പെഷവാര്‍ സ്‌കൂളിലെ കൂട്ടക്കൊല; നാലു താലിബാന്‍ ഭീകരരെ തൂക്കിക്കൊന്നു

ഇസ്ലാമാബാദ്: സ്‌കൂളില്‍ കൂട്ടക്കുരുതി നടത്തിയ താലിബാന്‍ ഭീകരരെ പാകിസ്താന്‍ തൂക്കിക്കൊന്നു. പാകിസ്താന്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഭീകരര്‍ക്ക് പാകിസ്താന്‍ മരണ വാറണ്ട് നല്‍കിയിരുന്നു. പെഷവാറില്‍ കഴിഞ്ഞ ഡിസംബറില്‍ കുട്ടികള്‍ അടക്കം 150 പേരെ കൂട്ടക്കൊല നടത്തിയ കേസിലാണ് വധശിക്ഷ നടപ്പാക്കിയത്. കൂട്ടക്കുരുതി കേസില്‍ പിടിയിലായ 4 താലിബാന്‍ ഭീകരരെയാണ് തൂക്കിക്കൊന്നത്.

പാകിസ്താന്‍ സൈന്യത്തലവന്‍ ജനറല്‍ റഹീല്‍ ഷെരീഫ് തിങ്കളാഴ്ചയാണ് മരണ വാറണ്ടില്‍ ഒപ്പുവച്ചത്. 4 തീവ്രവാദികള്‍ക്ക് പ്രത്യേക സൈനിക കോടതി വധശിക്ഷ വിധിച്ചിരുന്നു. മൗലവി അബ്ദുസ് സലാം, ഹസ്‌റത്ത് അലി, മുജീബുര്‍ റഹ്മാന്‍, യഹിയ എന്നറിയപ്പെടുന്ന സബീല്‍ എന്നിവരെയാണ് തൂക്കിലേറ്റിയത്. പ്രത്യേക സൈനിക കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നും വധശിക്ഷ ഒഴിവാക്കണം എന്നും ആവശ്യപ്പെട്ട് പാകിസ്താന്‍ പ്രസിഡന്റിന് നാലുപേരും ദയാഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇവരുടെ ദയാഹര്‍ജി പത്ത് ദിവസം മുന്‍പ് പാക് പ്രസിഡന്റ് തള്ളി. പ്രത്യേക സൈനിക കോടതി ആയതിനാല്‍ പാക് സൈനിക മേധാവിക്കാണ് മരണ വാറണ്ട് നല്‍കാനുള്ള അധികാരം.

ഇവരുടെ ശിക്ഷ നടപ്പാക്കാനായി വധശിക്ഷയ്ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം പാകിസ്താന്‍ നീക്കി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നാണ് താലിബാന്‍ തീവ്രവാദികള്‍ സ്‌കൂളില്‍ ആക്രമണം നടത്തി കൂട്ടക്കുരുതി നടത്തിയത്. അന്ന് 150 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും സ്‌കൂള്‍ കുട്ടികള്‍ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News