ബാര്‍ കോഴ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം നടുത്തളത്തിലിറങ്ങി; സഭ ഇന്നത്തേക്ക് പിരിഞ്ഞു; കേസില്‍ ഇരട്ടനീതിയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്നു. കെ ബാബുവിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്നത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ സഭയെ അറിയിച്ചു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് പുറത്തേക്ക് പോയി. ബാര്‍ കോഴയില്‍ ബാബുവിനെതിരെ സാധ്യമായ അന്വേഷണം എല്ലാം നടത്തിയിട്ടുണ്ടെന്നും തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല സഭയെ അറിയിച്ചു. ചെന്നിത്തലയുടെ വിശദീകരണത്തെ തുടര്‍ന്നാണ് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചത്. എന്നാല്‍, പിടിച്ചതിനേക്കാള്‍ വലുതാണ് അളയിലിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പരഹസിച്ചു.

കെഎം മാണിയെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ ഒടുക്കം വരെ സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നിട്ടും മാണിക്ക് പുറത്തു പോകേണ്ടി വന്നു. ഒരു കോടി വാങ്ങിയ മാണി പുറത്തു പോയപ്പോള്‍ പത്തു കോടി വാങ്ങിയ ബാബു അകത്തുണ്ട്. പിടിച്ചതിനേക്കാള്‍ വലുതാണ് അളയിലുള്ളത്. അന്വേഷണം ശരിയായ ദിശയില്‍ നടന്നാല്‍ ബാബു മാത്രമല്ല ഉമ്മന്‍ചാണ്ടിയും കുടുങ്ങും. അതുകൊണ്ടാണ് ബാബുവിനെ സംരക്ഷിക്കുന്നത്. ബാബു കൈപറ്റിയ പണത്തിന്റെ പങ്ക് പുതുപ്പള്ളിയില്‍ എത്തിയോ എന്ന് സംശയിക്കണം. കാര്യങ്ങള്‍ നേരാംവണ്ണം മുന്നോട്ട് പോയാല്‍ മാണിക്കു വേണ്ടി പൂജപ്പുരയുടെ വാതിലുകള്‍ തുറക്കപ്പെടും. വൈകൊ തന്നെ ബാബുവിനും മറ്റു മന്ത്രിമാര്‍ക്കു വേണ്ടിയും പൂജപ്പുരയുടെ വാതിലുകള്‍ തുറക്കപ്പെടുമെന്നും വിഎസ് പറഞ്ഞു. തുടര്‍ന്നാണ് പ്രതിഷേധവുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയത്.

ഒരേ പന്തിയില്‍ രണ്ടുതരം സദ്യ വിളമ്പുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടി സംസാരിച്ച പ്രതിപക്ഷം ആരോപിച്ചു. ആരോപണം ഉണ്ടായപ്പോഴേക്കും കെ എം മാണിക്കെതിരെ ക്വിക് വെരിഫിക്കേഷനും എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍ ബാബുവിന്റെ കാര്യത്തില്‍ മൗനം പാലിച്ചു. ബാബുവിനെതിരെ വിജിലന്‍സ് മാനുവലില്‍ പോലും ഇല്ലാത്ത പ്രാഥമികാന്വേഷണം നടത്തി കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍, വ്യവസ്ഥാപിതമായ എല്ലാ അന്വേഷണവും ബാബുവിനെതിരെ നടത്തിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആരോപണത്തില്‍ നടപടി സ്വീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ വേണ്ട അന്വേഷണം എല്ലാം നടത്തിക്കഴിഞ്ഞതാണ്. തുടരന്വേഷണം നടത്തേണ്ടതില്ലെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം വേണ്ടതില്ലെന്ന് തീരുമാനിച്ചത്.

എന്നാല്‍, ബാബുവിനും മാണിക്കും രണ്ടുതരം നീതിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കെഎം മാണിക്ക് ഉപയോഗിച്ച നിയമം എന്തുകൊണ്ട് ബാബുവിന് ബാധകമായില്ല. അഴിമതി സര്‍ക്കാരിന്റെ മുഖമുദ്രയാണ്. നിയമങ്ങള്‍ കാറ്റില്‍ പറത്തുകയാണ്. ഒരു കോടി വാങ്ങിയയാള്‍ പുറത്തും പത്തു കോടി വാങ്ങിയയാള്‍ അകത്തും എന്ന അവസ്ഥയാണ്. അഴിമതികേസുകളുടെ എല്ലാം ഉറവിടം മുഖ്യമന്ത്രിയാണെന്നും കോടിയേരി പറഞ്ഞു. എന്നാല്‍, രണ്ടും രണ്ടുതരം കേസാണെന്നായിരുന്നു ചെന്നിത്തലയുടെ വിശദീകരണം. രണ്ടുതരം കേസാണ് രണ്ടും. അത് അങ്ങനെ തന്നെ കാണണം. സര്‍ക്കാര്‍ രണ്ടുനീതി കാണിച്ചിട്ടില്ല. മാണിയുടെ കേസില്‍ ആരോപണം തെറ്റാണെന്ന തരത്തില്‍ മൊഴി ലഭിച്ചിട്ടില്ല. എന്നാല്‍, കെ ബാബുവിന്റെ കാര്യത്തില്‍ തുടക്കത്തില്‍ തന്നെ ആരോപണം തെറ്റാണെന്ന് മൊഴി ലഭിച്ചു. അതുകൊണ്ടാണ് ബാബുവിന്റെ കാര്യത്തില്‍ തുടരന്വേഷണം നടത്താതിരുന്നത്. വിന്‍സന്‍ എം പോള്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും രമേശ് ചെന്നിത്തല സഭയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News