തമിഴ്‌നാടിന് ആയിരം കോടിയുടെ ധനസഹായം; മരണം 270 കവിഞ്ഞു; ഏഴായിരത്തോളം പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ചെന്നൈ: വെള്ളപ്പൊക്കത്തില്‍പ്പെട്ട് ചെന്നൈയിലെ ഒറ്റപ്പെട്ട മേഖലകളില്‍ കഴിഞ്ഞിരുന്ന അയ്യായിരത്തിലേറെപ്പേരെ ദുരന്തനിവാരണസേന രക്ഷിച്ചു. തുടര്‍ച്ചയായ മഴയ്ക്ക് രണ്ടു ദിവസമായി നേരിയ ശമനമുണ്ട്. ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്.

ചെന്നൈയില്‍ വിന്യസിച്ച സേനാംഗങ്ങളുടെ എണ്ണം അറുനൂറില്‍നിന്ന് 1,200 ആയി ഉയര്‍ത്തി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്നലെ തമിഴ്‌നാട്ടിലെത്തിയിരുന്നു. ദുരിതമനുഭവിക്കുന്ന തമിഴ്‌നാട് ജനതയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ആയിരം കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. നേരത്തെ നല്‍കിയ 940 കോടി രൂപയ്ക്കു പുറമേയാണിത്.

മഹാനഗരം പ്രളയത്തില്‍ മുങ്ങിയതോടെ ആയിരങ്ങളാണ് ഭക്ഷണവും വെള്ളവും ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നത്. ദുരിതപ്പെയ്ത്തില്‍ മരണസംഖ്യ 269 ആയതായി കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. അഡയാര്‍ നദി കരകവിഞ്ഞൊഴുകുന്നു. റോഡുകളില്‍ അരയോളം പൊക്കത്തിലാണ് വെള്ളം കെട്ടിനില്‍ക്കുന്നത്. ഇതിനു പുറമേ കേരളത്തിലേക്കുള്ള പല ട്രെയിനുകളും റദ്ദാക്കിയത് ആളുകളെ ദുരിതത്തിലാക്കി. മൂന്നു ദിവസത്തിനകം ടിക്കറ്റുകള്‍ തിരിച്ചെത്തിച്ചാല്‍ മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

ചെറുദ്വീപുകളായി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിയവര്‍ക്ക് സൈന്യം ഹെലികോപ്റ്ററുകളില്‍ ഭക്ഷണം താഴേക്ക് ഇട്ടുകൊടുക്കുന്ന കാഴ്ച കാണാന്‍ കഴിയുന്നുണ്ട്. ബുധനാഴ്ച രാത്രിയോടെ മഴയ്ക്ക് നേരിയ ശമനമുണ്ടായിരുന്നു. അടുത്ത മൂന്നു ദിവസത്തേക്കു കൂടി മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ ആശങ്കാകുലരായി കഴിയുകയാണ് ചെന്നൈ നിവാസികള്‍. നഗരപ്രദേശങ്ങളിലെ ഐടി കമ്പനികള്‍ വെള്ളത്തില്‍ മുങ്ങിയതോടെ ജീവനക്കാര്‍ക്കു വീട്ടിലിരുന്നു ജോലിചെയ്യാനുള്ള സൗകര്യം കമ്പനികള്‍ ഒരുക്കിയിട്ടുണ്ട്. സ്വകാര്യ കമ്പനികളോട് ഇന്നും നാളെയും അവധി നല്‍കുകയോ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരം ഒരുക്കുകയോ ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

വെള്ളം പൊങ്ങിയ ചെമ്പരമ്പക്കം തടാകത്തില്‍ നിന്ന് സെക്കന്‍ഡില്‍ 30,000 ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്. ഇതോടെ ചെന്നൈയിലൂടെ ഒഴുകുന്ന അഡയാര്‍ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. നദീതീരത്തോട് ചേര്‍ന്നുള്ള വീടുകളിലെ ഒന്നാം നിലയിലേക്കു പോലും വെള്ളമെത്തി. എടിഎമ്മുകളുടെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്. പണം ലഭ്യമായ ചുരുക്കം ചില എടിഎമ്മുകള്‍ക്ക് മുന്നില്‍ നീണ്ട നിര തന്നെയുണ്ട്. റെയില്‍-റോഡ്-വ്യോമഗതാഗത സൗകര്യങ്ങള്‍ എല്ലാം താറുമാറായി. ചെന്നൈ സെന്‍ട്രല്‍-എഗ്മോര്‍ വഴിയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

സൈന്യത്തിന്റെ നേതൃത്വത്തില്‍ 15 കമ്പനി ദുരന്ത നിവാരണസേന രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.
വെള്ളം കയറിയതിനെത്തുടര്‍ന്ന് എഗ്മോര്‍ റെയില്‍വേ സ്റ്റേഷന്‍ അടച്ചിട്ടിരിക്കുകയാണ്. ചെന്നൈ വിമാനത്താവളവും ഞായറാഴ്ച വരെ അടച്ചിട്ടു. നിരവധി വീടുകളും പാലങ്ങളും തകര്‍ന്നിരിക്കുകയാണ്. മൊബൈല്‍ സേവനം വിച്ഛേദിക്കപ്പെട്ടതിനാല്‍ കെട്ടിടസമുച്ചയങ്ങളില്‍ കുടുങ്ങിയവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. നിരവധി മലയാളികളും വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഴ 15000 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News