വേണം, തിരശ്ശീലയെ തീപ്പിടിപ്പിക്കുന്ന മേളകള്‍

രണ്ടു പതിറ്റാണ്ട് പിന്നിട്ട കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേള മലയാളിയുടെ പൊതു ചലച്ചിത്ര ആസ്വാദന മണ്ഡലത്തെ അടിമുടി മാറ്റി മറിച്ചിട്ടുണ്ട്, തര്‍ക്കമില്ല. എന്നാല്‍ നമ്മുടെ ചലച്ചിത്ര രംഗത്ത് പണിയെടുക്കുന്നവര്‍ക്ക് സ്വന്തം സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ക്ക് അപ്പുറത്ത് മറ്റൊന്നുമല്ല ഈ ചലച്ചിത്രമേളകള്‍. മേളകളുടെ കൊഴുപ്പും മാധ്യമങ്ങളിലൂടെ അത് വീണ്ടും തരുന്ന താരപ്രഭയും ആസ്വദിക്കാനല്ലാതെ ഒന്ന് അമര്‍ന്നിരുന്ന് സിനിമ കാണുന്നതിനോ മേളകള്‍ ഉന്നയിക്കുന്ന സൗന്ദര്യശാസ്ത്രപരവും രാഷ്ട്രീയപരവുമായ ചോദ്യങ്ങള്‍ നേരിടുന്നതിനോ ഇവിടെ എത്ര മലയാള സിനിമാപ്രവര്‍ത്തകര്‍ എത്തുന്നുണ്ട് എന്ന ചോദ്യം അവശേഷിക്കുന്നു. ഒരു ദശകക്കാലമായി കേരളത്തിന്റെയും ഇന്ത്യയുടെയും ചലച്ചിത്രമേളകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ബിജു മുത്തത്തി എഴുതുന്നു

‘Cinema is the ultimate pervert art. It doesn’t give you what you desire – it tells you how to desire.’ – Slavoj Zizek

ലോക ചലിച്ചത്രമേളയുടെ ചരിത്രം തുടങ്ങുന്നത് തന്നെ ഫാസിസ്റ്റ് രാഷ്ട്രീയ ചരിത്രത്തില്‍ നിന്നാണ്. ലോകത്തെ ആദ്യത്തെ ചലച്ചിത്രമേളയായ വെനീസ് ചലച്ചിത്രമേളയുടെ മുഖ്യ നടത്തിപ്പുകാരന്‍ ആരാണെന്നാണ് വിചാരം, സാക്ഷാല്‍ ബെനിറ്റോ മുസ്സോളനി. അന്നത്തെ ലോകസിനിമകള്‍ വെനീസില്‍ മത്സരിച്ചത് എന്തിനാണെന്നായിരുന്നു വിചാരം മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള മുസ്സോളനി കപ്പിനു വേണ്ടി. രാഷ്ട്രീയമായി മനുഷ്യരെ എളുപ്പം ഉറക്കികിടത്താനാവുന്ന മാധ്യമം സിനിമ തന്നെയെന്ന് മുസ്സോളനിയെ പോലെ തിരിച്ചറിഞ്ഞ മറ്റൊരു ഭരണാധികാരിയില്ല. വെനീസ് മേള നടത്തിപ്പില്‍ മുസ്സോളനിക്കുള്ള വിവിധ രഹസ്യഅജണ്ടകളില്‍ ഒന്ന് തന്റെ മകള്‍ക്ക് ഏറ്റവും മികച്ച ചിത്രത്തിനുള്ള അന്തര്‍ദ്ദേശീയ പുരസ്‌കാരം നല്‍കുക എന്നതാണെന്ന് പിന്നീട് തെളിഞ്ഞു.

രഹസ്യഅജണ്ട അന്നുമുതല്‍ എല്ലാ ചലച്ചിത്രമേളകളിലും ഏറിയും കുറഞ്ഞും രാഷ്ട്രീയമായും നിക്ഷിപ്ത താല്‍പ്പര്യമായും പ്രവര്‍ത്തിക്കുന്നുവെന്നത് ഇന്നൊരു രഹസ്യേമേയല്ല. ചലച്ചിത്രമേളയുടെ ലോകമെങ്ങും പ്രവര്‍ത്തിക്കുന്ന വിതരണ സര്‍ക്യൂട്ട് പോലും രാഷ്ട്രീയ മുക്തവുമല്ല. അതുകൊണ്ടു മാത്രം ചലച്ചിത്രമേളകള്‍ ആകെയും അടച്ചാക്ഷേപിക്കപ്പെട്ടു കൂടാ. മുസ്സോളനി എന്ന ഫാസിസ്റ്റായൊരു പോറ്റച്ചനില്‍ നിന്നും തുടങ്ങുന്ന ചരിത്രമായിരുന്നിട്ടും ചലച്ചിത്രമേളകളിലേത് പോലെ ഫാസിസ്റ്റ് വിരുദ്ധമായ മുന്നേറ്റങ്ങള്‍ ആധുനികകാലത്തു പോലും, കലാകാരന്മാരുടെ ഇംഗിതത്തിനനുസരിച്ച് അരങ്ങേറുന്ന വേറൊരു കൂട്ടായ്മയിലും, അത്രയേറെ തീവ്രമായി സംഭവിക്കുന്നില്ലെന്നതാണ് സത്യം.

തിരുവനന്തപുരം ചലച്ചിത്ര മേളയുടെ ഇരുപതു വര്‍ഷത്തെ ചരിത്രമെടുത്താല്‍ വിമോചന രാഷ്ട്രീയ ചിന്തയുടെ മൂശയിലാണ് ഈ മേളകളുടെ ചരിത്രം വാര്‍ക്കപ്പെട്ടിരിക്കുന്നതെന്ന് ഉറപ്പായും പറയാം. ഇപ്പോഴും നവരാഷ്ട്രീയ മുന്നേറ്റങ്ങളുടെ അനുരണനങ്ങളോടെ പലതരം സാമൂഹ്യവിവേചനങ്ങള്‍ക്കും സദാചാരദുരാചാരങ്ങള്‍ക്കും പഴഞ്ചന്‍ മൂല്യബോധങ്ങള്‍ക്കുമെതിരെ കലഹിക്കുന്ന ഒരു നൂറ് കന്നി അയ്യപ്പന്മാരെങ്കിലുമില്ലാതെ ചലച്ചിത്രമേളയുടെ ഒരു മണ്ഡലകാലവും ഇവിടെ പിറക്കുന്നില്ല. അതത്രയും സിനിമയ്ക്ക് പുറത്തെ സിനിമ നിമിത്തമാകുന്ന സൗഹൃദങ്ങളുടെയും കൂട്ടായ്മകളുടെയും പോരാട്ട വേളകളും ആഹ്ലാദ നിമിഷങ്ങളുമാകുന്നു. അത് കാണികളായെത്തുന്ന പരസഹസ്രം മനുഷ്യര്‍ രാഷ്ട്രീയമായി ഉണര്‍ന്നു നില്‍ക്കുന്നതിന്റെയും പല ആസ്വാദനഘട്ടങ്ങളായ ഫര്‍ണ്ണസ്സുകളിലൂടെ കടന്ന് വന്ന് പാകം വന്നതിന്റെയും പരിണമിച്ചതിന്റെയും തെളിച്ചമുള്ള ദൃഷ്ടാന്തവുമാണ്. അത് നമ്മുടെ ചലച്ചിത്രമേളകള്‍ ചലച്ചിത്ര ആസ്വാദകനിലുണ്ടാക്കിയ മാറ്റത്തെ എപ്പോഴും വിളിച്ചു പറയുന്നതാണ്.

ലോകമേളയുടെ ഈ അരങ്ങില്‍ എവിടെയാണ് നമ്മുടെ മലയാള സിനിമയിലെ ആളുകളുടെ സ്ഥാനം. ലോകം തിരുവനന്തപുരത്തേക്ക് പല സിനിമാ ഭൂഖണ്ഡങ്ങളായി ഇറങ്ങിവരുമ്പോള്‍ ഈ വ്യവസായത്തില്‍ അന്തിയുറങ്ങുന്നവരെല്ലാം ഏത് മാളത്തിലാണ് പോയി ഒളിച്ചിരിക്കുന്നത്.? ഇവര്‍ക്കൊക്കെ ഏതാനും ദിവസമെങ്കിലും ഇവിടെ വന്ന് സിനിമ കണ്ടുപോയാല്‍ എന്താണ് സംഭവിക്കുക ? സിനിമയെ ഉള്ളില്‍ നിന്ന് മാറ്റിപ്പണിയേണ്ടവരായ ഈ വലിയ വിഭാഗം ആളുകള്‍ക്ക് ഇപ്പോഴും ചലച്ചിത്രമേളകള്‍ എങ്ങിനെയാണ് ചതുര്‍ത്ഥിയാവുന്നത്? കാക്കത്തൊള്ളായിരം സംവിധായകരും നടന്മാരും സാങ്കേതിക വിദഗ്ദരും സ്വന്തം കലയുടേയോ ഉപജീവനത്തിന്റെയോ ആയ ഈ മേളകള്‍ക്കു നേരെ എങ്ങിനെയാണ് മുഖം തിരിക്കാനാവുന്നത് ? അല്ല, അവര്‍ എല്ലാം തികഞ്ഞവര്‍ എന്നാണോ അര്‍ത്ഥം. എല്ലാ ചോദ്യങ്ങള്‍ക്കും മറു ചോദ്യങ്ങളും മറു ഉത്തരങ്ങളും ഉണ്ടാകുമെങ്കിലും ഫലം എന്തായാലും ഒളിച്ചോട്ടമാണ്.

pedro almodovar

ലോകസിനിമയുടെ മേളയും അതിന്റെ കാണല്‍ വഴി രൂപപ്പെടുന്ന സംസ്‌കാരവും രാഷ്ട്രീയവും സൗന്ദര്യശാസ്ത്രവും നേരിടാനാവാതെ ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് മലയാള സിനിമാലോകം ചലച്ചിത്രമേളയില്‍ കാട്ടിക്കൊണ്ടിരിക്കുന്നത്. അപ്പോള്‍ ഇരുപതല്ല നൂറു വര്‍ഷം കഴിഞ്ഞാലും പ്രായമാകുകയോ പക്വമാകുകയോ ചെയ്യാത്ത സിനിമയുടെ മറ്റൊരു ബൃഹദ് ലോകം നമുക്ക് ചുറ്റിലും സമുദ്രം പോലെ പരന്ന് നില്‍ക്കുകയും, അപ്പോഴും നമ്മള്‍ ഇതേ ചര്‍ച്ചയും വാര്‍ഷികാനുഷ്ഠാനവും നടത്തിക്കൊണ്ടിരിക്കുമെന്ന് സാരം. അതായത് നമ്മുടെ മേളകള്‍ കൊള്ളേണ്ടിടത്ത് കൊള്ളുന്നില്ല എന്നോ ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുക്കുന്നില്ല എന്നോ ആണ് അതിനര്‍ത്ഥം.

സ്വന്തം സിനിമകള്‍ മേളകളില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍, അത് മത്സര വിഭാഗത്തില്‍ തന്നെ ഉള്‍പ്പെടുത്തിയില്ലെങ്കിലാണ് ഇവിടെ ചില സിനിമാക്കാരുടെ ശബ്ദം പുറത്തു കേള്‍ക്കുക. ഉള്‍പ്പെട്ടവരുടെ ശബ്ദം അകത്തും കേള്‍ക്കും. (ഇന്ത്യയുടെ ചലച്ചിത്രമേള നടക്കുന്ന ഗോവയില്‍ മത്സര വിഭാഗമെന്നത് കാണികളുടെ അവസാനത്തെ പരിഗണനയില്‍ വരുന്ന കാര്യമാണ്. ലോകസിനിമയുടെ മറ്റു പാക്കേജുകള്‍ക്കാണ് ഇവിടെ പ്രധാന്യം. ലോകത്തെ തന്നെ ഏറ്റവും വില കൂടിയ ആ സമ്മാനം നേടി പോയവരെ ഇക്കുറി ആരും അറിഞ്ഞിട്ടു പോലുമില്ല. കേരളത്തില്‍ മാത്രമാണ് മത്സര വിഭാഗത്തില്‍ ആളുകള്‍ ശ്രദ്ധിക്കുന്നത്. മലയാളിക്ക് മത്സരമാണല്ലോ കലയും ജീവിതവും !) മേളയില്‍ ഉള്‍പ്പെടുത്തപ്പെട്ടവര്‍ പരിവാര സമേതമെത്തി ചാനലുകളില്‍ നിറയും. സ്വന്തം സിനിമകളെ പുകഴ്ത്തും. അതിനപ്പുറം ചലച്ചിത്രമേളകള്‍ സൃഷ്ടിക്കുന്ന സാമൂഹികവും രാഷ്ട്രീയവും സൗന്ദര്യശാസ്ത്രപരവുമായ പ്രസരണനങ്ങളെയോ ബോധനിര്‍മ്മാണത്തെക്കുറിച്ചൊന്നും അത്തരം ആളുകള്‍ ഒട്ടും വേവലാതിയുള്ളവരല്ല. ലോക സിനിമയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എപ്പോഴെങ്കിലും ഒന്ന് അമര്‍ന്നിരുന്നു കാണുന്നതിന് അത്തരക്കാരെ കിട്ടില്ല.

എല്ലാവരെയും അടച്ചാക്ഷേപിക്കുന്നില്ല. നടനും സംവിധായകനുമായ വിനീത് കുമാര്‍ എല്ലാ ഗോവ മേളകളിലെയും സ്ഥിരം പ്രതിനിധിയും ലോക സിനിമകളെ ഏറ്റവും ശ്രദ്ധയോടെയും വൈവിധ്യങ്ങളോടെയും കാണുന്നയാളുമാണെന്ന് നമുക്കറിയാവുന്നതു പോലെ മറ്റൊരാളെ ചൂണ്ടിക്കാട്ടാനില്ല. പിന്നെ ചാനല്‍ ക്യാമറകള്‍ ഉള്ളതുകൊണ്ട് മാത്രം ഏതു മേളയിലും പറന്നെത്തുന്ന ചില സിനിമാക്കാരുണ്ട്, അവരെ ചാനല്‍ ആവശ്യം കഴിഞ്ഞാല്‍ പിന്നെ തീയറ്ററിന് അകത്തോ പുറത്തോ കാണാന്‍ പോലും കിട്ടില്ല. അതുകൊണ്ട് നമ്മുടെ സിനിമാക്കാര്‍ ലോക സിനിമ കാണാത്തവരാണെന്ന് പറയാനൊക്കില്ല. അവര്‍ ഡിവിഡിയെയും ടോറന്റ് പോലുള്ള മാര്‍ഗ്ഗങ്ങളെയും ചലച്ചിത്രമേളയ്ക്ക് പുറത്ത് ആശ്രയിക്കുന്ന നവ പരിഷ്‌ക്കാരികളാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. അതിന് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മലയാള സിനിമകള്‍ ഏതേത് ലോക സിനിമകളുടെ ഈച്ചക്കോപ്പികളാണെന്ന് വെറുതേയൊന്ന് പരിശോധിച്ചാല്‍ മതി.

passolini

കേരളത്തിന്റെ ഐഎഫ്എഫ്‌കെ എന്ന ചലച്ചിത്രമേളയ്ക്ക് 20 വയസ്സാണ് പ്രായമെങ്കിലും അത് കേരളത്തിലെ മുഴുവന്‍ ചലച്ചിത്രമേളകളുടെയും പ്രായമല്ല. അറുപതുകള്‍ തൊട്ടേ കേരളത്തില്‍ തിരുവനന്തപുരത്തും കോഴിക്കോടുമെല്ലാം ഫിലിം സൊസൈറ്റി മൂവ്‌മെന്റുകളുടെ ഭാഗമായി ചലച്ചിത്രമേളകള്‍ ഉണ്ടായിട്ടുണ്ട്. അരവിന്ദനും അടൂരും കെപി കുമാരനും ജോണ്‍ എബ്രഹാമിനെയും പോലുള്ളവര്‍ ആ സിനിമാക്കാലത്തിന്റെ സന്തതികളാണ്. `സ്വയംവരം’ എന്ന ചലച്ചിത്ര സംഭവത്തിനു പിന്നില്‍ ഒരു ഫിലിം സൊസൈറ്റിയാണ, ചിത്രലേഖ. സ്വയം വരത്തിനു പിന്നില്‍ അടൂരിനെ പോലെ ഓര്‍ക്കേണ്ടുന്ന പേരാണ് അതിന്റെ തിരക്കഥാകൃത്ത് എന്നതിനപ്പുറം കെപി കുമാരന്റെ പേര്. പക്ഷേ അടൂര്‍ പോലും അത് പറയുന്നത് എവിടെയും കേട്ടിട്ടില്ല. സിനിമയുടെ ടൈറ്റിലിലും കുമാരന്‍ എന്ന് പേരു മാത്രമേ കാണു. കെപി എന്ന ഇനീഷ്യല്‍ ഒഴിവാക്കിയിരിക്കുന്നു; ഏതോ ഒരു കുമാരന്‍ എന്ന മട്ടില്‍. അതിഥി എന്ന സിനിമയിലൂടെ കെപി കുമാരന്‍ പിന്നീട് മലയാള സമാന്തര സിനിമയുടെ ചരിത്രത്തില്‍ ആ പേര് ഏറ്റവും ശക്തമായി സ്ഥാപിച്ചെടുത്തിട്ടുണ്ട്.

പറഞ്ഞ് വരുന്നത് ആര്‍ട്ട് സിനിമയെന്ന് പറയുന്ന ലോകവും അത്ര നിഷ്‌ക്കളങ്കവും പുണ്യവുമൊന്നുമല്ല എന്നു തന്നെയാണ്. പക്ഷേ അതിന്റെ ശരിയായ ചരിത്രവും അറിവുള്ളവര്‍ സിനിമയിലെ കൊടിവെച്ച തമ്പുരാക്കന്മാരെ ഭയന്ന് എഴുതിയിട്ടില്ല. അതുകൊണ്ട് നമ്മുടെ ചലച്ചിത്രമേളയുടെ പ്രായം നമ്മുടെ കണ്‍മുന്നില്‍ നടന്ന മേളകളുടെ പ്രായമാണ്; മറ്റെല്ലാ ചരിത്രവും പറയുന്നത് കള്ളമാണെന്നത് കൊണ്ട് തന്നെ. അങ്ങിനെയെങ്കില്‍ 1995ലെ കോഴിക്കോട് മേളയില്‍ നിന്ന് തുടങ്ങുന്നു ആ ചരിത്രം. പിന്നെ തിരുവനന്തപുരം, ഏറണാകുളം, കോഴിക്കോട് എന്നിങ്ങനെ സഞ്ചരിച്ച് തിരുവനന്തപുരം സ്ഥിരം വേദിയാക്കി. പക്ഷേ കോഴിക്കോട് മേളയിലേത് പോലെ, ചുട്ടുപൊള്ളുന്ന പസ്സോലിനി ചിത്രങ്ങളുടെ ആ മേള പോലെ, മറ്റൊരു സംഭവ ബഹുലമായ അനുഭവവും പിന്നീട് തിരശ്ശീലയില്‍ സംഭവിച്ചതായി ഓര്‍ക്കുന്നില്ല. ഇന്ത്യയില്‍ തന്നെ ആദ്യമായി കേരള മേളയിലൂടെയായിരുന്നു അന്ന് ആളുകള്‍ പസ്സോളിനി ചിത്രങ്ങള്‍ കണ്ടത്.

pasolini-poster

കിം കിദുക്ക് മേളയിലെ സൂപ്പര്‍ താരമാകുന്നതുവരെ, കൊറിയയിലെ കിം കിദുക്കിന്റെ പടിവാതിലില്‍ `ബീനാ പോള്‍ ഈ വീടിന്റെ ഐശ്വര്യം’ എന്ന് എഴുതിവച്ചുവെന്ന് പറയുന്ന കഥ പ്രചരിക്കും വരെ, പസ്സോലിനി തന്നെയായിരുന്നു കേരളമേളയുടെ ഉജ്ജ്വല മുഖം. എന്നാല്‍ കിദുക്ക് വന്നതോടെ സിനിമ മന്ത്രവും മാജിക്കുമായി മാറി. പസ്സോലിനി സിനിമയിലെ രതിയുടെ രാഷ്ട്രീയമൂര്‍ച്ചയല്ല കിദുക്കിന്റേത്. അത് കേവലം വഴിതെറ്റലിന്റെയും കുറ്റസമ്മതത്തിന്റെയും ആത്മീയ മാര്‍ഗ്ഗത്തിന്റെയും മാത്രമായി ചുരുങ്ങി. അത് ആഘോഷിക്കുന്ന ആള്‍ക്കൂട്ടവും ശരിയായ രാഷ്ട്രീയകാഴ്ച്ചകള്‍ വേണ്ടാത്തവരായി മാറി. തിരശ്ശീലയെ തീപ്പിടിപ്പിച്ച കാലമെല്ലാം പഴങ്കഥയായി.

kim kiduk

ആ മേളച്ചരിത്രമെല്ലാം നമുക്ക് അങ്ങിനെ എത്രയും നീട്ടിയെഴുതാം. ഈ മേളകളിലേക്കെല്ലാം എപ്പോഴും കല്ലും മുള്ളും ചവിട്ടി വരുന്ന ഗുരുസ്വാമിമാര്‍ക്കെല്ലാം പ്രതിപാദിക്കാന്‍ നിരവധി ചരിത്രങ്ങളുണ്ടാവുമെന്ന് ഉറപ്പ്. എന്നാല്‍ 2004ല്‍ ഇന്ത്യയുടെ ചലച്ചിത്രമേള നമ്മുടെ വളരെ അടുത്തെത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഗോവയുടെ സവിശേഷ ലഹരികളും കാര്‍ണിവല്‍ സംസ്‌കാരവും പറഞ്ഞാണ് അന്ന് പാരമ്പര്യ കേരളമേളക്കാര്‍ ഗോവയെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ മലായാളികളുടെ ശരിയായ ചലച്ചിത്രമേള തിരുവനന്തപുരമല്ല ഗോവയായി മാറിക്കൊണ്ടിരിക്കുന്നതാണ് കാണാന്‍ കഴിയുന്നത്.

കേരളത്തിന്റെ വടക്കന്‍ ജില്ലകളിലുള്ളവര്‍ക്ക് തീരുവനന്തപുരത്തേക്കുള്ളതിന്റെ പകുതി ദൂരം സഞ്ചരിച്ചാല്‍ മതിയാകും ഗോവയിലേക്ക്. സിനിമ മനസ്സമാധാനത്തോടെ ഇരുന്നു കാണാം. ജനകീയത എന്നാല്‍ ആള്‍ക്കൂട്ടബഹളവും തീയറ്ററിനകത്തെ കൂവലും കാറിതുപ്പലും പിന്നെ തോന്നുമ്പോഴുള്ള പോക്കുവരവും തറയിലിരിപ്പുമല്ലെന്നും അത് സിനിമ പ്രക്ഷേപിക്കുന്ന കാര്യങ്ങളും നമ്മള്‍ അത് ഏത് ബോധത്തില്‍ ഏറ്റെടുക്കുന്നു എന്നതുമായി ബന്ധപ്പെട്ടാണെന്ന് മലായാളി ഇനിയും മനസ്സിലാക്കിയിട്ടില്ലെന്ന് തോന്നുന്നു. ജനകീയത വേഷത്തിലല്ല ഉള്ളടക്കത്തിലാണ് നിറവേറണ്ടത്. പകിട്ടില്‍ കാര്‍ണിവലാണെങ്കിലും അതിന്റെ സൗന്ദര്യത്തിനപ്പുറത്ത് തന്നെ ഗോവ ചലച്ചിത്രങ്ങളുടെ സമാന്തര ജനകീയസൗന്ദര്യം സൃഷ്ടിക്കുന്നുണ്ട്; ബോളിവുഡിന് ചില പ്രാമാണ്യത്തങ്ങളൊക്കെ നല്‍കുന്നുവെങ്കിലും. അതെവിടെയാണ് ഇല്ലാത്തത്, വാണിജ്യ സിനിമയുടെ ആളുകള്‍ ഇവിടെയും എന്താണ് ചെയ്യുന്നതെന്ന് നമുക്കറിയാമല്ലോ. കേരളത്തിലെ ബദല്‍ സിനിമാപ്രവര്‍ത്തകരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും നിരൂപകരും വിദ്യാര്‍ത്ഥികളും ഇന്ന് ആധികാരമായി ആശ്രയിക്കുന്നത് ഗോവ മേളയെയാണ്. എന്തായാലും ഗോവമേളയുമായി ഉരച്ചു നോക്കിയാല്‍ കേരള മേളയുടെ ചെമ്പ് പുറത്തുകാണാം. എന്നിരുന്നാലും ഇത് നമ്മുടെ മേളയാണ്, അതിന് പിന്നിലൊരു പ്രതിരോധ ചരിത്രമുണ്ട്, മഹാന്മാരായ കലാകാരന്മാരുടെ വിയര്‍പ്പുണ്ട് എന്നതൊന്നും വിസ്മരിച്ചു കൂടാത്തതാണ്.

കേരളത്തിലെ ചലച്ചിത്രമേളകള്‍ നമ്മുടെ സ്വന്തം സിനിമയ്ക്ക് എന്ത് നല്‍കി, നമ്മുടെ സിനിമാ ലോകം ഈ ചലച്ചിത്ര മേളയക്ക് എന്തു തിരികെ നല്‍കി, നല്‍കുന്നു എന്നെല്ലാം ഈ ഇരുപതാം വര്‍ഷമെങ്കിലും നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. എന്തായാലും നമുക്കിത് നമ്മുടെ ചെറിയ ചെലവിലുള്ള വലിയ ലോകപര്യടനമാണ്. ചിലപ്പോള്‍ സിനിമയ്ക്കപ്പുറത്തേക്ക് വളരുന്ന നവ രാഷ്ട്രീയസമരങ്ങളുടെ കൂടി വേദിയാകുന്നുണ്ട് നമ്മുടെ ചലച്ചിത്രമേളയെന്ന് മറന്നു കൂടാ. അതു കൊണ്ട് സിനിമ മാത്രമാവുന്നില്ല ഇവിടെ വിഷയം. എന്നാല്‍ സിനിമാക്കാര്‍ ഇത് അവരുടെ വേദിയാണെന്ന് തിരിച്ചറിയാതെ വരുമ്പോള്‍ അതൊരു പ്രശ്‌നമാണ്. ഈ പ്രേക്ഷക സമൂഹമല്ല മേളയ്ക്ക് പുറത്ത് എന്നായിരിക്കും അവരുടെ ധാരണ. പക്ഷേ പുതിയ ചിന്താമുന്നേറ്റങ്ങള്‍ ഇവിടെ നിന്ന് സംഭവിക്കുന്നത് കാണാതിരുന്നാല്‍ ആ തലകള്‍ നരക്കുകയാണെന്ന് പറയേണ്ടി വരും. എന്നിട്ടും ചലച്ചിത്രമേളയില്‍ ആളുകള്‍ തിക്കിക്കയറുമ്പോഴും, ഇത്തരം സിനിമകള്‍ തീയറ്ററിലെത്തുമ്പോള്‍ ഈ മനുഷ്യരൊക്കെ എവിടെ പോകുന്നു എന്ന് ചോദിക്കുന്നവരുണ്ട്. ചോദ്യം ശരിയാണ് താനും. മേള തീരുന്നതോടെ അടച്ചുവയ്ക്കപ്പെടുന്ന അവബോധങ്ങളല്ല നമുക്ക് വേണ്ടതെന്നര്‍ത്ഥം.

iffk

മാധ്യമങ്ങള്‍ക്ക് അവിടെ വലിയ പങ്കുണ്ട്. മേളയിലെ യഥാര്‍ത്ഥ മുഖങ്ങളല്ല, പലപ്പോഴും വഴിപോക്കരായ താരങ്ങളാകും ചാനലുകളില്‍ നിറയുക. വിവാദങ്ങളല്ലാതെ അര്‍ത്ഥപൂര്‍ണ്ണമായ ഇടപെടുകളുടെ ശബ്ദം എവിടെയും കേള്‍ക്കാറേയില്ല. റിപ്പോര്‍ട്ടിംഗിനിറങ്ങുന്നവര്‍ ലോക സിനിമയേക്കുറിച്ച് എവിടെയും ഗൃഹപാഠം നടത്തുന്ന സ്വഭാവമേയില്ല. അതുകൊണ്ടാണ് 2009ല്‍ പെദ്രോ അല്‍മോദോവറിന്റെ ചിത്രങ്ങളുണ്ടായപ്പോള്‍ നമ്മുടെ കൂട്ടത്തില്‍ തന്നെയുള്ള കേരളാ കൗമുദിയിലെ വിഎസ് രാജേഷ് തമാശയായെങ്കിലും ഒരിക്കല്‍ വിളിച്ചു പറഞ്ഞത്, `പ്രിയപ്പെട്ട സുഹൃത്തുക്കളെ അല്‍മോദോവറിന്റെ ചിത്രങ്ങളെക്കുറിച്ച് നമുക്ക് അറിയാതിരിക്കാം, പക്ഷേ അല്‍മോദോവര്‍ ആണാണോ പെണ്ണാണോ എന്നെങ്കിലും നമ്മള്‍ അറിഞ്ഞിരിക്കണം”.

mrinalsen

ശരിക്കും ഇതായിരുന്നില്ല പഴയ കാലത്തെ ചലച്ചിത്രമേള റിപ്പോര്‍ട്ടിംഗ്. ഇന്നത്തെ പ്രശസ്ത സാഹിത്യകാരനായ സിവി ബാലകൃഷ്ണനായിരുന്നു എണ്‍പതുകളില്‍ ദേശാഭിമാനിക്കുവേണ്ടി ഇന്ത്യയുടെ ചലച്ചിത്രമേളകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ടായിരുന്നത്. അത് ഒരു പാഠപുസ്തകമാണ്. മാതൃഭൂമിയില്‍ പ്രേംചന്ദിന്റെയും ഡോണ്‍ ജോര്‍ജിന്റെയും കേരളാകൗമുദിയില്‍ വിഎസ് രാജേഷിന്റെയും മാധ്യമത്തില്‍ എന്‍പി സജീഷ്, കെപി റഷീദ് എന്നിവരുടെയും ദേശാഭിമാനിയില്‍ സജീവ് പാഴൂരിന്റെയും റിപ്പോര്‍ട്ടിംഗുകള്‍ സമീപകാല മാതൃകകകളാണ്. ചാനലുകളില്‍ മാങ്ങാട് രത്‌നാകരന്‍, കെബി വേണു, എംഎസ് ബനേഷ്, സോണി ഭട്ടതിരിപ്പാട് എന്നിവരുടെ ഗോവ ചലച്ചിത്രമേള റിപ്പോര്‍ട്ടുകള്‍ പ്രശസ്തമാണ്. അതിനു പിന്നാലെയായിരുന്നു മനീഷ് നാരായണന്റെയും എന്റെയും ഊഴം. പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍ക്ക് ശക്തമായ സാധ്യതയുള്ളതാണ് ഓരോ ചലച്ചിത്രമേളയും. മേളയെ ശരിയായി വഴിനടത്തേണ്ടത് മാധ്യമങ്ങളാണ്. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് വന്നതോടെ ഇവിടെ ഇപ്പോള്‍ വിമര്‍ശനങ്ങളെല്ലാം കെട്ടുപോയി തുടങ്ങിയിട്ടുണ്ട്.

Untitled-2

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News