പാലക്കാട്ടെ മാവോയിസ്റ്റ് സംഘത്തില്‍ രണ്ടു സ്ത്രീകളടക്കം നാലുപേരെന്ന് പൊലീസ്; കൂടുതല്‍ പരിശോധനയ്ക്കു തണ്ടര്‍ബോള്‍ട്ടിനെ നിയോഗിച്ചു

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് വനമേഖലയില്‍ ഇന്നലെ പൊലീസുമായി ഏറ്റുമുട്ടിയത് നാലു മാവോയിസ്റ്റുകള്‍. പ്രദേശത്തു കൂടുതല്‍ പരിശോധനയ്ക്കു തണ്ടര്‍ബോള്‍ട്ട് സംഘത്തെ നിയോഗിച്ചതായും പൊലീസ് വ്യക്തമാക്കി. ഇന്നലെ വൈകീട്ടാണ് തിരുവിഴാംകുന്ന് അമ്പലപ്പാറ വനമേഖലയില്‍ മാവോയിസ്റ്റ് – പോലീസ് ഏറ്റുമുട്ടല്‍ നടന്നത്.

തിരുവിഴാംകുന്ന് അമ്പലപ്പാറ ആദിവാസി ഊരില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ഉള്‍വനത്തില്‍ ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. മാവോയിസ്റ്റ് സംഘം, വനത്തിനുളളില്‍ തിരച്ചില്‍ നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. അഗളി സി ഐ ദേവസ്യയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 4 പേരടങ്ങുന്ന മാവോയിസ്റ്റ് സംഘത്തില്‍ 2 വനിതകളുണ്ടായിരുന്നതായി പാലക്കാട് ജില്ലാ പോലീസ് മേധാവി എന്‍. വിജയകുമാര്‍ പറഞ്ഞു.

സംഭവം അറിഞ്ഞ് എസ് പി അടക്കമുളള പോലീസ് ഉദ്യോഗസ്ഥര്‍ അമ്പലപ്പാറയിലെത്തി.
മണ്ണാര്‍ക്കാട് തത്തേങ്ങലം, തിരുവിഴാംകുന്ന് പ്രദേശങ്ങളില്‍ രണ്ട് ദിവസം മുമ്പ് അഞ്ച് ആയുധധാരികളെ കണ്ടതായി നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒന്നര മാസം മുമ്പും അട്ടപ്പാടി കടുകുമണ്ണ വനമേഖലയില്‍ മാവോയിസ്റ്റ് പോലീസ് വെടിവെപ്പ് നടന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News