ലൈംഗികാരോപണം തള്ളി മുഖ്യമന്ത്രി; വെളിപ്പെടുത്തലില്‍ കഴമ്പുണ്ടെങ്കില്‍ സ്ഥാനത്ത് തുടരില്ല; പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നും പിരിഞ്ഞു

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി ബിജുരാധാകൃഷ്ണന്റെ വെളിപ്പെടുത്തലില്‍ കഴമ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് താന്‍ തുടരില്ലെന്ന് ഉമ്മന്‍ചാണ്ടി. ആരോപണത്തില്‍ ഒരു ശതമാനമെങ്കിലും ശരിയുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തന രംഗത്ത് തുടരാന്‍ തനിക്ക് അര്‍ഹതയില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

ഇതുവരെ പറയാത്ത ആരോപണങ്ങളാണ് ബിജു ഇപ്പോള്‍ ഉന്നയിക്കുന്നത്. ആരെങ്കിലും രക്ഷപ്പെടുത്തുമെന്ന് പറഞ്ഞിട്ടായിരിക്കുമത്. നിയമത്തിന് മുന്നില്‍ കൊണ്ടുവന്നതിന്റെ വൈരാഗ്യമാണ് ബിജു കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജു രാധാകൃഷ്ണന്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും അപമാനിച്ച് പുറത്താക്കാനാണ് നീക്കമെങ്കില്‍ നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജു രാധാകൃഷ്ണന്‍ സിഡി ഹാജരാക്കണമെന്നും അല്ലെങ്കില്‍ താന്‍ നിയമപരമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപമാനിച്ച് തന്നെ പുറത്താക്കാനാവില്ല. പിടിയിലാകുന്ന ദിവസം ബിജുവിന്റെ മൊബൈല്‍ കേരളത്തില്‍ ഒരു ടവറിനും കീഴിലും ഇല്ലായിരുന്നുവെന്നും ബിജു രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ച രഹസ്യസ്വഭാവമുളളതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം, പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നും പിരിഞ്ഞു. സഭ ചേര്‍ന്നപ്പോള്‍ മുതല്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. രാജി ആവശ്യപ്പെട്ടുള്ള ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെളിയിച്ചാല്‍ എംഎല്‍എ സ്ഥാനവും മന്ത്രിസ്ഥാനവും രാജി വയ്ക്കുമെന്ന് ഷിബു ബേബി ജോണ്‍ സഭയെ അറിയിച്ചു. ബിജു രാധാകൃഷ്ണന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും ഷിബു ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരായ കോഴ, ലൈംഗിക ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ഇപി ജയരാജന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ ഇത്രയുമധികം ആരോപണങ്ങള്‍ നേരിട്ട മറ്റൊരു മുഖ്യമന്ത്രിയുമില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു. ആരോപണങ്ങള്‍ സര്‍ക്കാരിനെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കില്ലെന്നും ഇപി ജയരാജന്റെ അടിയന്തരപ്രമേയത്തിനു മറുപടിയായി ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നീക്കം ജുഡീഷ്യല്‍ കമ്മീഷനെ ദുര്‍ബലപ്പെടുത്തും. സോളര്‍ തട്ടിപ്പു കേസില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ വന്നതിനു ശേഷമാണ് ബിജു രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും എല്ലാ കാര്യങ്ങളും നിയമപരമായി ചെയ്തിട്ടുണ്ടെന്നും ചെന്നിത്തല സഭയില്‍ പറഞ്ഞു. ജയരാജന്റെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കം ചെയ്യണമെന്നും സോളാര്‍ കമ്മീഷന്‍ പറയാത്ത കാര്യങ്ങളാണ് ജയരാജന്‍ പറയുന്നതെന്നും ഭരണപക്ഷം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News