നൗഷാദിന്റെ രക്തം ഗുരുവിന് മനുഷ്യരക്തം, വെള്ളാപ്പള്ളിക്ക് മുസ്ലിം രക്തം

‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ഒരു യോനി, ഒരാകാരം, ഒരു ഭേദവുമില്ലതില്‍’ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പിന്‍പറ്റി എസ്എന്‍ഡിപി യോഗം എന്ന പ്രസ്ഥാനം കേരള രാഷ്ട്രീയ പൊതു മണ്ഡലങ്ങളില്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല. ശ്രീനാരായണീയ ആശയങ്ങളുടെ ആഴവും അര്‍ഥവും തന്നെയായിരുന്നു എസ്എന്‍ഡിപി യോഗം കേരളത്തില്‍ വേരുറപ്പിച്ച പ്രസ്ഥാനമാകാന്‍ കാരണം.

തികച്ചും ഭ്രാന്താലയമായിരുന്ന കേരളത്തെ ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്കു നയിച്ച തേജസ്സായിരുന്നു ഗുരു. അവര്‍ണ്ണനു വഴി നടക്കാന്‍ പോലും അവകാശമില്ലാത്ത കാലത്ത് ആധുനിക മതേതര ചിന്ത ഉയര്‍ത്തിപ്പിടിച്ചു കേരളത്തില്‍ ജനിച്ചതും ജനിക്കാനിരുന്നതുമായ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കു മാര്‍ഗദീപമാകുകയായിരുന്നു ഗുരു. ഗുരുവിന്റെ വാക്കുകള്‍ പ്രകാശിക്കുന്നതിങ്ങനെ…. ‘ഒരു ജാതിയില്‍ നിന്നല്ലോ പിറന്നിടുന്നു സന്തതി നരജാതിയിതോര്‍ക്കുമ്പോള്‍ ഒരു ജാതിയിലുള്ളതാം’.

ശ്രീനാരായണ ഗുരു ഇത്തരത്തില്‍ അത്യാധുനിക ദര്‍ശനങ്ങള്‍ പങ്കിടുന്ന പ്രസ്ഥാനത്തിന്റെ അഭിനവ അമരക്കാരന് സംഭവിക്കുന്നതെന്താണ്? കോഴിക്കോട്ട് മാന്‍ഹോള്‍ അപകടത്തില്‍പെട്ട രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ സ്വന്തം ജീവന്‍ നോക്കാതെ രക്ഷിക്കാനൊരുങ്ങി മരണമടഞ്ഞ ഓട്ടോ ഡ്രൈവര്‍ നൗഷാദിനെ അവഹേളിക്കുക വഴി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ നിരാകരിച്ചതു ശ്രീനാരായണ ഗുരുവിന്റെ വിശ്വമാനവ ദര്‍ശനങ്ങളേയാണ്. മനുഷ്യകുലം ഏകകുലമാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വെളളാപ്പളളി യോഗം ജനറല്‍ സെക്രട്ടറിസ്ഥാനത്ത് തുടരാന്‍ അര്‍ഹനാണോ..?

ചാതുര്‍വര്‍ണ്യത്തെ സ്തുതിച്ചും അംഗീകരിച്ചും കഴിയുന്ന ഒരു പ്രസ്ഥാനമാണ് ആര്‍എസ്എസ്. ആര്‍എസ്എസ് തെളിക്കുന്ന വഴിയേയാണ് ഇപ്പോള്‍ വെള്ളാപ്പളളി നടക്കുന്നത്. ശൂദ്രന് വിരാട്പുരുഷന്റെ കാലാകാന്‍ പോലും അര്‍ഹതയില്ലെന്ന തത്വശാസ്ത്രത്തെ പിന്‍പറ്റുന്നവരാണ് ആര്‍എസ്എസുകാര്‍. ഇത് വ്യക്തമാക്കുന്നത് ഗുരുവിന്റെയും ആര്‍എസ്എസിന്റെയും ചിന്താധാരകള്‍ രണ്ടാണെന്നാണ്. അതുകൊണ്ടു തന്നെയാണ് എസ്എന്‍ഡിപിക്കും ആര്‍എസ്എസിനും കൂട്ടുചേരാനാകില്ലെന്നു ചരിത്രജ്ഞാനികള്‍ പറയുന്നത്.

നൗഷാദിനെ ഇകഴ്ത്തുക വഴി വെളളാപ്പളളി ചെയ്തത് ഗുരു ദര്‍ശനങ്ങളോടുള്ള നിന്ദയാണ്, ഇത് ഗുരു നിന്ദയാണ്. വെള്ളാപ്പളളിക്ക് ഇതു തിരിച്ചറിയാനാകാത്തത് അദ്ദേഹത്തെ സ്വാധീനിച്ചിട്ടുളള ഗോള്‍വാള്‍ക്കറുടെ വിചാരധാരയാണ്. ഗുരുവിനേക്കാള്‍ വെളളാപ്പള്ളി പിന്‍പറ്റുന്നത് ‘ഗുരുജി’ എന്ന് ആര്‍എസ്എസുകാര്‍ വിളിക്കുന്ന മാധവ് സദാശിവ് ഗോള്‍വാള്‍ക്കറിനേയാണ്. അതുകൊണ്ടാണ് നൗഷാദിന്റെ മനുഷ്യരക്തം വെള്ളാപ്പളളിക്ക് മുസ്ലീംരക്തമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News