ഉറവ വറ്റാത്ത മനുഷ്യസ്‌നേഹത്തിന്റെ അനശ്വരപ്രതീകം; നൗഷാദിനെ ആദരിക്കാന്‍ നമുക്ക് ഒത്തുചേരാം; ഇന്ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍

കോഴിക്കോട്: കോഴിക്കോട് തളിയില്‍ മാന്‍ഹോള്‍ ദുരന്തത്തില്‍പെട്ട രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവത്യാഗം ചെയ്യേണ്ടിവന്ന ഓട്ടോ ഡ്രൈവര്‍ നൗഷാദിനെ ആദരിക്കാന്‍ കോഴിക്കോട്ട് ജനകീയ സംഗമം. കൈരളി, പീപ്പിള്‍ ചാനലുകളുടെയും കൈരളി ന്യൂസ് ഓണ്‍ലൈനിന്റെയും നേതൃത്വത്തിലാണ്ഇന്ന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ സംഗമം ചേരുന്നത്. കോഴിക്കോട് കോര്‍പറേഷനുമായി സഹകരിച്ചാണ് പരിപാടി.

അപരിചിതരായ രണ്ടു മനുഷ്യരെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ത്യജിച്ചു നൗഷാദ് എന്ന ചെറുപ്പക്കാരന്‍ മുന്നോട്ടുവച്ച ധീരോദാത്തമായ മാതൃക ഈ കാലത്തിനു തന്നെ നല്‍കുന്ന മാനവികതയുടെ മഹത്തായ സന്ദേശം ഉയര്‍ത്തിപ്പിടിക്കാനാണ് ജനകീയ സംഗമം സംഘടിപ്പിക്കുന്നത്. നൗഷാദിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും കുടുംബത്തിന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്താനും നൗഷാദിന്റെ പേര് ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരത്തിനായി നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാനുമുള്ള ജനകീയ സംഗമത്തിലേക്ക് എല്ലാ മനുഷ്യ സ്‌നേഹികളെയും ക്ഷണിക്കുന്നതായി മലയാളം കമ്യൂണിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാനും കോഴിക്കോട് മേയര്‍ വി കെ സി മമ്മദ്‌കോയയും അറിയിച്ചു.

കൈരളി ന്യൂസ് ഓണ്‍ലൈനും പീപ്പിള്‍ ടിവിയും ആരംഭിച്ച #NoushadForBraveryAward കാമ്പയിന് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു സ്‌നേഹോഷ്മളമായ പ്രതികരണമാണ് ലഭിക്കുന്നത്. പ്രമുഖരടക്കം നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ ആരംഭിച്ച കാമ്പയിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലത്തിലെ പ്രമുഖരും കൈരളിയുടെ ഉദ്യമത്തിന് പിന്തുണ നല്‍കുന്നുണ്ട്. നൗഷാദിന്റെ വീരോചിതമായ ജീവത്യാഗം വെള്ളാപ്പള്ളി നടേശന്റെ പ്രതികരണത്തിലൂടെ വിവാദമായ സാഹചര്യത്തില്‍ മലയാളി മനസാക്ഷി നേരിന്റെ പക്ഷത്താണെന്നു വ്യക്തമാക്കുന്നതാണ് പ്രതികരണങ്ങളേറെയും.

കൈരളി ന്യൂസ് ഓണ്‍ലൈനാണ് നൗഷാദിന് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കണമെന്ന ആവശ്യമുയര്‍ത്തി സോഷ്യല്‍മീഡിയയില്‍ ഹാഷ് ടാഗ് കാമ്പയിന്‍ ആരംഭിച്ചത്. ദേശീയ മാധ്യമങ്ങള്‍ പല വിഷയങ്ങളില്‍ ഹാഷ് ടാഗ് കാമ്പയിന്‍ നടത്തിയിട്ടുണ്ടെങ്കിലും മലയാളത്തില്‍ ആദ്യമായാണ് ഒരു മാധ്യമം ഒരു വിഷയത്തില്‍ ഹാഷ് ടാഗ് കാമ്പയിനുമായി രംഗത്തെത്തിയത്. കൈരളിയുടെ ഹാഷ് ടാഗ് കാമ്പയിനു പിന്തുണയുമായി സംവിധായകരായ മേജര്‍ രവി, ജയരാജ്, എഴുത്തുകാരായ എം മുകുന്ദന്‍, കുരീപ്പുഴ ശ്രീകുമാര്‍ എന്നിവരും രംഗത്തെത്തി.

നൗഷാദ് ചെയ്തത് വലിയൊരു ആത്മത്യാഗം: എം മുകുന്ദന്‍

നൗഷാദ് വലിയൊരു ആത്മത്യാഗമാണ് ചെയ്തത്. അടുത്തകാലത്തായി നമ്മളൊക്കെ അവനവനിലേക്കു ചുരുങ്ങുകയാണ്. സമൂഹത്തെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കുന്നില്ല. ഈയൊരു ചുറ്റുപാടില്‍ സ്വന്തം ജീവിതം തന്നെ സമര്‍പ്പിച്ചുകൊണ്ടുള്ള ഈ കൃത്യം നമ്മളെയൊക്കെ പ്രചോദനം കൊള്ളിക്കുന്നുണ്ട്. ഇങ്ങനെയുള്ളവരെയാണ് നാടിന് ആവശ്യം. നൗഷാദിന്റെ ജീവിതം അവസാനിച്ചു. ഇനി നമുക്കൊരു കടമയുണ്ട്. ആ ജീവിതത്തില്‍നിന്നു പ്രചോദനം കൊള്ളുക. നൗഷാദിന്റെ ജീവിതം മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുക്കുക. നൗഷാദിന്റെ കുടുംബാംഗങ്ങളെയൊക്കെ മറക്കാതിരിക്കുക. ആ കുടുംബത്തോട് നമ്മള്‍ നന്ദി കാണിക്കുക. സഹായിക്കുക. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ നമുക്കു ചെയ്യാന്‍ സാധിക്കുക. നൗഷാദിന് ആദരമര്‍പ്പിക്കുന്ന കാമ്പയിന്‍ നല്ലൊരു ഉദ്യമമാണ്.

നൗഷാദ് മലയാളത്തിന് അഭിമാനതുല്യമായ മാതൃക: ജയരാജ്

നൗഷാദ് മലയാളത്തിന് അഭിമാനതുല്യമായ മാതൃകയാവുന്നു. അതുകൊണ്ട് ധീരതയ്ക്കുള്ള പുരസ്‌കാരം കൊടുത്തേ പറ്റൂ. നൗഷാദിന്റെ കുടുംബത്തെയും നൗഷാദിന്റെ സ്വപ്‌നങ്ങളെയും കാത്തുസൂക്ഷിക്കേണ്ട ചുമതല നമുക്കാണ്. നമ്മുടെ പുതിയ തലമുറയ്ക്ക്, ഈ മനസാക്ഷിക്കു ലഭിച്ച ഏറ്റവും വലിയ തിരിച്ചറിവാണിത്. നൗഷാദിന്റെ ജീവനെ ഏതെങ്കിലും തരത്തില്‍ ആദരിക്കാന്‍ ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കണമെന്നാണ് തന്റെ ആഗ്രഹവും അപേക്ഷയും.

നൗഷാദിന്റെ വീരോചിത ജീവത്യാഗം മലയാളികള്‍ക്കാകെ മാതൃക: കുരീപ്പുഴ ശ്രീകുമാര്‍

നൗഷാദ് മലയാളികള്‍ക്കു കാട്ടിത്തന്നത് മറ്റൊരു മനുഷ്യനെ സ്‌നേഹിക്കണമെന്ന വലിയൊരു ആശയമാണ്. ഇന്ന് സ്‌നേഹം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അപകടത്തില്‍പെട്ട് റോഡില്‍ കിടക്കുന്ന ഒരാള്‍ രക്തം വാര്‍ന്ന് അവിടെത്തന്നെ കിടന്നു മരിക്കേണ്ട ഒരവസ്ഥയാണ് കേരളത്തിലുള്ളത്. ഇത്തരം കാര്യങ്ങളില്‍ ധൈര്യത്തോടെ ഇടപെടുന്നത് ഓട്ടോറിക്ഷാത്തൊഴിലാളികളും ചുമട്ടുതൊഴിലാളികളും ഒക്കെയാണ്. അതൊരു വലിയ മാതൃകയായി നമ്മള്‍ കണക്കാക്കണം. നൗഷാദിന്റേത് ധീരമായ പ്രവൃത്തിയാണ്. നമുക്കുവേണ്ടി, സമൂഹത്തിന് വേണ്ടി സ്വയം ജീവന്‍ നഷ്ടപ്പെടുത്തിയ നൗഷാദിന്റെ കുടുംബത്തെ സഹായിക്കേണ്ടതായിട്ടുണ്ട്. വലിയ മനുഷ്യസ്‌നേഹിക്ക് ധീരതയ്ക്കുള്ള അംഗീകാരം നല്‍കേണ്ടതായിട്ടുണ്ട്. ഇതൊക്കെ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.

#NoushadForBraveryAward  എന്ന ഹാഷ് ടാഗിലാണ് കാമ്പയിന്‍ നടക്കുന്നത്.

കോഴിക്കോട്ടെ ദുരന്തത്തിൽ രണ്ട് ജീവൻ രക്ഷിക്കാൻ ശ്രമിച്ച നൗഷാദ് എന്ന നന്മ മനസ് നമ്മെ വിട്ട് പോയി.അദ്ദേഹം ധീരതയ്‌ക്കുള്ള …

Posted by Vaikom Vijayalakshmi on Friday, 27 November 2015

കോഴിക്കോട്ടെ ദുരന്തത്തിൽ രണ്ട് ജീവൻ രക്ഷിക്കാൻ ശ്രമിച്ച നൗഷാദ് എന്ന നന്മ മനസ് നമ്മെ വിട്ട് പോയി.അദ്ദേഹം ധീരതയ്‌ക്കുള്ള…

Posted by VK Adarsh on Friday, 27 November 2015

സ്വന്തം ജീവിതത്തിന് അല്പംപോലുംപരിക്കേല്ക്കാതെ ‘എല്ലാക്കാര്യങ്ങളിലും സജീവമായി’ ഇടപെടുന്നപ്രാക്ടിക്കല് പേനയുന്തുകാരുടെ…

Posted by Hashim Mohamed on Sunday, 29 November 2015

രക്ഷകനാകാന്‍ ശ്രമിച്ച് ഓടയില്‍ ദാരുണാന്ത്യമുണ്ടായ നൗഷാദിന് ധീരതാ പുരസ്‌കാരം നല്‍കണമെന്ന് ആവശ്യം; സോഷ്യല്‍മീഡിയയില്‍ #noushadforbraveryaward കാമ്പയിന്‍


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here