ആദ്യമേള ഇന്നും എന്റെ മനസിലുണ്ട്. അതിന്റെ കാരണക്കാരില്‍ ഒരാള്‍ എന്ന നിലയില്‍നിന്ന് ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡയറക്ടര്‍ വരെ എത്തിനില്‍ക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ മനസിലൂടെ കടന്നുപോകുന്നുണ്ട്. കേരളത്തിന്റെ സ്വന്തം മേള എത്രയോ വളര്‍ന്നിരിക്കുന്നു. ആര്‍ഭാടങ്ങളും ആഡംബരങ്ങളുമില്ലെങ്കിലും അത് ഏഷ്യയിലെ ഒന്നാംകിട ചലച്ചിത്രമേളകളിലൊന്നായി മാറിയിരിക്കുന്നു.
സിനിമയെന്നാല്‍ വിനോദം മാത്രമല്ലെന്ന് നമുക്ക് മലയാളികള്‍ക്ക് നന്നായറിയാം. ചരിത്രത്തിന്റെ ഏടുകളായി സിനിമകള്‍ക്ക് മാറാന്‍ കഴിയുമെന്ന് നമ്മുടെ ചലച്ചിത്രകാരന്‍മാര്‍ തെളിയിച്ചതുകൊണ്ടാകാം മലയാളികള്‍ ഇന്ന് സിനിമാസാക്ഷരതയില്‍ ഇന്ത്യയില്‍ മുന്‍പന്തിയിലാണ്. അതുകൊണ്ട് അവരുടെ സ്വന്തം മേളയിലേയ്ക്ക് ലോകത്തിലെ മികച്ച ചിത്രങ്ങള്‍ എത്തിക്കുക എന്നത് വലിയൊരു ഉത്തരവാദിത്തമായി വളര്‍ന്നിരിക്കുന്നു. ആ ഉത്തരവാദിത്തം വളരുന്തോറും നമ്മുടെ ചലച്ചിത്രോത്സവവും വളരും.
ഇതൊക്കെ പറയുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത് 1994-ല്‍ കോഴിക്കോട്ട് നടന്ന ആദ്യ ഐ.എഫ്.എഫ്.കെ ആയിരുന്നു. അന്ന് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനായിരുന്നു മേളയുടെ ചുമതല. കോര്‍പറേഷന്റെ അന്നത്തെ ചെയര്‍മാന്‍ യശ:ശരീരനായ നടന്‍ സുകുമാരന്‍. മലയാള സര്‍വകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ കെ.ജയകുമാറായിരുന്നു എം.ഡി. ഞാനും ഇന്ന് നമ്മോടൊപ്പമില്ലാത്ത കെ.പി.ഉമ്മറും എം.ജി.സോമനുമായിരുന്നു അംഗങ്ങള്‍. തിരുവനന്തപുരത്ത് ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടന്നുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കും ഒരാഗ്രഹം, കേരളത്തിന് ഒരു മേള ആയിക്കൂടേ എന്ന്. അന്നത്തെ സ്ഥിതിയില്‍ അത് അത്യാഗ്രഹമാണ്. മടിശീലക്കനമൊന്നുമില്ലാത്ത ഒരു സ്ഥാപനത്തിനും സംസ്ഥാനത്തിനും ചേരാത്ത അത്യാഗ്രഹം.
കെ.എസ്.എഫ്.ഡി.സി യോഗത്തില്‍ ഞാന്‍ ഇത് ഉന്നയിച്ചപ്പോള്‍ സുകുമാരന്‍ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു, ‘ചലച്ചിത്രമേളയോ, ഇവിടെ ചക്രമൊന്നുമില്ല.’ അപ്പോള്‍ സ്വന്തം ശൈലിയില്‍ ഉമ്മറും ഇടപെട്ടു, ‘മിസ്റ്റര്‍ സുകുമാരന്‍, അദ്ദേഹം പറയുന്നത് കേള്‍ക്കൂ’. സോമനും ഉമ്മറിനെ പിന്തുണച്ചു. കുറെ ചര്‍ച്ച ചെയ്തപ്പോള്‍ സുകുമാരനും ഞങ്ങളുടെ വഴിയിലായി. അങ്ങനെ ആദ്യ ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പിന് ഞാന്‍ കണ്‍വീനറും സോമനും ഉമ്മറും അംഗങ്ങളുമായി കമ്മിറ്റിയുണ്ടാക്കി.
പിന്നെയാണ് പ്രശ്‌നം. പണം എങ്ങനെയുണ്ടാക്കും? ഞങ്ങള്‍ നേരെ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ കണ്ട് വിഷയം ഉന്നയിച്ചു. ആശയത്തോട് അദ്ദേഹത്തിന് എതിര്‍പ്പൊന്നുമില്ലായിരുന്നു, പക്ഷേ എത്ര പണം വേണമെന്ന് ചോദിച്ചു. 50 ലക്ഷമെന്നായിരുന്നു ഞങ്ങളുടെ മറുപടി. അതൊന്നും തരാനില്ല, വേണമെങ്കില്‍ 25 ലക്ഷം തരാമെന്നായി മുഖ്യമന്ത്രി. ജയകുമാറിനോട് എന്നെ വന്ന് കാണാന്‍ പറയൂ എന്ന് ഞങ്ങളോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
അന്നത്തെ ദേശീയ ഫിലിം ആര്‍ക്കൈവ്‌സ് ഡയറക്ടര്‍ പി.കെ.നായരെയായിരുന്നു ഫെസ്റ്റിവല്‍ ഡയറക്ടറായി ഞങ്ങള്‍ മനസില്‍ കണ്ടത്. അദ്ദേഹത്തോട് കാര്യം പറഞ്ഞപ്പോഴുള്ള ആദ്യ പ്രതികരണം ആര്‍ യു മാഡ്? എന്ന ചോദ്യമായിരുന്നു. കാരണം ആറു മാസവും 25 ലക്ഷം രൂപയും വച്ചുകൊണ്ടാണ് ഒരു രാജ്യാന്തര ചലച്ചിത്രോത്സവം നടത്തേണ്ടത്. സര്‍, ഒന്നു തുടങ്ങിവച്ചാല്‍ മതി, പിന്നെ ഇത് നമുക്ക് വലുതാക്കാം എന്നൊക്കെ പറഞ്ഞ് ഞങ്ങള്‍ എന്തായാലും മുന്നോട്ടു കാല്‍ വച്ചു. അങ്ങനെ പി.കെ.നായര്‍ ഡയറക്ടറായി ഐഎഫ്എഫ്‌കെയ്ക്ക് ഹരീശ്രീ എഴുതി. അദ്ദേഹത്തിന്റെ സഹായത്തോടെ പൂനെയിലെ ഫിലിം ആര്‍ക്കൈവ്‌സില്‍നിന്ന് കുറെ ചിത്രങ്ങളൊക്കെ സംഘടിപ്പിച്ച് മേള നടത്തി. പൂനെയില്‍നിന്ന് സൗജന്യമായി പ്രിന്റ് കൊണ്ടുവരാമെന്ന് പി.വി ഗംഗാധരന്‍ വാക്കുതന്നു. പക്ഷേ ഒരു ഉപാധിയോടെയായിരുന്നു അത്. മേള കോഴിക്കോട്ട് നടത്തണം. എം.ടി വാസുദേവന്‍നായരും തിക്കൊടിയനും ഉമ്മറുമെല്ലാം അദ്ദേഹത്തെ പിന്തുണച്ചപ്പോള്‍ അങ്ങനെതന്നെ നടന്നു. അന്ന് മുന്നോട്ടുവച്ച കാല്‍ പിന്നെ പിന്നോട്ടെടുക്കേണ്ടിവന്നില്ല. എല്ലാവരും കൂടി ഐ.എഫ്.എഫ്.കെയെ ഒരു പ്രസ്ഥാനമാക്കി വളര്‍ത്തി.
ചലച്ചിത്ര അക്കാദമി വന്നു, നല്ല നല്ല സിനിമകള്‍ വന്നു, സിനിമയെ സ്‌നേഹിക്കുന്ന പ്രതിനിധികള്‍ വന്നു, കൂടുതല്‍ പണം വന്നു, അങ്ങനെ എന്തെല്ലാമെല്ലാം. പക്ഷേ ഐ.എഫ്.എഫ്.കെ ഇനിയും ഒരുപാട് വളരുമെന്നാണ് ഈ ഇരുപതാം വയസിലും ഞാന്‍ പറയുന്നത്. വളരണം, കാരണം മലയാളിയുടെ സിനിമാ പ്രതിഭയും സിനിമയോടുള്ള സ്‌നേഹവും അങ്ങനെയാണ്. അതിന് കാലവും പ്രായവും പണവുമൊന്നും പ്രശ്‌നമല്ല. കാലം ചെല്ലുന്തോറും പ്രതിനിധികളുടെ പ്രായം കൊണ്ട് മേളയ്ക്ക് ചെറുപ്പമേറുകയാണ്. അതിന്റെ പ്രതിഫലനം മലയാള സിനിമയില്‍ മൊത്തത്തില്‍ കാണാം.
ഇത്തവണത്തെ മേള പലതുകൊണ്ടും പ്രത്യേകതയുള്ളതാണ്. അഞ്ച് ത്രീ-ഡി ചിത്രങ്ങളുടെ പ്രത്യേക പ്രദര്‍ശനം, ആറു ചിത്രങ്ങളടങ്ങിയ കൊറിയന്‍ പനോരമ, അധികമൊന്നും അറിയപ്പെടാത്ത മ്യാന്‍മര്‍, ലിത്വാനിയ ചിത്രങ്ങളുടെ ഫോക്കസ്.. അങ്ങനെ നിരവധി പ്രത്യേകതകള്‍. വെള്ളിത്തിരയ്ക്കു പുറത്താണെങ്കില്‍ ചലച്ചിത്ര സാക്ഷരത ലക്ഷ്യമാക്കി ലോകമെമ്പാടുമുള്ള പ്രതിഭകളെ ക്ഷണിച്ചുവരുത്തി ശില്പശാലകള്‍, ചര്‍ച്ചകള്‍ എന്നിവ വേറെ. ഐ.എഫ്.എഫ്.കെയെ മുന്‍വര്‍ഷങ്ങളില്‍ അവിസ്മരണീയമാക്കി മാറ്റിയ പുരസ്‌കാര ചിത്രങ്ങളുമായി കേരളത്തില്‍ അങ്ങോളമിങ്ങോളം പര്യടനം നടത്തിയ ടൂറിംഗ് ടാക്കീസും ഇതില്‍ പെടും. സ്‌ക്രീന്‍ ലാബ് എന്ന ശില്പശാല മേളയുടെ ചരിത്രത്തില്‍ ആദ്യമായാണ്. സാങ്കേതികവിദഗ്ധര്‍ക്കുവേണ്ടി മാത്രമായി ലോകത്തിലെ പ്രമുഖ വ്യക്തികള്‍ നയിക്കുന്നതാണ് ഈ ശില്പശാല. ഇതിനുപുറമെ ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കുവേണ്ടി മാസ്റ്റര്‍ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്. മേളയുടെ ഭാഗമായുള്ള ഓപ്പണ്‍ഫോറവും മീറ്റ് ദ ഡയറക്ടറും അരവിന്ദന്‍ സ്മാരക പ്രഭാഷണവും ചര്‍ച്ചകളും സെമിനാറുകളുമൊക്കെ ഇക്കുറിയും പ്രതിനിധികളെ കാത്തിരിക്കുന്നുണ്ട്. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ആവേശത്തോടെ ഇതെല്ലാം ഏറ്റെടുക്കാറുണ്ടെന്നാണ് ഈ മേളയുടെ മറ്റൊരു പ്രത്യേകത. സാങ്കേതികവിദ്യയുടെ മെച്ചം പരമാവധി പ്രയോജനപ്പെടുത്തിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
ഇതെല്ലാം കൂടി ഐ.എഫ്.എഫ്.കെയെ വെറും എട്ടു ദിവസത്തെ സിനിമാ പ്രദര്‍ശനത്തിനപ്പുറം എത്തിച്ചിരിക്കുന്നു. അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യവും. ഐ.എഫ്.എഫ്.കെ സിനിമയെ ഗൗരവമായി കാണുന്ന വേദിയാകണം. അത് ദിവസങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും പരിപാടികള്‍ക്കുമപ്പുറം പ്രേക്ഷകന്റെ മനസില്‍ തങ്ങിനില്‍ക്കണം.
സിനിമാലോകത്തിന് നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ പരിഗണിച്ച് ഐഎഫ്എഫ്‌കെയുടെ ആജീവനാന്ത സമഗ്ര സംഭാവന പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ഇറാനിയന്‍ സംവിധായകനും നവ ഇറാനിയന്‍ സിനിമയുടെ പിതാവുമായ ദാറുഷ് മെഹര്‍ജുയി ഇത്തവണത്തെ മേളയുടെ ഭാഗമായി എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ വിഖ്യാത സിനിമകളും മേളയുടെ അപൂര്‍വ അടയാളമാകും. ലോകസമൂഹത്തിന്റെ രാഷ്ട്രീയവും സാംസ്‌കാരികവും ദാര്‍ശനികവും ജീവല്‍ഗന്ധിയുമായ സമസ്തവിഷയങ്ങളും കാഴ്ചയുടെ അനുഭവമാകും. ദൃശ്യവിസ്മയങ്ങളുടെ മാത്രമല്ല ലോക സാമൂഹ്യവ്യവസ്ഥിതിയുടെ ഒരു പരിഛേദം കൂടിയായിരിക്കും ഐ.എഫ്.എഫ്.കെ.
ഐ.എഫ്.എഫ്.കെയില്‍ വന്‍ പ്രതീക്ഷകളാണ് ആസ്വാദകര്‍ അര്‍പ്പിച്ചിരിക്കുന്നത്.വെറും അഞ്ചു കോടി രൂപയുമായി അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുക എന്നത് വലിയൊരു ഉത്തരവാദിത്തമാണ്. ഐ.എഫ്.എഫ്.കെയെ വളര്‍ത്തുന്നത് പ്രതിനിധികളും അവര്‍ക്കപ്പുറം സിനിമകളെ ഇഷ്ടപ്പെടുന്നവരും ചേര്‍ന്നാണ്. ഈ മേളയുടെ പ്രതിനിധികളില്‍ ചലച്ചിത്രകാരന്‍മാര്‍ക്കും വിശ്വാസമുണ്ട്. കാരണം അവരുടെ സിനിമകള്‍ ഏറ്റവും നന്നായി ആസ്വദിക്കുകയും അതിനെക്കുറിച്ച് അഭിപ്രായം തുറന്നുപറയുകയും ചെയ്യുന്നത് ഈ പ്രതിനിധികളാണ്. നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ എന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് പി.കെ.നായര്‍ ചോദിച്ച ചോദ്യം ചിലര്‍ നമ്മുടെ പ്രതിനിധികളോടും ചോദിച്ചേക്കാം. ശരിയാണ്, സിനിമ അവര്‍ക്ക് ഭ്രാന്താണ്.
ഇനി വരുന്ന എട്ടു ദിവസങ്ങള്‍ സിനിമയെ ഇഷ്ടപ്പെടുന്ന മലയാളിയുടെ ജീവിതത്തില്‍ അവിസ്മരണീയമാകണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം. നിഴലിന്റെയും വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും നിശ്ശബ്ദതയുടെയുമെല്ലാം വിഭവങ്ങള്‍ ആസ്വദിച്ച് കാലത്തിന്റെ സൂക്ഷിപ്പുകാരായി മാറാന്‍ ഞങ്ങള്‍ ഏവരെയും ക്ഷണിക്കുന്നു.
ടി.രാജീവ്‌നാഥ്, ചെയര്‍മാന്‍, ചലച്ചിത്ര അക്കാദമി, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഐ.എഫ്.എഫ്.കെ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here