പാരമ്പര്യം കൈവിടാതെ സിദാന്റെ മകന്‍; കളിക്കിടെ സഹതാരത്തെ തലകൊണ്ട് ഇടിച്ചിട്ട് ലൂകാ പുറത്ത്

മാഡ്രിഡ്: പാരമ്പര്യം കൈവിടാതിരിക്കണമെങ്കില്‍ അത് സിദാന്റെ മകന്‍ അല്ലാതിരിക്കണം. 2006 ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ സിദാന്റെ തലകൊണ്ടിടി വീണ്ടും ഓര്‍മിപ്പിച്ച് സിനദിന്‍ സിദാന്റെ മകന്‍ ലൂകാ. റയല്‍ മാഡ്രിഡും ചിരവൈരികളായ അത്‌ലറ്റികോ മാഡ്രിഡും തമ്മിലുള്ള മത്സരത്തിനിടെയാണ് ലൂകാ എതിര്‍താരത്തെ തലകൊണ്ട് ഇടിച്ചിട്ട് ചുവപ്പുകാര്‍ഡും വാങ്ങി പുറത്തു പോയത്. കളിയില്‍ കടുത്ത സമ്മര്‍ദ്ദത്തെ അതിജീവിച്ചു കൊണ്ടിരിക്കുകയായുരുന്നു ലൂകാ സിദാന്‍. റയല്‍ മാഡ്രിഡ് യൂത്ത് ടീമിന്റെ ഗോള്‍കീപ്പറാണ് ലൂക.

റയല്‍ 4 ഗോളുകള്‍ വഴങ്ങിയിരിക്കുന്ന അവസരത്തിലാണ് ലൂക പ്രകോപനപരമായി പെരുമാറിയത്. വല്ലാതെ പ്രകോപിതനായ ലൂക എതിര്‍ ടീമിലെ ഒരു താരത്തെ മുഖത്ത് അടിക്കുകയും തലകൊണ്ട് ഇടിക്കുകയുമായിരുന്നു. സംഭവം കണ്ട റഫറി ഉടന്‍ തന്നെ ലൂകയെ ചുവപ്പുകാര്‍ഡ് കാണിച്ച് പുറത്താക്കുകയും ചെയ്തു.

2006-ല്‍ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ നടക്കുമ്പോഴാണ് ഫ്രാന്‍സിന്റെ നായകനായിരുന്ന സിനദിന്‍ സിദാന്‍ ഇതുപോലെ പ്രകോപനപരമായി പെരുമാറിയത്. അന്ന് ഇറ്റലിയുടെ പ്രതിരോധനിര താരം മാര്‍ക്കോ മറ്റരാസിയെ തലകൊണ്ട് ഇടിച്ചിടുകയായിരുന്നു. തന്റെ സഹോദരിയെ പറ്റി മോശമായി പറഞ്ഞതിനാണ് ഇടിച്ചതെന്ന് പിന്നീട് സിദാന്‍ വെളിപ്പെടുത്തിയിരുന്നു. മത്സരത്തില്‍ തോറ്റ ഫ്രാന്‍സിന് കിരീടം നഷ്ടമാകുകയും ചെയ്തു. ആ ലോകകപ്പോടെ സിദാന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here