മുഖ്യമന്ത്രിയുമായി നേരിട്ട് പരിചയമുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍; കെ.സി വേണുഗോപാലിന് 35 ലക്ഷവും ആര്യാടന് 15 ലക്ഷവും നല്‍കിയിട്ടുണ്ടെന്നും സോളാര്‍ കമ്മീഷനില്‍ മൊഴി

കൊച്ചി: കെ.സി വേണുഗോപാലിനും ആര്യാടന്‍ മുഹമ്മദിനും താന്‍ പണം നല്‍കിയിട്ടുണ്ടെന്ന് സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണന്‍. കേന്ദ്രമന്ത്രിയായിരിക്കെയാണ് കെസി വേണുഗോപാലിന് രണ്ട് തവണയായി 35 ലക്ഷം രൂപ കൈക്കൂലി നല്‍കിയതെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന്‍ മുമ്പാകെ പറഞ്ഞു.

ആദ്യതവണ 25 ലക്ഷവും രണ്ടാമത് 10 ലക്ഷവും നല്‍കിയെന്നാണ് ബിജുവിന്റെ മൊഴി. ടീം സോളര്‍ കമ്പനിക്ക് പാരമ്പര്യേതര ഊര്‍ജ വകുപ്പിന്റെ അനുമതി കിട്ടാന്‍ വേണ്ടിയായിരുന്നു പണം നല്‍കിയത്. അനര്‍ട്ടിന്റെ ഏജന്‍സിയായി ടീം സോളാറിനെ നിയമിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് പണം നല്‍കിയതെന്നും മൊഴിയിലുണ്ട്. സരിതയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് വേണുഗോപാലുമായി തെറ്റി. കൈക്കൂലി നല്‍കിയ പണം തിരികെ ചോദിച്ചെങ്കിലും എംപി തിരിച്ചു തന്നില്ലെന്നും ബിജു രാധാകൃഷ്ണന്‍ കമീഷന്‍ മുമ്പാകെ പറഞ്ഞു. സോളാര്‍ കമ്മീഷന്‍ സെക്രട്ടറി ദിവാകരന്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ബിജു ആരോപിച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദിന് 15 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും ബിജു ആരോപിച്ചു.

കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ 2011 മുതല്‍ തനിയ്ക്ക് നേരിട്ട് അറിയാമെന്നാണ് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മുമ്പാകെ വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീട്ടിലും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും വെച്ച് മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ടീം സോളാറിന്റെ 5 ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യാനായി മന്ത്രിമാരെ ഏര്‍പ്പാടാക്കി തന്നതെന്നും ബിജു രാധാകൃഷ്ണന്റെ മൊഴിയില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം 5 മന്ത്രിമാര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്. ഈ പണം മുഖ്യമന്ത്രിയുടെ പിഎ ആയിരുന്ന ജോപ്പന്‍ സെക്രട്ടേറിയറ്റിന്റെ കണ്ടോന്‍മെന്റ് ഗേറ്റിനടുത്തുവെച്ചാണ് തന്റെ കൈയില്‍ നിന്നും വാങ്ങിയത്. ടീം സോളാറിന് വേണ്ടി താന്‍ ആദ്യം ബന്ധപ്പെട്ടത് ആലപ്പുഴ എംപി കെസി വേണുഗോപാലിനെയാണ്. കേന്ദ്ര സര്‍ക്കാറിന്റെ എംഎന്‍ആര്‍ഐ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായിരുന്നു അന്നത്തെ കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രികൂടെ ആയിരുന്ന കെസി വേണുഗോപാലിനെ സമീപിച്ചിരുന്നത്. അദ്ദേഹം ആദ്യം 25 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും മൊഴിയിലുണ്ട്.

പണം കെസി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീടിന്റെ പുറകില്‍വച്ച് പിഎയുടെ കൈയില്‍ കൊടുത്തു. കുറച്ച് മാസം കഴിഞ്ഞപ്പോള്‍ 10 ലക്ഷം വീണ്ടും ആവശ്യപ്പെട്ടു. ആ തുകയും ആലപ്പുഴയിലെ വീട്ടിലെത്തിച്ചു നല്‍കി. അങ്ങിനെ രണ്ട് തവണയായി 30 ലക്ഷം നല്‍കിയെങ്കിലും കാര്യം നടന്നില്ല. സരിതയുമായി വേണുഗോപാല്‍ രഹസ്യ ബന്ധം സ്ഥാപിച്ചപ്പോള്‍ താന്‍ വേണുഗോപാലുമായി തെറ്റിയെന്നും പണം തിരികെ ചോദിച്ചു. പക്ഷെ പണം ആരുതന്നു, എപ്പൊ തന്നു എന്നൊക്കെ ചോദിച്ച് പറ്റിച്ചെന്നും ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മുമ്പാകെ മൊഴി നല്‍കി.

ടീം സോളാറിന്റെ തൃപ്പൂണിത്തുറയിലെ ഓഫീസ് ഉദ്ഘാടനം ചെയ്തത് അന്നത്തെ വനം വകുപ്പ് മന്ത്രിയായിരുന്ന കെ.ബി ഗണേഷ് കുമാറായിരുന്നു. വനം വകുപ്പിന്റെ ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിയ്ക്കാന്‍ അനുമതി നല്‍കാമെന്ന് ഗണേശ് വാഗ്ദാനം നല്‍കി. പക്ഷെ അദ്ദേഹത്തിനും കിട്ടണം പണം, 40 ലക്ഷം. സിമിത്തേരി മുക്കിലെ ടീം സോളാറിന്റെ ഓഫീസില്‍ വന്ന് ഗണേഷ് കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫുമാരായ പ്രദീപും മനോജുമാണ് ആ പണം വാങ്ങിക്കൊണ്ടു പോയത്. പിന്നീട് ഗണേഷ് കുമാറുമായും സരിതയ്ക്ക് വഴിവിട്ട ബന്ധം ഉണ്ടാവുകയും അത് ടീം സോളാറിന്റെയും തന്റെ കുടുംബത്തിന്റെയും നാശത്തിന് കാരണമായെന്നുമാണ് ബിജു രാധാകൃഷ്ണന്‍ പറയുന്നത്.

ഇലക്ട്രിസിറ്റി ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിയ്ക്കുന്നതിനും അനര്‍ട്ടിന്റെ അംഗീകാരം ലഭിയ്ക്കുന്നതിനുമായാണ് വൈദ്യുതി മന്ത്രിയായ ആര്യാടന്‍ മുഹമ്മദിനെ സമീപിയ്ക്കുന്നത്. ആര്യാടന്റെ പിഎ കേശവ് വഴിയായിരുന്നു കൂടിക്കാഴ്ച. പക്ഷെ ആര്യാടനും വേണം പണം, 15 ലക്ഷം. കോട്ടയത്ത് കോടിമതയിലുള്ള സുമംഗലി ഓഡിറ്റോറിയത്തില്‍ വൈദ്യുതി ഉദ്യോഗസ്ഥരുടെ സമ്മേളനം നടക്കുന്ന ദിവസം നേരിട്ട് കാണാമെന്നായിരുന്നു കേശവ് അറിയിച്ചത്. അന്നേ ദിവസം പണവുമായി അവിടെ ചെന്നെന്നും 15 ലക്ഷം രൂപ ആര്യാടന്റെ കാറില്‍ വച്ച്‌കൊടുത്തെന്നുമാണ് ബിജു സോളാര്‍ കമ്മീഷനെ ധരിപ്പിച്ചത്.

അതിനിടെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 28-ാം തീയതി സോളാര്‍ കമ്മീഷനിലെത്തിയപ്പോള്‍ കമ്മീഷന്‍ സെക്രട്ടറി സമ്മര്‍ദം ചെലുത്തിയെന്നും ബിജു പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസടക്കം ഇടപെട്ട കാര്യങ്ങള്‍ സെക്രട്ടറിയോട് സംസാരിച്ചപ്പോള്‍ കൂടുതലായൊന്നും കമ്മീഷന് മുന്നില്‍ ഇപ്പോള്‍ പറയണ്ടെന്നും താന്‍ അടുത്ത ദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി അരൂരിലുള്ള ഒരു കല്ല്യാണത്തിന് വരുമ്പോള്‍ കാണുമെന്ന് പറഞ്ഞു. വിശദാംശങ്ങള്‍ തന്റെ അഭിഭാഷകനെ അറിയിച്ചതിന് ശേഷം മാത്രം മുഴുവന്‍ കാര്യങ്ങളും സൂചിപ്പിച്ചാല്‍ മതിയെന്നുമാണ് തന്നോട് കമ്മീഷന്‍ സെക്രട്ടറി പറഞ്ഞതെന്നും ബിജു കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News