എന്‍ഡോസള്‍ഫാന്‍ ദുരന്തം പ്രമേയമാകുന്ന വലിയ ചിറകുള്ള പക്ഷികള്‍ ശനിയാഴ്ച പ്രദര്‍ശനത്തിനെത്തും; കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രം ഒരുക്കിയത് ഡോ. ബിജു

കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന ‘വലിയ ചിറകുള്ള പക്ഷികള്‍’ ഡിസംബര്‍ 4ന് കേരളത്തിലെ തിയറ്ററുകളിലെത്തും. നാല് ഋതുക്കളിലൂടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിതവും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര പോരാട്ടത്തിന്റെ ചരിത്രവും പറയുന്ന സിനിമ ചിത്രീകരിച്ചത് കാസര്‍ഗോട്ടും കാനഡയിലുമായാണ്. ഡോ. ബിജു സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കുഞ്ചാക്കോ ബോബന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ട്രെയിലര്‍ റിലീസ്.

കാസര്‍ഗോട്ടെ ഇരകളായ കുഞ്ഞുങ്ങളും അവരുടെ കുടുംബവും യഥാര്‍ത്ഥ സംഭവങ്ങളും സമരനേതാക്കളുമെല്ലാം ചിത്രത്തിന്റെ ഭാഗമാകുന്നു. പരമ്പരാഗത സിനിമാ കഥപറച്ചില്‍ ഘടനകളെയെല്ലാം പൊളിച്ചെഴുതുന്ന ആഖ്യാനശൈലിയിലാണ് വലിയ ചിറകുള്ള പക്ഷികള്‍ രൂപപ്പെടുത്തിയത്.

നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, പ്രകാശ് ബാരെ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, കൃഷ്ണപ്രസാദ്, ജയകൃഷ്ണന്‍, ഡോഅഷീല്‍, അനുമോള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഹോളിവുഡിലെ ശ്രദ്ധേയ താരമായ ബ്രാഡ് ഫോഡും ഒരു പ്രധാന വേഷത്തിലെത്തുന്നു.

എംജെ രാധാകൃഷ്ണന്‍ ഛായാഗ്രാഹകനായ ‘വലിയ ചിറകുള്ള പക്ഷികള്‍’ നിര്‍മിച്ചത് അമേരിക്കന്‍ മലയാളിയായ ഡോ. എകെ പിളളയാണ്. ബോളിവുഡ് ശബ്ദ സാങ്കേതിക വിദഗ്ധരായ ജയദേവന്‍ ചക്കാടത്തും പ്രമോദ് തോമസുമാണ് ചിത്രത്തിന്റെ തത്സമയ ശബ്ദലേഖനവും ശബ്ദ സംവിധാനവും മിശ്രണവും. കാര്‍ത്തിക് ജോഗേഷാണ് ചിത്രസംയോജകന്‍.

ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം ജനീവയില്‍ ഐക്യരാഷ്ട്രസഭാ ഹാളില്‍ നടത്തിയിരുന്നു. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു ചിത്രം യുഎന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം യുനെസ്‌കോയുടെ ഫെല്ലിനി പുരസ്‌കാരത്തിനായുള്ള മല്‍സരത്തിനുമുണ്ട്. കൊല്‍ക്കത്ത, കേരള തുടങ്ങി നിരവധി ചലച്ചിത്ര മേളകളിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News