തിരുവനന്തപുരം: പാരിസില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് കൈരളി ന്യൂസ് ഓണ്‍ലൈന്‍ പ്രതിനിധിയും. കൈരളി പീപ്പിള്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ രാജേന്ദ്രന്‍ പാരിസില്‍നിന്നു കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കും.
ഇന്ന് ഉച്ചകോടിക്കു തുടക്കമാകും. പതിനൊന്നുവരെയാണ് വിവിധ സെഷനുകളിലായി കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനുള്ള ആഗോള ഉടമ്പടിക്ക് രൂപംനല്‍കാന്‍ ഉച്ചകോടി ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് എന്നിവരുള്‍പ്പെടെ ലോകത്തെ 150 രാജ്യങ്ങളുടെ തലവന്മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. വിവിധ സെഷനുകളിലായി ഏകദേശം 40,000 പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോണ്‍ഫറന്‍സ് ഓഫ് പാര്‍ടീസ്-21(കോപ്-21) എന്ന് പേരിട്ടിരിക്കുന്ന സമ്മേളനത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനവും കുറച്ചു ഭാവിയില്‍ ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ആഗോള ഉടമ്പടി രൂപീകരിക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം. 1992ല്‍ യുഎന്‍ രൂപീകരിച്ച കോണ്‍ഫറന്‍സ് പാര്‍ടീസിന്റെ 21-ാമത് സമ്മേളനമാണിത്.
2009ല്‍ ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലാണ് ഇതിനുമുമ്പ് ഉച്ചകോടി നടന്നത്. അന്ന് 115 രാഷ്ട്രത്തലവന്മാര്‍ പങ്കെടുത്തു. അതില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ രാജ്യങ്ങളെ പങ്കെടുപ്പിക്കാനും നേതാക്കള്‍ അവസാന സെഷനുകളില്‍ പങ്കെടുക്കുന്നതിനു പകരം അവരെ ആദ്യദിനം മുതല്‍തന്നെ പങ്കെടുപ്പിക്കാനുമാണ് ഇത്തവണ സംഘാടകര്‍ ശ്രമിച്ചത്.
ഉച്ചകോടിയില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ ഉടമ്പടി രൂപംകൊള്ളുമെന്ന് കഴിഞ്ഞദിവസം ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വ ഓളന്ദ് പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍, രാജ്യങ്ങള്‍ക്കിടയില്‍ ഇപ്പോഴും അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനാല്‍ ഇത് എത്രത്തോളം സാധിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കപോലുള്ള വികസിത രാജ്യങ്ങള്‍ക്ക് നിര്‍ബന്ധമാക്കുന്ന അളവുകോലുകള്‍ തങ്ങള്‍ക്ക് ബാധകമാക്കരുതെന്ന് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
നിയമപരമായ ഒരു ഉടമ്പടിയില്‍ ഒപ്പുവയ്ക്കാന്‍ അമേരിക്ക തയ്യാറായേക്കില്ല. റിപ്പബ്‌ളിക്കന്‍ പാര്‍ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ ഇത് പാസാക്കിയെടുക്കാന്‍ ഒബാമയ്ക്ക് കഴിയില്ല എന്നതുതന്നെയാണ് കാരണം. വിശാലവും സമ്പൂര്‍ണ പങ്കാളിത്തവുമുള്ള ഉടമ്പടിയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് അമേരിക്ക വ്യക്തമാക്കി. അതിനിടെ ഹരിതഗൃഹവാതക ബഹിര്‍ഗമനം, കാര്‍ബണ്‍ എന്നീ വിഷയങ്ങളില്‍ പശ്ചാത്യരാജ്യങ്ങള്‍ നടപടി കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതിപ്രവര്‍ത്തകര്‍ പാരീസില്‍ പ്രകടനം നടത്തി. പല പരിസ്ഥിതിപ്രവര്‍ത്തകരും കരുതല്‍ തടങ്കലിലാണ്. കഴിഞ്ഞദിവസമുണ്ടായ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പാരിസില്‍ ഒരുക്കിയിരിക്കുന്നത്.
ദ എനര്‍ജി ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക സ്‌കോളര്‍ഷിപ്പോടെയാണ് രാജേന്ദ്രന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. പട്ടാമ്പി സ്വദേശിയായ കെ രാജേന്ദ്രന്‍ ദീര്‍ഘകാലം പീപ്പിള്‍ ടിവിയുടെ ദില്ലി ബ്യൂറോയില്‍ റിപ്പോര്‍ട്ടറും ബ്യൂറോ ചീഫുമായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരത്തെ സെന്‍ട്രല്‍ ന്യൂസ് ഡെസ്‌കില്‍ സീനിയര്‍ ന്യൂസ് എഡിറ്ററാണ്.

Get real time update about this post categories directly on your device, subscribe now.