ദില്‍ഷാദ് വധക്കേസ്: എട്ട് ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തവും പിഴയും ശിക്ഷ

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതാവ് ദില്‍ഷാദിന്റെ വെട്ടിക്കൊന്ന കേസില്‍ എട്ട് ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി രണ്ട് ജഡ്ജി കെപി ഇന്ദിരയാണ് ആണ് കുറ്റവാളികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയത്. പെരിങ്ങമ്മല ജവഹര്‍ കോളനി യൂണിറ്റ് പ്രസിഡന്റും സിപിഐഎം ജവഹര്‍ കോളനി ബ്രാഞ്ചംഗവുമായിരുന്നു 23കാരനായ ദില്‍ഷാദ്.

കുറ്റവാളികളായ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ക്ക് ഓരോ ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു. കൊല്ലപ്പെട്ട ദില്‍ഷാദിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കണം. ആക്രമണത്തില്‍ മാരകമായി പരുക്കേറ്റ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഷിബുവിന് ഒരുലക്ഷം രൂപ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

കൊലപാതക കേസില്‍ എട്ട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തി. തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. പാലോട് ജവഹര്‍ കോളനി സ്വദേശികളായ ഗൗതംകുമാര്‍, ഗോപകുമാര്‍, സുമേഷ്, കുഞ്ഞുമോന്‍ എന്ന സുനില്‍കുമാര്‍, ഗിരീഷ്, സുധീഷ്, റിനീഷ്‌കുമാര്‍, കരുനാഗം ബിജു എന്ന ബിജു എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

കൊലപാതകം, ഗൂഢാലോചന, അന്യായമായി സംഘം ചേരല്‍, ലഹള, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ശിക്ഷാവിധി. പാലോട് എക്‌സ് സര്‍വീസ്‌മെന്‍ കോളനി ബ്‌ളോക്ക് നമ്പര്‍ 14ല്‍ പരേതനായ അബ്ദുള്‍ സമദിന്റെയും ഖജാബീവിയുടെയും മകനാണ് ദില്‍ഷാദ്. 2004 ജൂലായ് 18ന് രാത്രി 7.30ഓടെയാണ് ആര്‍എസ്എസ് അക്രമിസംഘം ദില്‍ഷാദിനെ വെട്ടിക്കൊന്നത്.

ജവഹര്‍ കോളനിയില്‍ ആര്‍എസ്എസുകാരുടെ ഗുണ്ടായിസവും അനാശാസ്യപ്രവര്‍ത്തനങ്ങളും ചോദ്യംചെയ്തതിന്റെ പേരിലായിരുന്നു കൊലപാതകം. ആക്രമണത്തില്‍ ഡിവൈഎഫ്‌ഐ ജവഹര്‍ കോളനി യൂണിറ്റ് സെക്രട്ടറിയായിരുന്ന ഷിബു (21)വിനും മാരകമായി പരിക്കേറ്റിരുന്നു.

ദില്‍ഷാദിനെയും ഷിബുവിനെയും ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ച നാട്ടുകാരെയും ആര്‍എസ്എസുകാര്‍ ആക്രമിച്ചു. പരിക്കേറ്റ ഷിബു നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 36 സാക്ഷികളെയും 56 രേഖകളും 10 തൊണ്ടിവകകളുമാണ് ഹാജരാക്കിയത്.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ മുരുക്കുംപുഴ എസ് വിജയകുമാരന്‍നായര്‍, അഭിഭാഷകരായ കെഎസ് സുനില്‍, സൂരജ് നായര്‍, അനുരൂപ് ദേവരാജന്‍ എന്നിവര്‍ ഹാജരായി. കേസിന്റെ വിചാരണയില്‍ ആക്ഷേപമുന്നയിച്ച് പ്രതിഭാഗം രണ്ടുതവണ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ വിചാരണ നേരിടാനായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News