നൗഷാദിനെ അപമാനിച്ച് പ്രസ്താവന; വെള്ളാപ്പള്ളിയെ അറസ്റ്റു ചെയ്യണമെന്ന് വിഎസും കോടിയേരിയും

തിരുവനന്തപുരം: കോഴിക്കോട്ട് മാന്‍ഹോളില്‍ വീണവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മരണപ്പെട്ട നൗഷാദിന്റെ മരണത്തെ വര്‍ഗീയ വത്കരിച്ച് പ്രസ്താവന നടത്തിയ വെള്ളാപ്പള്ളി നടേശനെ അറസ്റ്റു ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും.

വെള്ളാപ്പള്ളിയുടെ പ്രസ്താവന അത്യന്തം നീചവും നിഷ്ഠൂരവുമാണ്. എത്രയും വേഗം വെള്ളാപ്പള്ളിയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും വിഎസ് തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു. വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കുന്ന പ്രസ്താവന നടത്തിയ വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ സന്ദേശം നല്‍കിയ നൗഷാദിനെ ആദരിക്കുന്നതും കുടുംബത്തിന് സഹായം നല്‍കുന്നതും മുസ്ലീം ആയതുകൊണ്ടാണെന്നും മറ്റുമുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവന സാമുദായിക സംഘര്‍ഷങ്ങള്‍ കുത്തിപ്പൊക്കുന്നതിനുള്ള ഗൂഢപദ്ധതികളുടെ ഭാഗമാണ്. നൗഷാദ് എന്ന മനുഷ്യസ്‌നേഹിയെ അധിക്ഷേപിച്ചുയെന്ന് മാത്രമല്ല സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രചാരവേലയും വെള്ളാപ്പള്ളി നടത്തിയിരിക്കുകയാണ്. വെള്ളാപ്പള്ളി നടേശനെതിരെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചതിന് കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സമത്വമുന്നേറ്റ യാത്രയ്ക്കിടെ വെള്ളാപ്പള്ളി നടേശന്‍ നൗഷാദിനെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവന വ്യാപകമായി പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. നൗഷാദ് മുസ്ലീം ആയതിനാലാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചതെന്നും, ഒരു ഹിന്ദുവാണ് അത് ചെയ്തിരുന്നതെങ്കില്‍ സഹായം ലഭിക്കില്ലായിരുന്നുവെന്നും ആണ് വെള്ളാപ്പള്ളി പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here