മുഖ്യമന്ത്രിക്കെതിരെ ജേക്കബ് തോമസ് കോടതിയിലേക്ക്; അനുമതി തേടി ഡിജിപിക്ക് കത്തയച്ചു; ജേക്കബ് തോമസിനെതിരായ നടപടിക്ക് മുഖ്യമന്ത്രി നിയമോപദേശം തേടി

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലാദ്യമായി ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഫ് ളാറ്റ് മാഫിയക്കെതിരെ നടപടിയെടുത്ത തന്നെ ജനവിരുദ്ധനായി ചിത്രീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നിയമനടപടിക്ക് അനുവാദം തേടി ഡിജിപി ജേക്കബ് തോമസ്, സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ചു. തനിക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരസ്യവിമര്‍ശനങ്ങള്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം. പത്തു ദിവസത്തിനകം മുഖ്യമന്ത്രി പ്രസ്താവന തിരുത്തിയില്ലെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കാന്‍ അനുവദിക്കണമെന്നു കാണിച്ചാണ് കത്തു നല്‍കിയത്. കത്ത് സെന്‍കുമാര്‍ ചീഫ് സെക്രട്ടറി ജിജി തോംസണു കൈമാറി. അതേസമയം, സംഭവത്തില്‍ ജേക്കബ് തോമസ് ഐപിഎസിനെതിരെ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്. നടപടി എടുക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി നിയമോപദേശം തേടി.

ഡിജിപി ടി.പി. സെന്‍കുമാര്‍ ചീഫ് സെക്രട്ടറി ജിജി തോംസണെ ഏല്‍പിച്ച കത്ത് ഇന്നലെ രാത്രി മുഖ്യമന്ത്രിക്കു കൈമാറി. സംസ്ഥാന പൊലീസ് ചരിത്രത്തില്‍ ആദ്യമായാണ് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിക്കെതിരേ നിയമനടപടിക്കൊരുങ്ങുന്നത്. ജനാഭിലാഷം നിറവേറ്റിയ ഐ.പി.എസ്. ഉദ്യോഗസ്ഥനാണു താനെന്ന് പൊലീസ് മേധാവിക്കു നല്‍കിയ കത്തില്‍ ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. ജനങ്ങളുടെ സുരക്ഷയ്ക്കായാണ് ഫ് ളാറ്റ് മാഫിയയെ നിയന്ത്രിക്കാന്‍ നടപടി എടുത്തത്. നിയമം നടപ്പാക്കിയതിനു തന്നെ ജനവിരുദ്ധനാക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചു. നിയമം നടപ്പാക്കാത്തവനാണ് താനെന്ന് മുദ്രകുത്തി. സ്വന്തം ഇച്ഛയ്‌ക്കൊത്തു നില്‍ക്കാത്തവരെ ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്തുന്ന പരിപാടിയാണിത്. ഈ ഭീഷണിയുടെ പശ്ചാത്തലത്തിലാണു നിയമനടപടി തേടാന്‍ താന്‍ നിര്‍ബന്ധിതനായതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മൂന്നുനിലയ്ക്കു മുകളിലുള്ള കെട്ടിടങ്ങളില്‍ തീപിടിത്തമൊഴിവാക്കാന്‍ നടപടിയെടുത്തതിനാണു തന്നെ വികസന വിരോധിയും സര്‍ക്കാര്‍വിരുദ്ധനും ആണെന്ന് മുഖ്യമന്ത്രി ആരോപിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവന അപകീര്‍ത്തികരമാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥനെന്ന പരിഗണനപോലും അദ്ദേഹം തനിക്കു നല്‍കിയില്ല. തനിക്കുശേഷം ഫയര്‍ഫോഴ്‌സ് മേധാവിയായ എഡിജിപി അനില്‍കാന്തും തന്റെ നിലപാടുകള്‍ ശരിയാണെന്നു സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നിട്ടും മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിക്കുകയോ തിരുത്തുകയോ ചെയ്തില്ല. ഈ സാഹചര്യത്തിലാണു മുഖ്യമന്ത്രിക്കെതിരേ സിവിലായും ക്രിമിനലായും കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്. 10 ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നു നടപടിയുണ്ടായില്ലെങ്കില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്നു ജേക്കബ് തോമസ് കത്തില്‍ ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു ജേക്കബ്ബ് തോമസ്. ആകാശത്തിലെ പറവകളെ മാത്രം നോക്കിയാല്‍ പോരെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ആകാശത്തിലെ പറവകള്‍ക്ക് കൂടൊരുക്കിയാല്‍ മാത്രം പോര. അവ വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യുന്നില്ല. വിതയ്ക്കുകയും കൊയ്യുകയും ചെയ്യുന്നവരെയും ശ്രദ്ധിക്കണമെന്നും പോസ്റ്റില്‍ പറയുന്നു. മുകളിലേക്കാണ് താഴേക്കല്ല വളരേണ്ടതെന്ന് നേരത്തെ മുഖ്യമന്ത്രി ജേക്കബ് തോമസിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി ഉത്തരവു സംബന്ധിച്ച്, സത്യം ജയിച്ചെന്നായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം. ഫഌറ്റ് മാഫിയയെ നിയന്ത്രിച്ചതിന്റെ പേരിലാണു ഫയര്‍ഫോഴ്‌സ് മേധാവിസ്ഥാനത്തുനിന്നു തന്നെ നീക്കിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നു ജേക്കബ് തോമസിനോടു സര്‍ക്കാര്‍ വിശദീകരണമാവശ്യപ്പെട്ടു. എന്നാല്‍, മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും വിമര്‍ശിച്ചിട്ടില്ലെന്നും സര്‍ക്കാര്‍നയം നടപ്പാക്കുക മാത്രമാണു ചെയ്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സുരക്ഷാചട്ടങ്ങള്‍ ലംഘിച്ചു പടുത്തുയര്‍ത്തിയ 77 വന്‍കിട കെട്ടിട ഉടമകള്‍ക്കെതിരേ നടപടിയെടുത്ത ജേക്കബ് തോമസിനെ വിമര്‍ശിച്ചു പോലീസ് മേധാവി സെന്‍കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതും വിവാദമായിരുന്നു. സര്‍ക്കാരിനെതിരേ പരാതിയുണ്ടെങ്കില്‍ അരവിന്ദ് കെജ്‌രിവാളിനെപ്പോലെ ജോലി രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങാനായിരുന്നു സെന്‍കുമാറിന്റെ ഉപദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News