സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി സംഭവം; ദില്ലിയിലെ പാക്ക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ച് അന്വേഷണം

ദില്ലി: സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് കഴിഞ്ഞ ദിവസം പിടിയിലായവര്‍ക്ക് ദില്ലിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറില്‍ നിന്ന് സഹായം ലഭിച്ചിരുന്നതായി സൂചന. ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് ദില്ലി പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെ കോടതി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

സൈനിക രഹസ്യങ്ങള്‍ പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐക്ക് ചോര്‍ത്തിയതിന് ബിഎസ്എഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ രണ്ടു പേരെ ദില്ലി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഹെഡ്‌കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റഷീദ്, രജൗരി സ്വദേശി കഫിയതിത്തുള്ള ഖാന്‍ എന്നിവരാണ് പിടിയിലയത്.

ബിഎസ്എഫിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അബ്ദുള്‍ റഷീദ് അതിര്‍ത്തിയിലെ സൈനികവിന്യാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഐഎസ്‌ഐക്ക് ചോര്‍ത്തിയെന്നാണ് പൊലീസ് പറയുന്നത്. വിവരങ്ങള്‍ ചോര്‍ത്തിയ ഇവര്‍ക്ക് ദില്ലിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് ജോയന്റ് കമ്മീഷണര്‍ രവീന്ദ്രയാദവ് അറിയിച്ചു. വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങളാണ് വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിച്ചിരുന്നത് എന്നാണ് കണ്ടെത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here