേ രണ്ടായിരത്തിയാറില്‍ പദവി രാജിവയ്ക്കാന്‍ ഡോ. എ പി ജെ അബ്ദുള്‍ കലാം ആലോചിച്ചിരുന്നതായി വെളിപ്പെടുത്തല്‍. വിവാദമായ ബിഹാര്‍ നിയമസഭ പിരിച്ചുവിട്ട നടപടി സുപ്രീംകോടതി അസാധുവാക്കിയതിനെത്തുടര്‍ന്നാണ് രാഷ്ട്രപതിയായിരുന്ന കലാം രാജിവയ്ക്കാന്‍ ആലോചിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്ന എസ് എം ഖാനാണ് വെളിപ്പെടുത്തിയത്. പിന്നീട്, രാമേശ്വരത്തുള്ള സഹോദരനുമായുള്ള കൂടിയാലോചനയ്ക്കു ശേഷം കലാം തീരുമാനം മാറ്റുകയായിരുന്നെന്നും ഖാന്‍ ഭുവനേശ്വറിലെ എസ്ഒഎ സര്‍വകലാശാലയില്‍ മൈ ഡേയ്‌സ് വിത്ത് ദ ഗ്രേറ്റസ്റ്റ് ഹ്യൂമന്‍ സോള്‍ എവര്‍ എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ ഖാന്‍ പറഞ്ഞു.

നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള പ്രഖ്യാപനം സുപ്രീം കോടതി അസാധുവാക്കിയത് കലാമിനെ ഏറെ അസ്വസ്ഥനാക്കി. ഗവര്‍ണര്‍ ഭൂട്ടാസിംഗ് നല്‍കിയ ശിപാര്‍ശ കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. അതു മോസ്‌കോയിലായിരുന്ന കലാമിനു കൈമാറി. അദ്ദേഹം ഒപ്പുവച്ചു. എന്നാല്‍, ഇതു ചെയ്യേണ്ടിയിരുന്നില്ലെന്ന് അദ്ദേഹം സുപ്രീം കോടതി നടപടിയെത്തുടര്‍ന്നു പറഞ്ഞിരുന്നു. രാജിവയ്ക്കുന്ന കാര്യം ഗൗരവമായി ആലോചിച്ചിരുന്നെങ്കിലും രാഷ്ട്രത്തെ ഒരു ഭരണഘടനാ പ്രതിസന്ധിയിലേക്കു തള്ളിവിടേണ്ടെന്ന ഉപദേത്തിന്റെ അടിസ്ഥാനത്തില്‍ പിന്‍മാറുകയായിരുന്നു.

എങ്ങനെയാണ് കലാം ഒരു ടെക്‌സാവി രാഷ്ട്രപതിയായതെന്നും ഖാന്‍ വിശദീകരിച്ചു. വിഷന്‍ 2020ന്റെ രണ്ടു മണിക്കൂര്‍ നീളുന്ന പവര്‍ പോയിന്റ് പ്രസന്റേഷന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും മറ്റു മന്ത്രിമാര്‍ക്കും മുന്നില്‍ അവതരിപ്പിച്ചത് ഓര്‍ത്തുകൊണ്ടായിരുന്നു ഖാന്‍ ഇക്കാര്യം വിശദീകരിച്ചത്. പവര്‍ പോയിന്റ് പ്രസന്റേഷനുകളിലൂടെ കാര്യങ്ങള്‍ വിശദമാക്കുന്നതിലായിരുന്ന കലാമിന് താല്‍പര്യം. വിദേശരാജ്യങ്ങളില്‍നിന്നുള്ള നേതാക്കള്‍ സന്ദര്‍ശനത്തിനു വരുമ്പോള്‍ ചര്‍ച്ചകളിലെ പ്രധാന വസ്തുതകള്‍ പവര്‍ പോയിന്റായി അവതരപ്പിക്കാന്‍ കലാം നിര്‍ബന്ധിക്കുമായിരുന്നു. 2006-ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അവതരിപ്പിച്ച പ്രസന്റേഷന്‍ പൂര്‍ണമായി കണ്ട്, ഇതു മനസിലാക്കാന്‍ ഒരു ശാസ്ത്രജ്ഞനെ വേണ്ടിവരുമെന്നും എങ്കിലും കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമെന്നുമായിരുന്നു കലാമിനോടുള്ള ബുഷിന്റെ മറുപടിയെന്നും ഖാന്‍ ഓര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News