ഉമ്മന്‍ചാണ്ടിക്ക് അഞ്ചരകോടി രൂപ കോഴ നല്‍കിയെന്ന് ബിജു രാധാകൃഷ്ണന്‍; ടീം സോളാറിന്റെ വളര്‍ച്ചയില്‍ മുഖ്യമന്ത്രിക്കും പങ്ക്; ലാഭവിഹിതം വിഭജിച്ചെടുക്കാനായിരുന്നു ധാരണയെന്ന് ബിജു സോളാര്‍ കമ്മീഷനോട്

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചരകോടി രൂപ കോഴ നല്‍കിയെന്ന് സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍. മൂന്ന് ഘട്ടമായാണ് പണം കൈമാറിയതെന്നും ടീം സോളാറിന്റെ വളര്‍ച്ചയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി.

അഞ്ച് കോടി 10 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് നേരിട്ടും ബാക്കി തുക മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളായ ജോപ്പനും ജിക്കുവിനുമാണ് നല്‍കിയത്. ടീം സോളാറിന്റെ ലാഭവിഹിതം 40-60 ആയി വിഭജിച്ചെടുക്കാനായിരുന്നു ധാരണയെന്നും ബിജു വെളിപ്പെടുത്തി. സലിം രാജ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് കോഴ നല്‍കിയതെന്നും ബിജു രാധാകൃഷ്ണന്‍ മൊഴിനല്‍കി.

പാലക്കാട് കിന്‍ഫ്ര പാര്‍ക്കിലെ പദ്ധതിയുടെ ലാഭം വീതിക്കുന്നതില്‍ ധാരണ ഉണ്ടാക്കിയിരുന്നു. എറണാകുളം ഗസ്റ്റ് ഹൌസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. പല ഇടപാടുകളിലും ചാണ്ടി ഉമ്മനെ പങ്കാളിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി.

കമ്പനി മുന്നോട്ടു കൊണ്ടുപോകാനായി ആര്യാടന്‍ മുഹമ്മദ്, കെ.സി വേണുഗോപാല്‍ എന്നിവര്‍ക്ക് ലക്ഷങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ബിജു മൊഴി നല്‍കിയിരുന്നു. ഹൈബി ഈഡന്‍, മോന്‍സ് ജോസഫ്, പിസി വിഷ്ണുനാഥ് എന്നിവര്‍ ടീം സോളാറിന്റെ ബിസിനസില്‍ സഹായിച്ചിരുന്നുവെന്നും ബിജു പറഞ്ഞിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here