വെള്ളാപ്പള്ളിയുടെ പരാമര്‍ശം വേദനിപ്പിച്ചു; മതം നോക്കിയല്ല നൗഷാദ് രക്ഷാപ്രവര്‍ത്തനം നടത്തിയത്; പ്രതിഷേധമുണ്ടെന്ന് നൗഷാദിന്റെ കുടുംബം

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ നൗഷാദിന്റെ കുടുംബം രംഗത്ത്. വെള്ളാപ്പള്ളിയുടെ പരാമര്‍ശം തങ്ങളെ വേദനിപ്പിച്ചെന്നും മതം നോക്കിയല്ല നൗഷാദ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും അമ്മാവന്‍ ഹമീദ് പീപ്പിള്‍ ടിവിയോട് പറഞ്ഞു. വെള്ളാപ്പള്ളിയുടെ പരാമര്‍ശം അനാവശ്യ സാഹചര്യത്തിലാണെന്നും അതില്‍ പ്രതിഷേധമുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

ഓടയില്‍ വീണ ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച നൗഷാദിനെതിരെ കഴിഞ്ഞ ദിവസമാണ് വെള്ളാപ്പള്ളി വര്‍ഗീയ പരാമര്‍ശം നടത്തിയത്. നൗഷാദ് മുസ്ലീമായത് കൊണ്ടാണ് സര്‍ക്കാര്‍ സഹായധനം അനുവദിച്ചതെന്നും അപകടത്തില്‍ മരിച്ച സംസ്ഥാന ഹാന്‍ഡ് ബോള്‍ താരങ്ങള്‍ ഹിന്ദുക്കളായതിനാല്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. സമത്വമുന്നേറ്റയാത്രക്ക് ആലുവയില്‍ നല്‍കിയ സ്വീകരണത്തില്‍ വച്ചാണ് വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്. മുസ്ലീമായി മരിക്കാന്‍ കൊതി തോന്നുന്നുവെന്നും വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു.

പ്രസ്താവനക്കെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പരാമര്‍ശം വിവാദമായതോടെ വെള്ളാപ്പള്ളിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here