ഫത്തേപ്പുര്‍: ഉത്തര്‍പ്രദേശിലെ സാധാരണ ഗ്രാമങ്ങളിലൊന്നാണ് ഉദയ്‌സാര. ഉപജീവനത്തിനായി ഗ്രാമത്തില്‍ അധികം സാഹചര്യങ്ങളില്ലാത്തതിനാല്‍ വീടുകളിലെ പുരുഷന്‍മാരേറെയും അന്യനാടുകളില്‍ ജോലി തേടി പോകുന്നവര്‍. ഇക്കഴിഞ്ഞ നാളുകളില്‍ ഇവിടെയുള്ള വീട്ടമ്മമാര്‍ ഒരു തീരുമാനമെടുത്തു. അവധിക്കാലത്തു വീട്ടിലേക്കു വരുന്ന ഭര്‍ത്താക്കന്‍മാരെ വീട്ടില്‍ കയറ്റണമെങ്കില്‍ എച്ച്‌ഐവി ബാധിതനല്ലെന്ന സര്‍ട്ടിഫിക്കറ്റ് കാണിക്കണം. ഇക്കഴിഞ്ഞ ദീപാവലിക്കുശേഷം ഈ നിലപാടെടുത്ത യുവതികള്‍ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയാണ്.
ഇതരദേശങ്ങളില്‍ ജോലിക്കുപോയി എയ്ഡ്‌സ് രോഗവുമായി മടങ്ങിവരുന്നവരില്‍ നിന്നു ഗ്രാമത്തിലെ സ്ത്രീകള്‍ക്കു രോഗം പകരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉദയ്‌സാരയിലെ യുവതികള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. എച്ച്‌ഐവി പൊസിറ്റീവല്ല എന്നു വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ ഹാജരാക്കാതെ വീട്ടില്‍ പ്രവേശിപ്പിക്കില്ലെന്നും കിടക്കപങ്കിടില്ലെന്നുമാണ് ഇവരുടെ തീരുമാനം.
അടുത്തിടെ ഗ്രാമത്തില്‍ നടത്തിയ രക്തപരിശോധനയിലാണ് പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ വ്യാപകമായി എച്ച്‌ഐവി പൊസിറ്റീവിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാര്‍ഷിക വൃത്തിയാണ് ഗ്രാമത്തിന്റെ മുഖ്യ തൊഴില്‍. കൃഷിയില്‍നിന്നുള്ള വരുമാനം ജീവിക്കാന്‍ തികയാതെ വന്നതോടെയാണ് പുരുഷന്‍മാര്‍ മുംബൈയിലും രാജ്യത്തിന്റെ വിവിധ പടിഞ്ഞാറന്‍ നഗരങ്ങളിലും ജോലി തേടിപ്പോയി തുടങ്ങിയത്. ഇവിടെനിന്നു വരുന്ന മണിയോര്‍ഡറുകളാണ് ഇപ്പോള്‍ ്ഗ്രാമത്തിലെ അന്നത്തിനുള്ള വക.
പത്തുവര്‍ഷത്തിനിടെ ഗ്രാമത്തില്‍ നാല്‍പത്തിനാലു പേര്‍ എയ്ഡ്‌സ് ബാധിച്ചു മരിച്ചു എന്നാണു കണക്ക്. ഈ സാഹചര്യത്തിലാണ് സ്ത്രീകള്‍ കര്‍ശനമായ വ്യവസ്ഥ വച്ചത്. അംഗന്‍വാടി പ്രവര്‍ത്തകയായ ജ്ഞാന്‍ സ്വരൂപയാണ് ഇത്തരത്തില്‍ ഒരു പ്രചാരണത്തിന് തുടക്കം കുറിച്ചത്. എച്ച്‌ഐവി പ്രതിരോധത്തിന്റെയും സുരക്ഷിത ലൈംഗിക ബന്ധത്തിന്റെയും ആവശ്യകതയില്‍ ഊന്നിയുള്ള പ്രചാരണമാണ് നടത്തുന്നത്.
യുവതികള്‍ ആദ്യം ഇത്തരം തീരുമാനമെടുത്തപ്പോള്‍ ഭര്‍തൃവീടുകളിലെ മുതിര്‍ന്ന സ്ത്രീകള്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. തുടര്‍ച്ചയായ ബോധവല്‍കരണത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ കാര്യങ്ങള്‍ മനസിലാക്കുകയും പ്രചാരണത്തിനു പിന്തുണ നല്‍കുകയുമായിരുന്നു. ചില ഭര്‍ത്താക്കന്‍മാര്‍ വീടുകളിലേക്ക് അവധിക്കുവരുമ്പോള്‍ പരിശോധനയ്ക്കു തയാറാകാറില്ല. തൊഴിലെടുക്കുന്ന സ്ഥലങ്ങളില്‍ ലൈംഗികത്തൊഴിലാളികളെ സമീപിക്കാറുണ്ടെന്നു സമ്മതിക്കുന്ന ഇവര്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കാറുണ്ടെന്നു ഭാര്യമാരെ വിശ്വസിപ്പിക്കുകയാണെന്നും അതു ഭീതിയുളവാക്കുന്ന കാര്യമാണെന്നും സാമൂഹിക പ്രവര്‍ത്തകയായ അനിത പറയുന്നു. മുംബൈയിലും മറ്റു നഗരങ്ങളിലും പണിയെടുക്കുന്നവര്‍ വര്‍ഷത്തില്‍ ദീപാവലിക്കു മാത്രമാണ് അവധിക്കു നാട്ടില്‍ വരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here