ഇനി കാവിലെ പാട്ടുമത്സരത്തിന് കാണാം; ബ്ലാസ്റ്റേഴ്‌സിനെ അഞ്ചായി മടക്കി പുറത്തെറിഞ്ഞ് ഗോവ സെമിയില്‍; തോല്‍വി ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക്

കൊച്ചി: ബ്ലാസ്‌റ്റേഴ്‌സിനെപ്പറ്റി ഇനി ഒരക്ഷരം മിണ്ടരുത് എന്ന് ഏതെങ്കിലും ഒരു ആരാധകന്‍ പ്രതികരിച്ചാല്‍ കുറ്റം പറയാനാവില്ല. ദയനീയം എന്നതിനേക്കാല്‍ അതിദയനീയം എന്ന പ്രയോഗമാകും കൂടുതല്‍ ശരി. ഐഎസ്എല്‍ രണ്ടാം എഡിഷന്റെ തുടക്കം മുതല്‍ ശരാശരിയിലും താഴെ നിലവാരത്തില്‍ കളിച്ച ഒരു ടീമിന് ഇതില്‍ കൂടുതല്‍ ഒന്നും വരാനില്ല. സ്വന്തം നാട്ടില്‍, കൊച്ചിയില്‍ ഗോവയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിയും ടീമിന്റെ ഐഎസ്എല്ലിലെ ആകെ പ്രകടനത്തെയും ഇങ്ങനെ വിലയിരുത്തിയാലും തെറ്റില്ല.

കളി തുടങ്ങി രണ്ടാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടി. വലത് വിങ്ങില്‍നിന്ന് അന്റോണിയോ ജര്‍മന്‍ നല്‍കിയ പാസ് വിക്ടര്‍ പുള്‍ഗ കട്ട് ചെയ്ത് ഗോവന്‍ വലയിലാക്കി. കേരളത്തിന് ആദ്യ ഗോള്‍. മുന്നിലെത്തിയതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ചില ജയപ്രതീക്ഷ മനസില്‍ കണ്ടു. തുടക്കത്തില്‍ 85 ശതമാനം സമയം പന്ത് കൈവശം വച്ചത് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍. കണി കാണാന്‍ പോലും ഗോവയ്ക്ക് പന്ത് കിട്ടിയില്ല. പക്ഷേ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയാന്‍ എടുത്തത് കേവലം പത്ത് മിനുട്ട് മാത്രം സമയം.

പന്ത്രണ്ടാം മിനുട്ടില്‍ ജൊഫ്രി മതേവു ഗോണ്‍സാലെസ് ഗോള്‍ മടക്കി. സ്‌കോര്‍ ഒപ്പത്തിനൊപ്പം. പിന്നൊന്നും ഓര്‍മ്മിക്കാന്‍ കേരള താരങ്ങള്‍ക്ക് കഴിഞ്ഞില്ല. എല്ലാം എഫ്‌സി ഗോവ ഒറ്റയ്ക്ക് ചെയ്തു തീര്‍ത്തു. കാല്‍പന്തുകളിയില്‍ ഗോവന്‍ കരുത്ത് നോക്കി നില്‍ക്കാനേ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞുള്ളൂ.

പിന്നെ ഗോവന്‍ തേര് കൊച്ചിയില്‍ തെളിച്ചത് റെയ്‌നാള്‍ഡോ ആയിരുന്നു. 29-ാം മിനുട്ടില്‍ റെയ്‌നാള്‍ഡോയുടെ ആദ്യ ഗോള്‍. ലിയോ മൗറ നല്‍കിയ പാസ് റെയ്‌നാള്‍ഡോ ഗോള്‍ ആക്കി മാറ്റി. ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഗോവയ്ക്ക് ഒരു ഗോളിന്റെ ലീഡ്. സ്‌കോര്‍ 2-1.

ആദ്യ പകുതി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ ഗോവന്‍ ഗോള്‍വലയുടെ അടുത്ത് വരെ എത്തിയെങ്കിലും പുള്‍ഗയ്ക്ക് ഫിനിഷ് ചെയ്യാനായില്ല. ഇടവേളയ്ക്ക് തൊട്ടുമുമ്പ് യോസു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.

ഇടവേളയ്ക്ക് ശേഷം പിന്നെ കണ്ടത് റെയ്‌നാള്‍ഡോയുടെ ഗോള്‍ വേട്ട. 50-ാം മിനുട്ടില്‍ രണ്ടാം ഗോള്‍. മന്ദാര്‍ ദേശായി നല്‍കിയ പാസ് റെയ്‌നാള്‍ഡോ ഒരു വീഴ്ചയും കൂടാതെ പൂര്‍ത്തിയാക്കി. സ്‌കോര്‍ 3-1.

61-ാം മിനുട്ടില്‍ നേടിയ ഗോളോടെയായിരുന്നു റെയ്‌നാള്‍ഡോയുടെ ഹാട്രിക് നേട്ടം. ഇടത് വശത്ത് നിന്ന് സിഎസ് സബീത് നല്‍കിയ പാസ് ബ്ലാസ്റ്റേഴ്‌സിന്റെ വലയിലാക്കി. ഇതോടെ റെയ്‌നാള്‍ഡോ ഈ സീസണിലെ മൂന്നാം ഹാട്രിക് പൂര്‍ത്തിയാക്കി. സ്‌കോര്‍ 4-1. നാലാം ഗോളോടെ കരകയറാനാകാത്ത കുഴിയിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് വീണു. സെമി പ്രവേശനത്തിന് എഫ്‌സി ഗോവയ്ക്ക് മിനുട്ടുകളുടെ മാത്രം ദൂരം.

അടുത്ത ഊഴം മന്ദര്‍ ദേശായിയുടേതായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി ദേശായി അടിച്ചുകയറ്റി. ഇടത് വിംഗില്‍ നിന്ന് ലിയോ മോറ നല്‍കിയ പാസ് ഗോള്‍ പോസ്റ്റിന് അടുത്ത് നിന്ന് അടിച്ചുകയറ്റുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി വെറും കാഴ്ചക്കാരനായി നിന്നു.

ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കാണാന്‍ സച്ചിനും എത്തിയിരുന്നു. ടീമിന്റെ ദയനീയ പ്രകടനം കണ്ട് താടിക്ക് കൈയ്യും കൊടുത്ത് ഇരിക്കാനേ ക്രിക്കറ്റിന്റെ ദൈവത്തിന് കഴിഞ്ഞുള്ളൂ.

ജയത്തോടെ എഫ്‌സി ഗോവ സെമിഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു. 13 മത്സരങ്ങളില്‍നിന്ന് 22 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് എഫ്‌സി ഗോവ. ആറ് ജയങ്ങളാണ് ഇതുവരെ ഗോവയുടെ അക്കൗണ്ടിലുള്ളത്. ലീഗ് റൗണ്ടില്‍ ഇനി ഒരു മത്സരം കൂടി ഗോവയ്ക്ക് ബാക്കിയുണ്ട്.

13 മത്സരങ്ങളില്‍ നിന്ന് 6 ജയം ഉള്‍പ്പടെ 23 പോയിന്റുമായി അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ആണ് ഒന്നാമത്. 12 കളികളില്‍നിന്ന് 21 പോയിന്റുമായി ഡെല്‍ഹി ഡൈനാമോസ് മൂന്നാമതും 17 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നാലാം സ്ഥാനത്തുമാണ്.

കളിച്ച 13 മത്സരങ്ങളില്‍ 7 എണ്ണത്തിലും തോറ്റ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ വാലറ്റത്താണ്. സീസണില്‍ ആകെ മൂന്ന് മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായത്. സീസണില്‍ കേരളത്തിന്റെ അവസാന മത്സരം ഡിസംബര്‍ മൂന്നിന് ഡല്‍ഹി ഡൈനാമോസിനെതിരെ അവരുടെ തട്ടകത്തിലാണ്. ബ്ലാസ്‌റ്റേഴ്‌സിനെതിരെ വിജയിക്കാനായാല്‍ ഡെല്‍ഹിയ്ക്ക് സെമി ബര്‍ത്ത് ഉറപ്പിക്കാനാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News