ലോകപ്രസിദ്ധമായ ചലച്ചിത്രമേളകളിലെ പ്രദര്‍ശനങ്ങളിലൂടെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളാണ് ഇത്തവണ തിരുവനന്തപുരത്ത് എത്തുന്നത്.  ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിയുടെ ടാക്‌സിയും ജാക്വസ് ഓഡിയാസിന്റെ ദീപനുമാണ് മുഖ്യആകര്‍ഷണങ്ങള്‍.

പനാഹി ടാക്‌സി ഡ്രൈവറായി ഒതുക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബെര്‍ലിന്‍ മേളയില്‍ പ്രദര്‍ശിപ്പിച്ച ടാക്‌സിയെ ഗോള്‍ഡന്‍ ബിയറും ഫിപ്രസി പുരസ്‌കാരവും തേടിയെത്തിയിട്ടുണ്ട്. 2010 മുതല്‍ 20 വര്‍ഷത്തേക്ക് സിനിമ നിര്‍മ്മിക്കുന്നതില്‍ നിന്നും സഞ്ചരിക്കുന്നതില്‍ നിന്നും ഇറാന്‍ ഭരണകൂടം പനാഹിയെ വിലക്കിയിരുന്നു.

ജാക്വസ് ഓഡിയാസിന്റെ ദീപന്‍ കാന്‍ ചലച്ചിത്രമേളയില്‍ പാം ഡീ ഓര്‍ പുരസ്‌കാരം നേടിയിരുന്നു. ശ്രീലങ്കയില്‍ നിന്ന് ഫ്രാന്‍സിലേക്ക് പലായനം ചെയ്ത മൂന്ന് തമിഴ് അഭയാര്‍ഥികളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചെറുപ്പ കാലത്ത് എല്‍ടിടിഇയില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീലങ്കന്‍ നടന്‍ ആന്റണിത്താസന്‍ ജെസ്യൂത്താസനാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.