ദില്ലിയില്‍ ജനുവരി മുതല്‍ കാറുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും നിയന്ത്രണം; നടപടി അന്തരീക്ഷ മലിനീകരണം തടയാന്‍ ലക്ഷ്യമിട്ട്

ദില്ലി: അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് പദ്ധതികളുമായി കജ്‌രിവാള്‍ സര്‍ക്കാര്‍. സ്വകാര്യ വാഹനങ്ങള്‍ക്ക് സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അസാധാരണ രജിസ്‌ട്രേഷന്‍ നമ്പറുകളുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമായിരിക്കും ഇനി പുറത്തിറങ്ങാന്‍ അനുമതിയുണ്ടാവുക. ജനുവരി 1 മുതല്‍ പുതിയ നിയന്ത്രണം നടപ്പില്‍ വരുത്താനാണ് കെജ്‌രിവാള്‍ സര്‍ക്കാരിന്റെ ശ്രമം. അസാധാരണ നമ്പറുള്ള കാറുകള്‍ ഒരു ദിവസം പുറത്തിറങ്ങുമ്പോള്‍ ഇരട്ട അക്ക നമ്പറുള്ള കാറുകള്‍ മറ്റൊരു ദിവസമായിരിക്കും പുറത്തിറങ്ങാന്‍ അനുമതി. എന്നാല്‍, പൊതുവാഹനങ്ങള്‍ക്ക് ഈ നിയന്ത്രണം ബാധകമായിരിക്കില്ല.

ദില്ലിയില്‍ വര്‍ധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ പുതിയ പദ്ധതി. ഓരോ വര്‍ഷവും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വര്‍ധിച്ചു വരുകയാണെന്ന് ദില്ലി പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.കെ ശര്‍മ പറഞ്ഞു. ഇതനുസരിച്ചാണ് വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട് മാത്രം പുറത്തിറങ്ങാന്‍ അനുമതി നല്‍കുന്ന നിയമം കൊണ്ടുവരുന്നത്. വാഹനങ്ങള്‍ പുറത്തിറക്കാതിരിക്കുന്നതു മൂലമുണ്ടാകുന്ന ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പൊതുഗതാഗത സംവിധാനങ്ങളായ ഡിടിസി ബസുകളും മെട്രോയും കൂടുതല്‍ സര്‍വീസ് നടത്തുമെന്ന് ശര്‍മ അറിയിച്ചു.

ഇക്കാര്യത്തില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ബ്ലൂപ്രിന്റ് തയ്യാറാക്കുന്നതിനു മുന്നോടിയായി ട്രാഫിക് പൊലീസ്, ഗതാഗത വകുപ്പ്, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി സംയുക്തജ യോഗം വിളിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തത്. ദില്ലിയില്‍ ജീവിക്കുക എന്നത് ഒരു ഗ്യാസ് ചേംബറില്‍ ജീവിക്കുന്നതിനേക്കാള്‍ ദുഷ്‌കരമാണെന്ന ദില്ലി ഹൈക്കോടതി നിരീക്ഷണത്തിന് തൊട്ടുപിന്നാലെയാണ് കെജ്‌രിവാള്‍ യോഗം വിളിച്ചു ചേര്‍ത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News