വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രസംഗം നടത്തിയതിന് വെള്ളാപ്പള്ളിക്കെതിരെ കേസ്; ആലുവ പൊലീസ് കേസെടുത്തത് ജാമ്യമില്ലാ വകുപ്പ് പ്രകാരം

തിരുവനന്തപുരം: വര്‍ഗീയ വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചതിന് വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് അനുസരിച്ചാണ് കേസെടുത്തത്. വര്‍ഗീയ വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ആലുവ പൊലീസ് കേസെടുത്തത്.

ജാതി സ്പര്‍ദ്ദയും വര്‍ഗ്ഗീയ സ്പര്‍ദ്ദയും വളര്‍ത്താന്‍ വെള്ളാപ്പള്ളി നടേശന്‍ ശ്രമിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. നികൃഷ്ടമായ സമീപനമാണ് വെള്ളാപ്പള്ളിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. വെള്ളാപ്പള്ളിയുടെ സമീപനം അപകടകരമാണ്. വര്‍ഗീയ പ്രസ്താവന നടത്തിയ വെള്ളാപ്പള്ളിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കത്ത് നല്‍കി. ഇതനുസരിച്ച് നിയമവശം പരിശോധിച്ചതിന് ശേഷമാണ് പൊലീസ് കേസെടുത്തത്.

നൗഷാദിന്റേതിന് സമാന സ്വഭാവമുള്ള മരണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരു മടിയും കൂടാതെയാണ് സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നത്. ഇതിന് ജാതി മത രാഷ്ട്രീയ പരിഗണന നല്‍കാറില്ല. ദൗര്‍ഭാഗ്യവശാല്‍ ഈ സംഭവത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമമാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തിയത് എന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിലപാട് വ്യക്തമാക്കി. കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിച്ച നൗഷാദിനെക്കുറിച്ചു വെള്ളാപ്പള്ളി നടത്തിയത് കേരളത്തിന് ചിന്തിക്കാന്‍ പോലും കഴിയാത്ത വര്‍ഗീയതയാണ്. ഇതു നിര്‍ഭാഗ്യകരമായെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

രണ്ടു ജീവനുകള്‍ രക്ഷിക്കാന്‍ ശ്രമിച്ചയാളാണ് നൗഷാദ്. വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശം തികച്ചും വര്‍ഗീയ വിഷം ചീറ്റുന്നതാണ്. പരാമര്‍ശം വേദനാജനകമാണ്. നൗഷാദിന്റെ കുടുംബത്തിന് മാത്രമല്ല സര്‍ക്കാര്‍ സഹായം നല്‍കിയത്. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെ ആദരിക്കേണ്ടതും സഹായിക്കേണ്ടതും സര്‍ക്കാരിന്റെ കടമയാണ്. ഇതാദ്യമല്ല, സര്‍ക്കാര്‍ ഇത്തരത്തില്‍ സഹായം നല്‍കുന്നതെന്നും സഹായം ലഭിച്ചവരുടെ പേരുവിവരങ്ങള്‍ എടുത്തുപറഞ്ഞു മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെയാണ് കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ നൗഷാദിനെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി പ്രസ്താവന നടത്തിയത്. നൗഷാദ് മുസ്ലിം ആയതുകൊണ്ടാണ് സര്‍ക്കാര്‍ ധനസഹായം നല്‍കിയതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വാക്കുകള്‍. വര്‍ഗീയവിഷം വമിപ്പിക്കുന്ന പരാമര്‍ശത്തിനെതിരേ കേരളം ഒന്നടങ്കം രംഗത്തുവന്ന പശ്ചാത്തലത്തിലാണ് പൊലീസ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here