അസഹിഷ്ണുത ലോക്‌സഭയില്‍ ചര്‍ച്ചയാകും; സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നോട്ടീസിന് സ്പീക്കറുടെ അംഗീകാരം; ജിഎസ്ടിയില്‍ പകുതി ആശ്വാസവുമായി കേന്ദ്ര സര്‍ക്കാര്‍

ദില്ലി: രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുത തിങ്കളാഴ്ച ലോക്‌സഭയില്‍ ചര്‍ച്ചയാകും. സിപിഐഎമ്മും കോണ്‍ഗ്രസ്സും നല്‍കിയ നോട്ടീസ് സ്പീക്കര്‍ അംഗീകരിച്ചു. ചരക്ക് സേവന നികുതി ബില്‍ നടപ്പു സമ്മേളനത്തില്‍ പാസ്സാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.

ശീതകാല സമ്മേളനത്തിന്റെ ആദ്യരണ്ട് ദിവസങ്ങളില്‍ ഭരണഘടന സംബന്ധിച്ച പ്രത്യേക ചര്‍ച്ച ആയതിനാല്‍ പ്രക്ഷൂബ്ധമല്ലാത്ത അന്തരീക്ഷത്തിലൂടെയാണ് സഭ കടന്നു പോയത്. ചര്‍ച്ചയ്ക്കിടെ അസഹിഷ്ണുതാ വിഷയം പല തവണ പരാമര്‍ശിക്കപ്പെട്ടെങ്കിലും വിശദമായ ചര്‍ച്ച ഉണ്ടായിരുന്നില്ല. ദാദ്രി ബീഫ് കൊലപാതകം ഉള്‍പ്പെടെയുള്ള സമീപകാല സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ചൂടേറിയ ചര്‍ച്ചയായായിരിക്കും തിങ്കളാഴ്ച ലോക്‌സഭയില്‍ ഉണ്ടാകുക.

അസഹിഷ്ണുത ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് സിപിഐഎമ്മും കോണ്‍ഗ്രസ്സും നല്‍കിയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നല്‍കിയിട്ടുണ്ട്. സിപിഐഎമ്മില്‍ നിന്നും പി കരുണാകരനും കോണ്‍ഗ്രസ്സില്‍ നിന്നും കെസി വേണുഗോപാലുമാണ് നോട്ടീസ് നല്‍കിയത്. വോട്ടെടുപ്പ് ഇല്ലാത്ത ചര്‍ച്ചയ്ക്കാണ് സ്പീക്കര്‍ അനുമതി നല്‍കിയിട്ടുള്ളത്.

അതേസമയം ചരക്ക് സേവനനികുതി ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സ് അയഞ്ഞതാണ് സര്‍ക്കാറിന്റെ ആശ്വാസം. പ്രധാനമന്ത്രി നരേന്ദ്ര മോഡി സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ്ങ് എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ സമവായം ഉണ്ടായെന്നാണ് സൂചന. എന്നാല്‍ ഇതു സംബന്ധിച്ച് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇതുവരെ മനസ്സ് തുറന്നിട്ടില്ല.

കോണ്‍ഗ്രസ്സുമായി മാത്രം ചര്‍ച്ച നടത്തിയ സര്‍ക്കാര്‍ നടപടിയില്‍ മറ്റ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അതൃപ്തിയുണ്ട്. ബില്‍ നടപ്പു സമ്മേളനത്തില്‍ പാസ്സാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷയെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here