പാനായിക്കുളം സിമി ക്യാമ്പ് കേസ്; രണ്ടുപ്രതികള്‍ക്ക് ജീവപര്യന്തം തടവ്; മൂന്നുപേര്‍ക്ക് 12 വര്‍ഷം തടവ്

കൊച്ചി: പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ രണ്ടുപ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. ഒന്നാം പ്രതി ഷാദുലി, രണ്ടാം പ്രതി അബ്ദുള്‍ റാസിഖ് എന്നിവര്‍ക്കാണ് 14 വര്‍ഷം തടവുശിക്ഷ വിധിച്ചത്. ഇവര്‍ 60,000 രൂപ പിഴയൊടുക്കണം. മറ്റു മൂന്നു പ്രതികളായ ആലുവ കുഞ്ഞുണ്ണിക്കര പെരുന്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ്‌വി, പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍, ഈരാറ്റുപേട്ട അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്ന ഷമ്മാസ് എന്നിവര്‍ക്ക് 12 വര്‍ഷം വീതം തടവും ശിക്ഷ വിധിച്ചു. ഈമൂന്നു പേരും 55,000 രൂപ പിഴയൊടുക്കുകയും വേണം. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസമാണ് കേസിലെ ആദ്യത്തെ അഞ്ചു പ്രതികളെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. പ്രതികളായ മറ്റു 11 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.

പ്രതികള്‍ക്ക് പരമവധി ശിക്ഷ നല്‍കുന്നതാകണം വിധിയെന്നാണ് പ്രോസിക്യൂഷന്‍ വാദം. കേരളത്തിലെ ആദ്യത്തെ തീവ്രവാദ കേസ് എന്ന നിലയിലാണ് പാനായിക്കുളം സിമി ക്യാമ്പ് കേസ് ശ്രദ്ധേയമാകുന്നത്. സ്വാതന്ത്ര്യദിനത്തില്‍ ആലുവക്കടുത്ത് പാനായിക്കുളത്ത് നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ യോഗം ചേര്‍ന്നെന്നാണ് കേസ്. കേസിലെ ആറു മുതല്‍ പന്ത്രണ്ടു വരെ പ്രതികളെയാണ് വെറുതെവിട്ടത്. രണ്ടും മൂന്നും പ്രതികളായ റാസിഖിനും അന്‍സാര്‍ നദ്‌വിക്കുമെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മറ്റു മൂന്ന് പ്രതികള്‍ക്കെതിരെ ഗൂഢാലോചന കുറ്റങ്ങളും യു.എ.പി.എ.യും ചുമത്തിയിട്ടുണ്ട്. ഒന്നാം പ്രതി പി.എ. ഷാദുലിയും അന്‍സാര്‍ നദ്വിയും 2008ലെ അഹമ്മദാബാദ് സ്‌ഫോടനപരമ്പര കേസിലും വാഗമണ്‍ സിമി ക്യാമ്പ് കേസിലും പ്രതികളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here