തബല മാന്ത്രികനെ ആദരിച്ച് മിനിറ്റുകള്‍ക്കകം സര്‍ക്കാര്‍ അനാദരവും നല്‍കി; സര്‍ക്കാര്‍ വക കാറിനായി കാത്ത് നിന്നത് പതിനഞ്ച് മിനുട്ടിലധികം; ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയില്‍ നിന്ന് സക്കീര്‍ ഹുസൈന്‍ മടങ്ങിയത് ടാക്‌സി കാറില്‍

തിരുവനന്തപുരം: മലയാളത്തിന്റെ ആദരം ഏറ്റുവാങ്ങാന്‍ തലസ്ഥാനത്തെത്തിയ തബല മാന്ത്രികന്‍ ഉസ്താദ് സക്കീര്‍ ഹുസൈനെ സര്‍ക്കാര്‍ തന്നെ അപമാനിച്ചു. രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയായ കനകക്കുന്നിലാണ് മലയാളത്തിന് തന്നെ അപമാനമായ സംഭവം. പൊതുവേദിയില്‍ ആദരിച്ച് മിനിറ്റുകള്‍ക്കകമാണ് സക്കീര്‍ ഹുസൈന് അനാദരവും ഏറ്റുവാങ്ങേണ്ടിവന്നത്.

sAKKIR-1

സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായാണ് സക്കീര്‍ ഹുസൈന്‍ തിരുവനന്തപുരത്ത് എത്തിയത്. ചലച്ചിത്രമേളയുടെ ഉദ്ഘാടനവും തബല വാദനവും കഴിഞ്ഞതോടെ സക്കീര്‍ ഹുസൈനെ സംഘാടകര്‍ കൈയ്യൊഴിഞ്ഞു. പരിപാടിക്ക് ശേഷം പുറത്തിറങ്ങിയ സംഗീതജ്ഞന് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കാര്‍ സമയത്ത് എത്തിയില്ല. നിശാഗന്ധിക്ക് പുറത്ത് കനകക്കുന്നില്‍ സക്കീര്‍ ഹുസൈന്‍ പത്ത് മിനുട്ടോളം കാത്തുനിന്നു.

sAKKIR-2

തബല മാന്ത്രികനെ തിരിച്ചറിഞ്ഞ ഡെലഗേറ്റുകള്‍ ചുറ്റും കൂടി. പിന്നെ സെല്‍ഫിയെടുക്കാനുള്ള ബഹളം. ബഹളത്തിനിടയിലും കാര്‍ എവിടെ എന്ന് സക്കീര്‍ ഹുസൈന്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. കാത്തുനിന്ന് കാലുകഴച്ച സക്കീര്‍ ഹുസൈന്‍ വാഹനം എത്താതായതോടെ സംഗീതോപകരണങ്ങളും എടുത്ത് നടന്നു തുടങ്ങി.

sAKKIR-4

ഇതിനിടെ ആരോ ടാക്‌സി കാറുമായി എത്തി. അതില്‍ കയറി സക്കീര്‍ ഹുസൈന്‍ മടങ്ങി. ക്ഷണിക്കപ്പെട്ട അതിഥിക്ക് പൊതുവേദിയില്‍ പുരസ്‌കാരവും പൊതുസ്ഥലത്ത് അവഗണനയും നല്‍കിയ സംഘാടകരുടെ നടപടി പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

രാജ്യത്തെ അറിയപ്പെടുന്ന തബല വാദകനാണ് സക്കീര്‍ ഹുസൈന്‍. സംഗീതജ്ഞനും സംഗീത സംവിധായകനും നടനുമാണ് സക്കീര്‍ ഹുസൈന്‍. തബലയിലൂടെ മാന്ത്രിക സംഗീതം പൊഴിച്ച സംഗീതജ്ഞനെ രാജ്യം പത്മ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. 1988ല്‍ പത്മശ്രീയും 2002ല്‍ പത്മഭൂഷനും നല്‍കി. സംഗീത നാടക അക്കാദമി പുരസ്‌കാരവും മികച്ച സംഗീത ആല്‍ബത്തിനുള്ള ഗ്രാമി പുരസ്‌കാരവും സക്കീര്‍ ഹുസൈന്‍ നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here