ഇന്ത്യയുടെ ടെലഗ്രാമിന് വാട്‌സ്ആപ്പിന്റെ ‘ആപ്പ്’; വാട്‌സ്ആപ്പിലൂടെ ടെലഗ്രാം ലിങ്കുകള്‍ അയച്ചാല്‍ തുറക്കാന്‍ സാധിക്കില്ല

ദില്ലി: ഏറെ പ്രതീക്ഷയോടെ ഇന്ത്യക്കാര്‍ക്കായി ഇന്ത്യയുടെ സ്വന്തം മെസഞ്ചര്‍ ആപ്ലിക്കേഷന്‍ എന്ന തരത്തില്‍ എത്തിയ ടെലഗ്രാം മെസഞ്ചര്‍ ആപ്ലിക്കേഷന് വാട്‌സ്ആപിന്റെ പണി. ടെലഗ്രാമിലേക്കുള്ള ലിങ്കുകള്‍ വാട്‌സ്ആപ് ബ്ലോക്ക് ചെയ്തു. വാട്‌സ്ആപ്പില്‍ നിന്ന് ടെലഗ്രാമിലേക്ക് ഇന്‍വൈറ്റ് ചെയ്തു കൊണ്ട് അയയ്ക്കുന്ന ലിങ്കുകള്‍ ഇനിമുതല്‍ വെറും ടെക്സ്റ്റ് മെസേജ് ആയി മാത്രമേ വാട്‌സ്ആപ്പില്‍ കാണാന്‍ സാധിക്കുകയുള്ളു. ലിങ്ക് തുറക്കാന്‍ സാധിക്കില്ലെന്നു സാരം. ആന്‍ഡ്രോയ്ഡില്‍ നിന്ന് ഏതു ഫോണിലേക്ക് അയച്ചാലും ഇങ്ങനെ തന്നെയാണ്. നേരത്തെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമായിരുന്നു ഈ പ്രശ്‌നം ഉണ്ടായിരുന്നത്.

റെഡ്ഇറ്റ് ആണ് ഈ പ്രശ്‌നം ആദ്യമായി പുറത്തെത്തിച്ചത്. അന്ന് ആന്‍ഡ്രോയ്ഡ് ഫോണിലെ വാട്‌സ്ആപ്പില്‍ നിന്ന് കോണ്‍ടാക്ടുകളിലേക്ക് ടെലഗ്രാമില്‍ ചേരാന്‍ ക്ഷണിച്ചു കൊണ്ട് സന്ദേശം അയച്ചാല്‍ ലിങ്കുകള്‍ തുറക്കാന്‍ സാധിച്ചിരുന്നില്ല. തുടക്കത്തില്‍ ലിങ്കിലേക്ക് തുറക്കുന്ന തരത്തിലായിരുന്നു സന്ദേശങ്ങള്‍ വന്നിരുന്നതെങ്കില്‍ ഇപ്പോഴത് മാറി. ഇപ്പോള്‍ വെറും ടെക്‌സ്റ്റ് മെസേജുകള്‍ മാത്രമായിട്ടാണ് കാണാന്‍ സാധിക്കുക. ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്ന് ഐഒഎസ്, വിന്‍ഡോസ്, യുബുന്‍ടു ടച്ച്, ഒഎസ്എക്‌സ്, ലിനക്‌സ് തുടങ്ങി ഏതു പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ സാധിക്കില്ല.

ടെലഗ്രാം ഡോട്ട് മി, ടെലഗ്രാം ഡോട്ട് ഒആര്‍ജി ലിങ്കുകളാണ് ഇത്തരത്തില്‍ ക്ലിക്ക് ചെയ്യാനാകാത്തത്. എന്നാല്‍, വാട്‌സ്ആപ്പില്‍ നിന്ന് അയയ്ക്കുന്ന ന്യൂസ് വെബ്‌സൈറ്റിലേക്കുള്ള ദ ടെലഗ്രാം ലിങ്കിന് പ്രശ്‌നം ഇല്ലതാനും. അതായത് ടെലഗ്രാം മെസഞ്ചര്‍ ആപ്ലിക്കേഷന്റെ വളര്‍ച്ച തടയാന്‍ ലക്ഷ്യമിട്ടാണ് വാട്‌സ്ആപ്പിന്റെ ഈ ‘ആപ്പടിക്കല്‍’ എന്നു സാരം. നിലവില്‍ ടെലഗ്രാമിന് ആകെ 6.2 കോടി ആക്ടീവ് ഉപയോക്താക്കള്‍ ഉണ്ട്. മെയ് 2015 വരെയുള്ള കണക്കാണിത്. വാട്‌സ്ആപ്പിന്റെ പ്രതിമാസ ആക്ടിവ് ഉപയോക്താക്കളുടെ കണക്ക് 90 കോടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here