പൊലീസ് തലപ്പത്തെ അഴിച്ചു പണിയില്‍ ഋഷിരാജ് സിംഗിനും അതൃപ്തി; നോണ്‍ കേഡര്‍ തസ്തികയില്‍ നിയമിച്ചതിനെതിരെ ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി

തിരുവനന്തപുരം: പൊലീസ് തലപ്പത്തെ അഴിച്ചുപണിയില്‍ ജയില്‍ ഡിജിപിയായി നിയമിച്ച ഋഷിരാജ് സിംഗിനും അതൃപ്തി. വിജിലന്‍സ് ഡിജിപി പദവി ഒഴിഞ്ഞു കിടക്കെ തന്നെ നോണ്‍ കേഡര്‍ പദവിയായ ജയില്‍ ഡിജിപി സ്ഥാനത്തേക്ക് തന്നെ മാറ്റി നിയമിച്ചതിലാണ് ഋഷിരാജ് സിംഗിന് അതൃപ്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഋഷിരാജ് സിംഗ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. നോണ്‍ കേഡര്‍ തസ്തികയില്‍ നിയമിച്ചാല്‍ തനിക്ക് ഡിജിപിയുടെ ശമ്പളം ലഭിക്കാതെ പോകുമെന്ന് കത്തില്‍ ഋഷിരാജ് സിംഗ് ചൂണ്ടിക്കാട്ടി. ജയില്‍ മേധാവിയായി ഋഷിരാജ് സിംഗ് ചുമതലയേറ്റെടുത്തില്ല.

സ്ഥാനമാറ്റം അഖിലേന്ത്യ സര്‍വീസ് ചട്ടത്തിന്റെ ലംഘനമാണ്. ഡിജിപിമാരെ കേഡര്‍ പദവിയില്‍ നിയമിച്ച ശേഷം മാത്രമേ മറ്റുളളവരെ പരിഗണിക്കാന്‍ പാടുള്ളൂവെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണലിന്റെ ഉത്തരവും നിലനില്‍ക്കുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇതിന് വിഭിന്നമായി നേരത്തെ വിന്‍സന്‍ എം പോളിനേയും എം എന്‍ കൃഷ്ണമൂര്‍ത്തിയെയും ഡിജിപി പദവിയിലേക്ക് ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഡിജിപിയുടെ നല്‍കേണ്ടതില്ലെന്ന് അക്കൗണ്ട്‌സ് ജനറല്‍ ഉത്തരവിട്ടിരുന്നു. അതിനാല്‍ അടിയന്തരമായി ഇതിന് പരിഹാരം കാണണമെന്ന് ഋഷിരാജ് സിംഗ് ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ പറയുന്നു.

സര്‍ക്കാരിന്റെ മറുപടി അറിഞ്ഞശേഷം മാത്രമേ ജയില്‍ മേധാവിയായി ചുമതലയേറ്റെടുക്കുന്ന കാര്യം ഋഷിരാജ് സിംഗ് തീരുമാനിക്കു. ഇന്നലെ ഇതേകാര്യം ചൂണ്ടിക്കാട്ടി ലോക്‌നാഥ് ബെഹറയും ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News