‘ഒഴിവുദിവസത്തെ കളി’ വായന സമ്മാനിച്ച അനുഭവമെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍; ഐഎഫ്എഫ്‌കെയില്‍ മലയാളസിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും

സനല്‍കുമാര്‍ ശശിധരന്‍. ആദ്യസിനിമയായ ഒരാള്‍പ്പൊക്കത്തിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡടക്കം നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ സംവിധായകന്‍. മികച്ച അഭിപ്രായങ്ങള്‍ നേടി അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘ഒഴിവുദിവസത്തെ കളി’യും നല്ല സിനിമകളെ സ്‌നേഹിക്കുന്നവരിലേക്ക് എത്തുകയാണ്.

സനല്‍കുമാര്‍ ശശിധരനുമായി അനൂപ് കെയാര്‍ നടത്തിയ അഭിമുഖം

ഇരുപതാമത് കേരള രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തില്‍ ‘ഒഴിവുദിവസത്തെ കളി’ പ്രദര്‍ശിപ്പിക്കുന്നു.

1610950_1003861966324963_2689253363276943585_n

‘ഒരാള്‍പ്പൊക്കത്തിനു’ ശേഷം ‘ഒഴിവുദിവസത്തെ കളി’, വിമര്‍ശനങ്ങളേക്കാള്‍ മികച്ച അഭിപ്രായങ്ങള്‍,പുരസ്‌കാരങ്ങള്‍. സനല്‍കുമാര്‍ ശശിധരന്‍ മലയാള സിനിമാചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടുകഴിഞ്ഞു. എന്താണ് താങ്കളുടെ സിനിമ?

ജീവിതം തന്നെയാണ് എന്റെയും സിനിമ. നാടകീയത, കവിത, സ്വപ്നങ്ങള്‍ എല്ലാമുള്ള കല. അവനവനെ എഴുതുന്നതാണ് കലയെങ്കില്‍ അതാണ് സിനിമയിലൂടെ ഞാന്‍ ചെയ്യുന്നതും. വ്യക്തിപരമായ രാഷ്ട്രീയം, സ്വപ്‌നങ്ങള്‍, കാഴ്ചപ്പാടുകള്‍ എല്ലാം അതിലുണ്ട്. എല്ലാവരെയും പോലെതന്നെ. ഞാനിത് എക്‌സപ്രസ്സ് ചെയ്യുന്നത് സിനിമയിലൂടെയാണ്. എന്റൈ മീഡിയം സിനിമയാണ്.

പുതിയ സിനിമ, ഉണ്ണി ആറിന്റെ കഥ. ‘ഒഴിവുദിവസത്തെ കളി’ സിനിമയാക്കുമ്പോള്‍ സംവിധായകന്റെ ഇടപെടല്‍ ഏങ്ങനെയാണ്?

രാഷ്ട്രീയം പ്രത്യക്ഷത്തില്‍ വ്യാഖ്യാനിക്കപ്പെട്ടാല്‍ അത് കലയല്ല. അതൊരു മുദ്രാവാക്യം മാത്രമാകുമെന്നാണ് എന്റെ അഭിപ്രായം. രാഷ്ട്രീയമുണ്ട്.  ‘ഒഴിവുദിവസത്തെ കളി’എനിക്ക് വായനയിലൂടെ ലഭിച്ച അനുഭവമാണ്. കൂട്ടിച്ചേര്‍ക്കലുകളും വ്യാഖ്യാനങ്ങളുമുണ്ട് എന്റേതായി സിനിമയില്‍. ഉണ്ണിയുമായി ഇക്കാര്യമെല്ലാം സംസാരിക്കുകയും ആ സ്വാതന്ത്ര്യം എനിക്ക് അദ്ദേഹം നല്‍കിയിട്ടുമുണ്ട്.

Displaying 544928_1084975464851690_6735836136049740471_n.jpg10538622_935764366439468_6855036156623223467_n

സിനിമ ദൃശ്യകലയാണോ. ഒരാള്‍പ്പൊക്കത്തില്‍ പല രംഗങ്ങളിലും ഇരുട്ടും നിശബ്ദതയുമെല്ലാം അനുഭവമാകുന്നു. ശബ്ദം മാത്രമുള്ള രംഗങ്ങളുമുണ്ട്. വൈകാരികതയെ, മാനസിക വ്യവഹാരങ്ങളെ ചിത്രീകരിക്കുന്നതില്‍ ഇവയെ കൂടുതലായി ഉപയോഗിക്കുന്നതായി കാണുന്നു. ?

കണ്ണുകൊണ്ട് കാണുന്നതാണ് കേവലാര്‍ത്ഥത്തില്‍ ദൃശ്യം.കണ്ണുകൊണ്ട് കാണാത്തപ്പോള്‍ പോലും രൂപകല്‍പ്പന നടക്കാറില്ലേ. സിനിമ ദൃശ്യകലയല്ല, ദൃശ്യ അനുഭവകലയാണ്. മൗനം, സംഗീതം എല്ലാമുള്ള ഇല്ല്യൂഷന്‍. ശബ്ദം ഉള്‍പ്പെടെ ഒരു ദൃശ്യം കാണുന്നതും ശബ്ദമില്ലാതെ അത് കാണുന്നതും തരുന്ന അനുഭവം രണ്ടുതരത്തിലാണ്. അപ്പോള്‍ കേവലാര്‍ത്ഥത്തിലുള്ള ദൃശ്യകലയാണ് സിനിമ എന്ന് പറയാന്‍ കഴിയില്ല. ശബ്ദം കൊണ്ടും ദൃശ്യാനുഭവം ഉല്‍പാദിപ്പിക്കാന്‍ കഴിയും. അനുഭവത്തെ പകര്‍ന്നുകൊടുക്കുകയാണ് സിനിമ ചെയ്യുന്നത്. ഒരാള്‍പ്പൊക്കത്തില്‍ ശബ്ദം മാത്രം ചില രംഗങ്ങളിലുണ്ട്.ഇത് കൂടുതല്‍ ഇഫക്ടീവ് ആയി സിനിമയില്‍ ചെയ്യാനാകുമെന്ന് കരുതുന്നു.

ഒരാള്‍പ്പൊക്കത്തിനെക്കുറിച്ച് ചില വിമര്‍ശനങ്ങളുണ്ടായിരുന്നല്ലോ. പുരുഷപക്ഷത്തു നില്‍ക്കുന്ന സിനിമ എന്നെല്ലാം. സിനിമയില്‍ ലിംഗം എന്താണ് ? സനല്‍ ശശിധരന്റെ സിനിമയുടെ ലിംഗം എന്താണ്. ഒരാള്‍പ്പൊക്കം ആണ്‍ പൊക്കമാണ് എന്ന രീതിയില്‍ വിമര്‍ശനമുണ്ടായിരുന്നല്ലോ. ?

ആണ് സ്വത്വമുള്ള ഞാന്‍ എടുക്കുന്ന സിനിമ ആണ്‍ പക്ഷത്തുതന്നെയാണ് നില്‍ക്കുന്നത്. ഫെമിനിസ്റ്റ് സിനിമകള്‍ എടുക്കേണ്ടത് സത്രീകള്‍ തന്നെയാണ്. അതിന് സത്രീകള്‍ക്കാണ് സാധിക്കുക എന്നാണ് എന്റെ വിശ്വാസം. വിമര്‍ശനങ്ങളുണ്ടായി. അതെല്ലാം പുരുഷന്‍ എടുക്കുന്ന സിനിമയിലെ സത്രീവിരുദ്ധത സംബന്ധിച്ചാണ്. പുരുഷന്‍ സ്ത്രീപക്ഷ സിനിമ എടുക്കുന്നത് മറ്റൊരു സ്‌പേസ് എടുക്കുന്നതു പോലെയാണത്. ആ സ്‌പേസ് സത്രീകളാണ് എടുക്കേണ്ടത്. ഒരാള്‍പ്പൊക്കം ആണ്‍പൊക്കമാണ് എന്ന രീതിയില്‍ വിമര്‍ശനങ്ങളുണ്ടായി അത്അംഗീകരിക്കുന്നു. സത്രീവിരുദ്ധമാണോ, അത് എന്നത് ആലോചിക്കണം. കാലാകാലങ്ങളായി പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തില്‍ ജീവിക്കുമ്പോള്‍ എന്നില്‍ അടിഞ്ഞുകൂടിയിട്ടുള്ള ചിലകാര്യങ്ങള്‍ വന്നേക്കാം. അത് കുടഞ്ഞുകളയാന്‍ ശ്രമിക്കാറുമുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍ എന്റെ സിനിമ പുരുഷ പക്ഷത്തുതന്നെയായിരിക്കും നില്‍ക്കുക. അതിന്റ ലിംഗം ആണിന്റേതാണ്.

ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കമായിരുന്നു ഒരാള്‍പ്പൊക്കത്തിന്റെ പശ്ചാത്തലം. ഡോക്യുമെന്റേഷന്‍ എലമെന്റുകള്‍ വരുന്നു. പരിസ്ഥിതി, അതിന്റെ ഇന്ത്യന്‍ സമകാലിക രാഷട്രീയം എന്നിങ്ങനെ.?

എല്ലാ ഫിക്ഷനിലും സത്യത്തില്‍ നോണ് ഫിക്ഷണല്‍ എലമെന്റ്‌സ് ഉണ്ട്. നോണ്‍ ഫിക്ഷനില്‍ നിന്നാണ് ഫിക്ഷനുണ്ടാകുന്നത്. പൂര്‍ണ്ണ സ്വതന്ത്രമായ ഭാവന എത്രമാത്രം നിലനില്‍ക്കുമെന്ന് എനിക്കറിയില്ല. നമ്മള്‍ നില്‍ക്കുന്ന, നമ്മള്‍ പറഞ്ഞുകേട്ടിട്ടുള്ള, കണ്ടിട്ടുള്ള നോണ്‍ ഫിക്ഷന്‍ എലമെന്റുകള്‍ കൂട്ടിച്ചേര്‍ത്താണ് ഫിക്ഷനുണ്ടാകുന്നത്. അത്‌കൊണ്ട് പകര്‍ന്നുകൊടുക്കാവുന്ന വേറൊരുതരം അനുഭവം, ചിന്ത. അതാണല്ലോ കല. അതിന് പറ്റിയ മീഡിയം സിനിമയാണെന്ന് എനിക്കു തോന്നുന്നു. ഒരാള്‍പ്പൊക്കത്തില്‍ വെള്ളപ്പൊക്കം ദ്യശ്യമായി വരുന്നു. അത് സിനിമയിലേക്ക് കണ്‍വര്‍ട്ട് ചെയ്യപ്പെടുകയാണ്. മറ്റൊരു തലമോ, അനുഭവമോ മാത്രമായി അതിനെ ഉപയോഗിക്കാനാണ് ശ്രമിച്ചത്. സിനിമയിലെ ഒരുതരം കബളിപ്പിക്കലാണത്. അങ്ങിനെയെങ്കില്‍പ്പോലും ഒരുകാലഘട്ടത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയായി അതവശേഷിക്കും. സ്ഥലത്തിന്റേയും കാലത്തിന്റേയും.

11825816_1021512071226619_1895300527796071673_n

സിനിമയുടെ തിയറികള്‍ എന്താണ്. പാശ്ചാത്യ ചിന്താപദ്ധതികളില്‍ നിന്നുകൊണ്ടാണ് നമ്മുടെ സിനിമയും വിലയിരുത്തപ്പെടാറ്. ഒരാള്‍പ്പൊക്കം ആര്‍ട് ഹൗസ് മൂവിയായാണ് കാണുന്നത്. തിയറികള്‍ ആവശ്യമുണ്ടോ സിനിമയില്‍. ?

സിനിമയും വൈദേശികമായി വന്നതാണല്ലോ. അതിന്റെ തിയറികള്‍ കൂടുതലായും അവിടെ രൂപപ്പെട്ടു. ആര്‍ട്ട് എന്ന നിലയില്‍ പൗരസ്ത്യമായിട്ടുള്ള ചിന്തകള്‍ കൊണ്ടും വിശകലനം ചെയ്യാമെന്ന് തോന്നുന്നു. കലാകാരനെന്ന നിലക്ക്, ഏതു രീതിയില്‍ വിമര്‍ശിക്കപ്പെടണം എന്നത് എനിക്ക് ബാഹ്യമായ കാര്യങ്ങളാണ്. ഞാന്‍ വിശ്വസിക്കുന്നത് രണ്ടുതരത്തില്‍ സിനിമയുണ്ടെന്ന് തന്നെയാണ്. എന്നാല്‍ എല്ലാ കലയും ഒരു പരിധിക്കപ്പുറത്ത് കൊമേഴ്‌സ്യല്‍ പ്രൊഡക്റ്റാണ്. വാണിജ്യം എന്ന സംഗതിയില്‍ മാര്‍ക്കറ്റ്,ബയേഴ്‌സ് എന്നെല്ലാമുണ്ടാകും. ആര്‍ക്കുവേണ്ടിയാണ് നിര്‍മ്മിക്കപ്പെടുന്നത് എന്നത് പ്രധാനമാണ്. എന്നെ സംബന്ധിച്ച് മാര്‍ക്കറ്റ് സിനിമയുടെ നിര്‍മാണം പൂര്‍ത്തിയാവുന്നതു വരെ ഒരുഘട്ടത്തിലും മനസിലില്ല. സിനിമ ഉണ്ടായിക്കഴിഞ്ഞ് ഒരുപക്ഷേ ഞാനൊരു കച്ചവടക്കാരനായേക്കാം. ഒരാള്‍പ്പൊക്കം ആര്‍ട്ടിസ്റ്റിക്ക് സിനിമ തന്നെയാണ്.

കലയുടെ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് എന്താണ്. ? ആവിഷ്‌കാരവിശാലതകളെ ബാധിക്കുന്ന ഒന്ന് തന്നെയല്ലെ അതും. ഒഴിവു ദിവസത്തെകളി ഹൈലിപൊളിറ്റിക്കലാണല്ലോ.?

പൊളിറ്റിക്കല്‍ കറക്റ്റനസ് എന്നു പറഞ്ഞാല്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആരെയെങ്കിലുമൊക്കെ തൃപ്തിപ്പെടുത്തുന്ന ഒരു മനോഭാവമാണെന്നാണ് എന്റെ തോന്നല്‍. ചിലര്‍ക്കിണങ്ങുന്ന രീതിയില്‍ സിനിമയുണ്ടാക്കുക എന്നതാണത്. അതും ഒരുതരത്തില്‍ പറഞ്ഞാല്‍ കലാകാരന്റെ ആവിഷ്‌കാരത്തെ ബാധിക്കുന്നതാണ്. ഓര്‍ഗാനിക് ആയ കലാസൃഷ്ടിയില്‍ പൊളിറ്റിക്കല്‍ കറക്ട്‌നെസിനു സ്ഥാനമില്ല. പേടിച്ചും തൃപ്തിപ്പെടുത്തിയും ചെയ്യുന്ന സിനിമകള്‍ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് മാത്രമായിരിക്കും ഉല്‍പ്പാദിപ്പിക്കുക. എന്റെ സിനിമയില്‍ അതുവേണമെന്ന് എനിക്കുതോന്നാറില്ല.

1472007_792601817422391_1638338037_n

സെന്‍സറിങ്ങും അതുപോലെ ഈപ്പറയുന്ന ആവിഷ്‌കാരത്തെ കെട്ടിയിടുകയല്ലേ. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇതെല്ലാം കൂടുതല്‍ വിലങ്ങുകളായി പരിണമിക്കില്ലേ. സെന്‍സറിങ്ങിനെതിരെ മൂവ്‌മെന്റുകള്‍ ഉണ്ടാവേണ്ടതല്ലേ. സിനിമാക്കാരുടെ മാത്രം പ്രശ്‌നമായി ഇതിനെ കാണാനാവുമെന്ന് തോന്നുന്നില്ല.?

അതെ. അത് ബാര്‍ബറിക് ആയ പരിപാടി തന്നെയാണത്. നമ്മള്‍ സ്വതന്ത്ര സമൂഹമെന്ന് പറയുമെങ്കിലും സിനിമ പലരേയും കാണിച്ച് എഴുതിവെച്ച പലതിന്റേയും പേരില്‍ അതിനകത്തു നിന്നുകൊണ്ട് ചെയ്തില്ലെങ്കില്‍ കട്ടുചെയ്യുമെന്നൊക്കെ പറയുന്നതാണ് നടക്കുന്നത്. ഭരണഘടനാ വിരുദ്ധമാണത്. ആവിഷ്‌കാര സ്വാതന്ത്രത്തിനല്ലേ അത് തടസ്സമാകുന്നത്. എനിക്ക് തോന്നുന്നത് ഇതിനെയാരും ചലഞ്ച് ചെയ്യാത്തത് കൊണ്ടും ആരും കോടതിയില്‍ പോകാത്തതുകൊണ്ടും ഇത് നിലനില്‍ക്കുന്നു എന്നാണ്. ഏകാധിപത്യരീതി നിലനില്‍ക്കുന്ന ഒരിടത്തല്ലേ ഇതിനു സ്ഥാനമുള്ളു. ഇതുവരെ ഇതിവിടെനിലനിന്നു എന്നത് നേരത്തെ പറഞ്ഞതുപോലെ നമ്മുടെ സമൂഹത്തിന്റെ തകരാറായേ കാണാനാകൂ. ഇന്നും സെന്‍സറിങ്ങിനെക്കുറിച്ച് ഒരു അഭിപ്രായവോട്ടെടുപ്പ് നടത്തിയാല്‍ ഭൂരിഭാഗത്തിന്റെ അഭിപ്രായം സെന്‍സറിങ്ങ് വേണമെന്ന് തന്നെയായിരിക്കും. മാനസികമായ അടിമത്വം തന്നെയാണത്. ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനമൂല്യങ്ങള്‍ തിരിച്ചറിയുമ്പോഴെ നാമിതിലെ വൈരുദ്ധ്യം മനസ്സിലാക്കൂ. അതുകൊണ്ട് തന്നെ ഇത് സിനിമാക്കാരന്റെ തലയിലെഴുത്ത് മാത്രമല്ല. സിനിമകൊണ്ട് എന്തോ ചെയ്തുകളയും എന്ന പേടിയില്‍നിന്നാണ് ഇതുണ്ടാകുന്നത്. ഇന്നെന്നല്ല ഏതു രാഷ്ട്രീയ സാഹചര്യത്തിലും സെന്‍സറിങ്ങ് ഉണ്ടാവരുത്. കപടമായ മൂല്യബോധങ്ങളുടെ പ്രശ്‌നം തന്നെയാണിത്.

സിനിമാവണ്ടി എന്തായിരുന്നു ? സംവിധായകനും കൂട്ടരും സിനിമകാണിച്ചു നടന്നതെന്തിനാണ്. അത് വിജയിച്ചു എന്ന് കരുതുന്നുണ്ടോ.?

സിനിമാവണ്ടി ഒരു പ്രചരണ ഉപാധിയായാണ് കണ്ടത്. ഇങ്ങനെയും സിനിമയുണ്ട് എന്ന് പറയാനുള്ള ശ്രമങ്ങളുടെ ഭാഗം. സിനിമകാണിച്ചുകൊണ്ട് തന്നെ പറയുന്നു. അത് ഏറെക്കുറെ വിജയിച്ചു എന്നുതന്നെ കരുതുന്നു. സിനിമാവണ്ടിക്കുശേഷം വന്ന പല ആര്‍ടിസ്റ്റിക് മൂവികള്‍ക്കും തിയ്യറ്ററില്‍ ആളുണ്ടായിരുന്നു. അതായിരുന്നു അതിന്റെ ലക്ഷ്യം. സമാന്തര സിനിമാ മുന്നേറ്റങ്ങളില്‍ സിനിമാവണ്ടിയുമുണ്ട്.

10393788_1094641287218441_4186496158690132323_n

സമാന്തര മലയാള സിനിമാ നീക്കങ്ങളെ സമൂഹം എന്നു പറഞ്ഞാല്‍ മീഡിയ. തീയ്യറ്ററില്‍ കയറുന്ന ഭൂരിപക്ഷം അംഗീകരിച്ചിട്ടിട്ടുണ്ടോ.?

2015ലും നമ്മള്‍ സിനിമയെക്കുറിച്ച് പറയുമ്പോള്‍ ഉത്തരായനത്തേക്കുറിച്ചും പോക്കുവെയിലിനെക്കുറിച്ചുമാണ് പറയുന്നത്. ഒരു കാലഘട്ടത്തിന്റെ സിനിമയെക്കുറിച്ച് മാത്രം. കവിതയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് കഴിഞ്ഞാല്‍ കവിയില്ലെന്ന് പറയുന്ന പോലെയാണിത്. ആര്‍ട്ട് സിനിമയുടെ കാര്യത്തില്‍ പ്രത്യക്ഷമായി ഇതുണ്ട്. മൂന്നോ നാലോ വര്‍ഷമേ ആയിട്ടുള്ളു മലയാള സിനിമയില്‍ ഒരു സമാന്തര പാത വീണ്ടും വന്നിട്ടുണ്ടെന്ന്
അംഗീകരിക്കാന്‍ ആളുകള്‍, മീഡിയകള്‍ തയ്യാറായത്. അതു വരെ അടൂര്‍, അരവിന്ദന്‍ സിനിമകള്‍ മാത്രമായിരുന്നു.

എക്‌സ്പിരിമെന്റുകള്‍ കൂടിയാണ് താങ്കളുടെ സിനിമ. ‘ഒഴിവുദിവസത്തെ കളിയില്‍’ സ്‌ക്രീന്‍പ്ലേയോ, മുന്‍കൂട്ടി തയ്യാറാക്കിയ സംഭാഷണങ്ങളോ ഇല്ലാതെയായിരുന്നു ചിത്രീകരണം. പുതിയ സിനിമയെക്കുറിച്ച് കൂടി പറയൂ.?

സിനിമയില്‍ എനിക്ക് ഔപചാരിക വിദ്യാഭ്യാസമില്ല. ചട്ടകൂടനുസരിച്ച് സിനിമ ചെയ്യേണ്ട ബാധ്യതയും എനിക്കില്ല. ഗുരുക്കന്മാരോട് മാന്യത കാണിക്കേണ്ട ആവശ്യവുമില്ല. ഞാന്‍ കാണുന്നതൊക്കെ സിനിമയാണ്. ജീവിതത്തില്‍ ഒരു ദിവസത്തെ ക്യാമറയിലാക്കി നാലുമാസത്തിനുശേഷം എഡിറ്റ് ചെയ്താല്‍ അത് സിനിമയായിരിക്കും. പുതിയ സിനിമ അതുകൊണ്ട് തന്നെ എപ്പോളെന്ന് പറയാനും എനിക്കാകില്ല. പതിനഞ്ചോളം സ്‌ക്രിപറ്റുകള്‍ കയ്യിലുണ്ട്. ഒരേ രീതിയില്‍ ഇതു തുടരാനും ആഗ്രഹമില്ല. ബോറിംഗാണിത്. മേക്കിംഗിലോ മറ്റോ പുതിയവ ചെയ്തുകൊണ്ടിരിക്കാനാണ് ആഗ്രഹം. ഓര്‍ഗാനിക് ആയി സംഭവിക്കുന്നതാണ് എന്റെ സിനിമ. അങ്ങനെ സംഭവിക്കുന്ന സിനിമ നല്‍കുന്ന തൃപ്തിയാണ് എന്റെ ആഹാരം.

Sinima-vandi

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here