ബാര്‍ ലൈസന്‍സ് സംബന്ധിച്ച എല്ലാ ഫയലുകളും പരിശോധിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍; ബാബുവിനെതിരെ കേസെടുക്കും വരെ സഭയില്‍ പ്രക്ഷോഭം

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബാബുവാണ് ലൈസന്‍സ് ഫീസ് കുറച്ചതെന്ന് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവഴി സംസ്ഥാന ഖജനാവിന് 49 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇക്കാര്യം അന്വേഷിക്കണം. ബാര്‍ കോഴക്കേസ് സംബന്ധിച്ച ഫയലുകള്‍ പ്രതിപക്ഷം സഭയില്‍ ഹാജരാക്കും. ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെടുന്ന എല്ലാ ഫയലുകളും പരിശോധിക്കണം. നിയമസഭാ നടപടിക്രമം അനുസരിച്ചു തന്നെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കെ ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും അന്വേഷണം പ്രഹസനമാക്കരുതെന്നും കോടിയേരി ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ വേണ്ട ഫയലുകളെല്ലാം നിയമസഭാ സമിതി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ക്രമപ്രശ്‌നം ഉന്നയിച്ചിരുന്നു. എന്നാല്‍, ക്രമപ്രശ്‌നം പരിഗണിക്കാന്‍ പോലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറായില്ല. പകരം ബാബുവിനെ പിന്തുണയ്ക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മന്ത്രിസഭാ യോഗത്തിന്റെ അനുമതിയില്ലാതെയാണ് ബാര്‍ ലൈസന്‍സ് ഫീസ് കുറച്ചത്. ഇക്കാര്യത്തില്‍ ബാബുവിനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഉത്തരവിറങ്ങി ഒരുമാസം കഴിഞ്ഞിട്ടാണ് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ പോലും ഇക്കാര്യം അറിഞ്ഞത്. അതിനു മുമ്പു തന്നെ ബാറുടമകള്‍ പണം പിരിച്ചു നല്‍കിയിരുന്നു.

സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഞെട്ടിക്കുന്നതാണ്. സാമ്പത്തിക ഇടപാട് സോളാര്‍ കേസില്‍ നടന്നു എന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇതുവരെ ലഭിച്ച തെളിവുകള്‍ എല്ലാം വച്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ ചെയ്യേണ്ടത്. അപ്പോള്‍ മാത്രമേ എന്തെല്ലാമാണ് നടന്നതെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളു. നിയമനടപടി സ്വീകരിക്കാന്‍ ഉതകുന്ന തരത്തിലുള്ള തെളിവുകള്‍ കമ്മീഷന് ലഭിച്ചിട്ടുണ്ട്. കേസില്‍ പണ്ട് ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ ബിജു രാധാകൃഷ്ണന്‍ പറഞ്ഞ കാര്യം.

എറണാകുളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയും ബിജുവും അരമണിക്കൂറോളം ചര്‍ച്ച നടത്തി എന്ന് നേരത്തെ പുറത്തുവന്ന കാര്യമാണ്. അന്നൊക്കെ അക്കാര്യം ഒരിക്കലും പുറത്തുപറയില്ലെന്ന് ഉമ്മന്‍ചാണ്ടി ശഠിച്ചു. അതേകാര്യം തന്നെയാണ് ഇപ്പോള്‍ ബിജു രാധാകൃഷ്ണന്‍ പുറത്തു പറഞ്ഞിരിക്കുന്നത്. ലാഭം വീതിച്ചെടുക്കാനുള്ള പദ്ധതിയിടുകയായിരുന്നു അവിടെ. സൂപ്രണ്ടിനെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ നിരവധി തവണ ശ്രമിച്ചു. ജയില്‍ സൂപ്രണ്ടിന്റെ നടപടി തെറ്റാണെന്നു പറഞ്ഞ ലോക്‌നാഥ് ബെഹ്‌റയെ ജയില്‍ ഡിജിപി സ്ഥാനത്തു നിന്ന് മാറ്റി. ബിജുവിന് ഇന്ന് സോളാര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാകാന്‍ അവസരം ഒരുക്കിയത് ബെഹ്‌റയാണ്. അതുകൊണ്ടാണ് ബെഹ്‌റയെ സ്ഥലംമാറ്റി പ്രതികാരം ചെയ്തത്. 4 ഡിജിപിമാര്‍ ഉണ്ടായിട്ടും വിജിലന്‍സ് ഡയറക്ടറെ നിയമിക്കാത്തത് സ്വന്തം താല്‍പര്യം സംരക്ഷിക്കാനാണെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here