വെള്ളാപ്പള്ളിയുടെ അറസ്റ്റ് ഉടന്‍; സമത്വമുന്നേറ്റയാത്ര തീരുംവരെ കാത്തുനില്‍ക്കില്ല; സാക്ഷികളുടെയും പരാതിക്കാരന്റെയും മൊഴി ഉടന്‍ രേഖപ്പെടുത്തും

കൊച്ചി: സമത്വമുന്നേറ്റയാത്രക്കിടെ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ച സംഭവത്തില്‍ വെള്ളാപ്പള്ളി നടേശനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ആലുവ പൊലീസ്. യാത്ര അവസാനിക്കും വരെ കാത്തുനില്‍ക്കില്ലെന്നും അന്വേഷണത്തില്‍ കുറ്റം ബോധ്യപ്പെട്ടാല്‍ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. സാക്ഷികളുടെയും പരാതിക്കാരന്റെയും മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നും അന്വേഷണസംഘം അറിയിച്ചു.

ആലുവ സിഐക്കാണ് അന്വേഷണ ചുമതല. ആലുവ പൊലീസ് ഇന്ന് ആലുവ കോടതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് അനുസരിച്ച് ഇന്നലെയാണ് പൊലീസ് വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച നൗഷാദിനെതിരെ കഴിഞ്ഞ ഞായറാഴ്ച ആലുവയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു വെള്ളാപ്പള്ളി വിവാദപ്രസ്താവന നടത്തിയത്. പരിപാടിയില്‍ പങ്കെടുത്ത മൂന്നു മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുളളവരില്‍ നിന്ന് പൊലീസ് മൊഴിയെടുക്കും. പ്രസംഗത്തിന്റെ വീഡിയോയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സാക്ഷികളുടെയും പരാതിക്കാരന്റെയും മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നും അന്വേഷണസംഘം പറഞ്ഞു. പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് വെള്ളാപ്പള്ളിക്കെതിരെ പരാതി നല്‍കിയത്.

അതേസമയം, കേസെടുക്കുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ വൈക്കത്ത് പറഞ്ഞു. സമത്വമുന്നേറ്റയാത്രക്കിടെ തന്നെ ജയിലിലാക്കുന്നത ഇരട്ടിമധുരമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here