ദില്ലി: വെടിയേറ്റ് മരിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും ഒന്‍പത് സമരക്കാരുടെ മൃതദേഹങ്ങള്‍ സംസ്‌കാരിക്കാതെ ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള സമരം തുടരുകയാണ് മണിപ്പൂരിലെ ആദിവാസികള്‍. പ്രതീകാത്മകമായി ഒന്‍പത് ശവപ്പെട്ടികളുമായി രാജ്യതലസ്ഥാനത്തും മണിപ്പൂരികള്‍ സമരം തുടരുകയാണ്. മണിപ്പൂര്‍ സര്‍ക്കാര്‍ പാസാക്കിയ മൂന്ന് ഭൂനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിനിടെയാണ് പേര്‍ രക്തസാക്ഷിത്വം വഹിച്ചത്.
മൃതദേഹങ്ങള്‍ മൂന്നു മാസത്തിലധികമായി മതിയായ സൗകര്യങ്ങളില്ലാത്ത ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. ജനിച്ച മണ്ണില്‍ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം ലഭിക്കുന്നതുവരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെ സമരം തുടരുമെന്നാണ് സമരക്കാര്‍ പറയുന്നത്.
മണിപ്പൂരിലെ 45 ശതമാനം ജനങ്ങള്‍ അധിവസിക്കുന്ന ആദിവാസി മേഖലയെ ദോഷകരമായി ബാധിക്കുന്ന മുന്ന് ഭൂനിയമങ്ങള്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പാസ്സാക്കിയതോടെയാണ് സമരം പൊട്ടിപ്പുറപ്പെട്ടത്. ആദിവാസികളുടെ ഭൂമി മറ്റുള്ളവര്‍ക്ക് വിലയ്ക്ക് വാങ്ങാനും വിനിമയം നടത്താനും സൗകര്യമൊരുക്കുന്ന നിയമമാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതിനെതിരെ സമരത്തിന് നേതൃത്വം നല്‍കിയ നിരവധി പേര്‍ ജയിലിലായി.
കമാന്‍ഡോകളുടെ വെടിയേറ്റ് 9 യൂവാക്കളുടെ ജീവന്‍ പൊലിഞ്ഞെങ്കിലും ഭൂനിയമത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയില്ല. ഇതിനെ തുടര്‍ന്നാണ് രക്തസാക്ഷികളുടെ മൃതദേഹങ്ങളുമായി സമരം ആരംഭിച്ചത്.
രാജ്യതലസ്ഥാനമായ ദില്ലിയിലേക്കും മണിപ്പൂരികള്‍ സമരം വ്യാപിപ്പിച്ചു. ജന്തര്‍ മന്തിറില്‍ പ്രതീകാത്മകമായി 9 ശവപ്പെട്ടികള്‍ നിരത്തി സമരം തുടരുകയാണ്. സായാഹ്നങ്ങളില്‍ ഇവിടെയെത്തുന്നുവര്‍ മെഴുകുകിരി കത്തിച്ച് രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും. കഴിഞ്ഞ ദിവസം സമരക്കാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സിപിഐഎം ത്രിപുര എംപി ജിതേന്ദ്ര ചൗധരി, കേന്ദ്ര കമ്മറ്റി അംഗം വിജൂ കൃഷ്ണന്‍ എന്നിവര്‍ സമര പന്തലിലെത്തി പിന്തുണയറിയിച്ചു. ആദിവാസി സമൂഹത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് അപലപനീയമാണെന്ന് വിജൂ കൃഷ്ണന്‍ പറഞ്ഞു.
രക്തസാക്ഷിത്വത്തിന്റെ നൂറാം ദിവസമായ ഡിസംബര്‍ ഒന്‍പതിന് ദില്ലിയില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. മരിച്ചിട്ടും മണ്ണിലേക്ക് മടങ്ങിയിട്ടില്ല മണിപ്പൂരിലെ രക്തസാക്ഷികള്‍. സമരചരിത്രത്തില്‍ സമാനതകളില്ലാത്ത അധ്യായമായി മാറുകയാണ് ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി മണിപ്പൂരികള്‍ നടത്തുന്ന പോരാട്ടം.
Get real time update about this post categories directly on your device, subscribe now.
Discussion about this post