നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം കലാകാരി മാര്‍ഗി സതി അന്തരിച്ചു; മരണം അര്‍ബുദ രോഗബാധയെത്തുടര്‍ന്ന്; സംസ്‌കാരം ഇന്ന്

തിരുവനന്തപുരം: പ്രശസ്ത നങ്ങ്യാര്‍കൂത്ത് – കൂടിയാട്ടം കലാകാരി മാര്‍ഗി സതി അന്തരിച്ചു. അന്‍പത് വയസായിരുന്നു. അര്‍ബുദ രോഗബാധയെത്തുടര്‍ന്നാണ് അന്ത്യം. ഏറെനാളായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. മൃതദേഹം കരമനയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഇന്ന്
ഉച്ചകഴിഞ്ഞ് 3 മണിക്ക് കരമന ബ്രാഹ്മണസമൂഹം ശ്മശാനത്തില്‍ സംസ്‌കരിക്കും.

ഭര്‍ത്താവ് പരേതനായ സുബ്രമണ്യം പോറ്റി. ഇടയ്ക്ക കലാകാരന്‍ ദേവനാരായണ്‍, രേവതി എന്നീവര്‍ മക്കളാണ്. നങ്ങ്യാര്‍കൂത്തിനെ ജനകീയമാക്കിയ കലാകാരിയാണ് മാര്‍ഗി സതി. ശ്രീരാമചരിതം നങ്ങ്യാര്‍കൂത്ത് മാര്‍ഗി സതിയുടെ സംഭാവനയാണ്. ഭക്തമീര, രാമായണം തുടങ്ങിയവ അരങ്ങില്‍ അവതരിപ്പിച്ചു. നോട്ടം എന്ന സിനിമയ്ക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തി പുത്തില്ലത്ത് സുബ്രഹ്മണ്യന്‍ എമ്പ്രാന്തിരിയുടെയും പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും മകളായി 1965ലാണ് സതിയുടെ ജനനം. കേരള കലാമണ്ഡലത്തില്‍നിന്നും പൈങ്കുളം രാമചാക്യാരുടെ കീഴില്‍ കൂടിയാട്ടപഠനം തുടങ്ങി. 1977 മുതല്‍ 1985 വരെ അമ്മന്നൂര്‍ മാധവചാക്യാര്‍, മാണിമാധവചാക്യാര്‍, പാണിവാദതിലകന്‍ പികെ നാരായണന്‍ നമ്പ്യാര്‍, കലാമണ്ഡലം ശിവന്‍ നമ്പൂതിരി, കലാമണ്ഡലം രാമചാക്യാര്‍ എന്നിവരുടെ കീഴില്‍ അഭ്യസിച്ചു.

മാര്‍ഗി സ്ഥാപകന്‍ ഡി അപ്പുക്കുട്ടന്‍ നായര്‍, ഡോ. കെ അയ്യപ്പപ്പണിക്കര്‍ തുടങ്ങിയവര്‍്കകൊപ്പം തിരുവനന്തപുരത്ത് കലാരംഗത്ത് സജീവമായി. കേന്ദ്രസംഗീതനാടക അക്കാദമിയുടെ സഹകരണത്തോടെ 1991 മുതല്‍ ആഴ്ചയില്‍ ഒരു കൂടിയാട്ടം വീതം തലസ്ഥാനത്ത് അരങ്ങിലെത്തിച്ചു. കേന്ദ്രമാനവശേവി മന്ത്രാലയത്തിന്റെ ഫെലോഷിപ്പ് നേടിയ കലാകാരി കൂടിയാണ് മാര്‍ഗി സതി.

ജീവിതത്തിന്റെ കൂത്തരങ്ങില്‍ എന്നും ദുരന്ത കഥാപാത്രങ്ങളുടെ വേഷം കെട്ടിയാടാന്‍ ആയിരുന്നു മാര്‍ഗി സതിയ്ക്ക് യോഗം. നോട്ടം എന്ന സിനിമയുടെ ചിത്രീകരണത്തിന് രംഗമൊരുക്കുന്നതിനിടെ വൈദ്യൂതാഘാതമേറ്റാണ് ഭര്‍ത്താവ് സുബ്രമണ്യം പോറ്റി അന്തരിച്ചത്. വളരെ വൈകാതെ അച്ഛനും ഭര്‍തൃപിതാവും വിടപറഞ്ഞു. രംഗബോധമില്ലാത്ത മരണങ്ങളുടെ തുടര്‍ച്ചയായ കടന്നുവരവിലും സതി സര്‍വംസഹയായി ജീവിതം കലയ്ക്കുവേണ്ടി സമര്‍പ്പിച്ചു.

കലാമണ്ഡലത്തില്‍ അമ്മന്നൂര്‍ മാധവ ചാക്യാരുടെ ശിഷ്യയായി ആണ് സതി അരങ്ങിലെത്തിയത്. 1988ല്‍ തിരുവനന്തപുരം മാര്‍ഗിയില്‍ എത്തിയപ്പോഴാണ് പേരിന് മുന്നില്‍ വിലാസമായി മാറിയ മാര്‍ഗിസതിയായത്. സീതയുടെ കാഴച്ചപാടിലൂടെ രാമായണകഥയെ കാണുന്ന ശ്രീരാമചരിതം അടക്കമുളള നിരവധി കൂടിയാട്ടങ്ങള്‍ സതിയുടെ സംഭാവനയാണ്.

കണ്ണകിയായും സീതയായും ശൂര്‍പ്പണഖയായും അരങ്ങില്‍ മാര്‍ഗി സതി നിറഞ്ഞാടി. സീതയുടെ കാഴ്ചപ്പാടില്‍ നങ്ങേരമ്മയായി നിറഞ്ഞാടിയ ശ്രീരാമ ചരിതവും രൗദ്രത നിറഞ്ഞ കണ്ണകീ ചരിതവും കണ്ടവര്‍ സതിയെ മറക്കില്ല. കാലങ്ങളായി കൂടിയാട്ടത്തിന്റെ പെണ്‍പര്യായമാണ് മാര്‍ഗി സതി. നങ്ങ്യേരമ്മകൂത്തിനെ ലോകപ്രശസ്തിയില്‍ എത്തിച്ചാണ് മാര്‍ഗിസതി ജീവിതത്തിലെ ചമയങ്ങള്‍ അഴിച്ചുവെയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News