തീയറ്ററില്‍ പോകുന്നത് സിനിമ കാണാന്‍; അല്ലാതെ ദേശസ്‌നേഹി സര്‍ട്ടിഫിക്കറ്റിനല്ലെന്ന് മജ്‌ലിസ് എംഎല്‍എ; തീയറ്ററിലെ ദേശീയഗാനം ദേശസ്‌നേഹവും ഉണ്ടാക്കില്ലെന്ന് ഇംതിയാസ്

മുംബൈ: സിനിമാ തീയറ്ററുകളിലെ ദേശീയഗാനാലാപനത്തിനെതിരെ അക്ബറുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ എംഎല്‍എ. തീയറ്ററിനുള്ളിലെ ദേശീയഗാനം ഇതുവരെ ആരിലും ഒരു തരത്തിലുമുളള ദേശഭക്തിയും ഉണ്ടാക്കിയിട്ടില്ലെന്ന് ഇംതിയാസ് ജലീല്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. തീയറ്ററില്‍ പോകുന്നത് വിനോദത്തിനാണെന്നും ദേശസ്‌നേഹി എന്ന സര്‍ട്ടിഫിക്കറ്റിനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു. ദേശീയ പതാകയേയും ദേശീയ ഗാനത്തേയും ബഹുമാനിക്കുന്നു. എന്നാല്‍ എന്റെ ദേശസ്‌നേഹം ആരുടെ മുന്നിലും പ്രദര്‍ശിപ്പിക്കേണ്ട കാര്യം എനിക്കില്ല. സിനിമാ തീയറ്ററില്‍ വച്ച് ദേശീയഗാനം ഏറ്റുപാടിക്കൊണ്ടല്ല ദേശസ്‌നേഹം തെളിയിക്കേണ്ടത്’- ഇംതിയാസ് നിലപാട് വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം മുംബൈയിലെ തീയറ്ററില്‍ ദേശീയഗാന സമയത്ത് എഴുന്നേറ്റു നില്‍ക്കാതിരുന്ന അഞ്ചംഗ കുടുംബത്തെ സിനിമാശാലയില്‍നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ നിലപാട് അറിയിച്ച് കൊണ്ട് ഇംതിയാസ് എത്തിയത്. 2003 മുതല്‍ മഹാരാഷ്ട്രയില്‍ തീയറ്ററുകളിലും ദേശീയഗാനം നിര്‍ബന്ധമാണ്.

അതേസമയം, ഇംതിയാസ് ജലീലിന്റെ പ്രസ്താവനക്കെതിരെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും എം.എന്‍.എസും രംഗത്തെത്തി. തരുവിലിറങ്ങി. ദേശീയഗാനത്തെ ആദരിക്കാന്‍ കഴിയില്ലെങ്കില്‍ ഇംതിയാസിനെ നാടുകടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here