തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഹര്‍ജി സമര്‍പ്പിച്ചു. വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ രാവിലെ 11 മണിയോടെയാണ് വിഎസ് ഹര്‍ജി നല്‍കിയത്. എസ്എന്‍ഡിപി യോഗം പ്രസിഡന്റ് സോമന്‍, മഹേശന്‍, പിന്നോക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ നജീബ് എന്നിവരെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. ഇവര്‍ക്കെതിരെയും കേസെടുക്കണമെന്ന് വിഎസ് ഹര്‍ജിയില്‍ പറയുന്നു. 5,015 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് വിഎസിന്റെ ആരോപണം. കേസ് ജനുവരി 6ന് കോടതി പരിഗണിക്കും.
പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും ദേശസാത്കൃത ബാങ്കുകകളില്‍ നിന്നുമായി 5,015 കോടിയോളം രൂപ വെള്ളാപ്പള്ളി നടേശന്‍ വായ്പയെടുത്തു. ഈ തുകയാണ് 15 ശതമാനം വരെ കൊള്ളപ്പലിശയ്ക്ക് വെള്ളാപ്പള്ളി പാവങ്ങള്‍ക്ക് നല്‍കിയത്. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും എതിരെ കേസെടുക്കണമെന്ന് വിഎസ് ആവശ്യപ്പെടും. തന്നെ കുലംകുത്തി എന്നു വിളിച്ച വെള്ളാപ്പള്ളിയുടെ ആരോപണത്തിനും വിഎസ് മറുപടി നല്‍കി. കൊള്ളപ്പലിശയ്ക്ക് വായ്പ നല്‍കി സ്വന്തം സ്ത്രീ സഹോദരങ്ങളെ വഞ്ചിക്കുകയാണ് വെള്ളാപ്പള്ളി ചെയ്തത്. കോടതി വിധി വരുമ്പോള്‍ ആരാണ് കുലംകുത്തിയെന്ന് എല്ലാവര്‍ക്കും മനസ്സിലാകുമെന്നും വിഎസ് മാധ്യമങ്ങളോട് പറഞ്ഞു.
തട്ടിപ്പ് സംബന്ധിച്ച് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് വിഎസ് കത്ത് നല്‍കിയിരുന്നു. അതിന്മേല്‍ നടപടികളൊന്നും സ്വീകരിക്കാത്തതു കൊണ്ടാണ് കോടതി സമീപിക്കുന്നതെന്ന് വിഎസ് പറഞ്ഞു. അതേസമയം, കേസ് കൊടുക്കുന്നതിനെ ഭയപ്പെടുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. ആരോപണങ്ങള്‍ വി.എസ് തെളിയിക്കണമെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here