ഫ്ളാറ്റ് ലോബിക്കു മുന്നില്‍ വിനീത ദാസരായി സര്‍ക്കാര്‍; വന്‍കിട നിര്‍മാണങ്ങള്‍ക്ക് കേന്ദ്രചട്ടം ബാധകമാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം; നടപടി ജേക്കബ്ബ് തോമസിന്റെ റിപ്പോര്‍ട്ടിനെ പുച്ഛിച്ചു തള്ളി

തിരുവനന്തപുരം: ഫ്ളാറ്റു ലോബിക്കു മുന്നില്‍ വിനീത ദാസരായി സംസ്ഥാന സര്‍ക്കാര്‍. വന്‍കിട ഫ്ളാറ്റുകളുടെ നിര്‍മാണങ്ങള്‍ക്കുള്ള ചട്ടങ്ങളില്‍ ഇളവു നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അഗ്നിശമന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തിലാണ് ഇളവു നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. വന്‍കിട കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ അഗ്നിശമന സംവിധാനങ്ങള്‍ക്ക് കേന്ദ്ര കെട്ടിട നിര്‍മാണ ചട്ടം ബാധകമാക്കേണ്ടതില്ലെന്നാണ് മന്ത്രിസഭയുടെ തീരുമാനം. ഇക്കാര്യത്തില്‍ ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്ന ജേക്കബ്ബ് തോമസിന്റെ ശുപാര്‍ശയെ മറികടന്നാണ് മന്ത്രിസഭയുടെ തീരുമാനം. വന്‍കിട കെട്ടിടങ്ങള്‍ക്ക് കേന്ദ്ര കെട്ടിട നിര്‍മാണ ചട്ടം നിര്‍ബന്ധമാക്കി ജേക്കബ്ബ് തോമസ് നിയമം കര്‍ശനമാക്കിയിരുന്നു. ജേക്കബ്ബ് തോമസിന് ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്ന് സ്ഥാനചലനം സംഭവിച്ചതും ഇതേ കാരണത്താലായിരുന്നു.

ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് കെട്ടിട നിര്‍മാണങ്ങള്‍ക്ക് കേന്ദ്രചട്ടം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചത്. ഇനിമുതല്‍ വന്‍കിട കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാനും ഫയര്‍ഫോഴ്‌സിന് അധികാരം ഉണ്ടായിരിക്കില്ല. ഫയര്‍ഫോഴ്‌സ് ചട്ടങ്ങളും കെട്ടിട നിര്‍മാണത്തിന് നിര്‍ബന്ധമാക്കേണ്ടതില്ല. കേരള ബില്‍ഡിംഗ് റൂള്‍ കെട്ടിട നിര്‍മാണത്തിന് നിര്‍ബന്ധമാക്കും. അങ്ങനെ വരുമ്പോള്‍ മുനിസിപ്പല്‍ ആക്ട് മാത്രമായിരിക്കും ഇതിന് നിര്‍ബന്ധമായി വരിക. ജേക്കബ്ബ് തോമസിന്റെ ശുപാര്‍ശയെ മറികടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ നിയമിച്ചത്.

ആറുനിലയില്‍ അധികമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ അഗ്നിശമന സംവിധാനം നിര്‍ബന്ധമാക്കണമെന്ന് ജേക്കബ്ബ് തോമസ് ഫയര്‍ഫോഴ്‌സ് മേധാവിയായിരിക്കുമ്പോഴാണ് നിയമം കര്‍ശനമാക്കിയത്. ഇതിനു തൊട്ടുപിന്നാലെ ജേക്കബ്ബ് തോമസിനെ പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എംഡിയായി മാറ്റി നിയമിച്ചു. ഫ്ളാറ്റ് ലോബിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ഇതെന്ന് അന്നുതന്നെ ആരോപണമുണ്ടായിരുന്നു. പിന്നാലെ ഇതേ ആരോപണം ഉന്നയിച്ച് ജേക്കബ്ബ് തോമസ് തന്നെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ഇത് സര്‍ക്കാരും ജേക്കബ്ബ് തോമസും തമ്മില്‍ പരസ്യമായ ഏറ്റുമുട്ടലിന് വഴിയൊരുക്കി. മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്ക് അനുമതി തേടി സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ കത്തയയ്ക്കുന്നിടം വരെ കാര്യങ്ങള്‍ എത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News