വിഴിഞ്ഞത്തില്‍ എതിര്‍പ്പ് കരാറുകളോടെന്ന് കോടിയേരി; ചടങ്ങു ബഹിഷ്‌കരിക്കുന്നത് കെ ബാബുവിനെ അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ച്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ സംസ്ഥാന താല്‍പര്യങ്ങള്‍ ഹനിക്കുന്ന കരാറിലെ വ്യവസ്ഥകളോടാണ് എതിര്‍പ്പെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആവിഷ്‌കരിച്ച ലാന്‍ഡ്‌ലോര്‍ഡ് മാതൃക പദ്ധതി അവഗണിച്ചു സ്വകാര്യ കമ്പനിക്കു കരാര്‍ നല്‍കിയ സര്‍ക്കാര്‍ നടപടിയോട് എതിര്‍പ്പു തുടരുമെന്നും കോടിയേരി തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയെ അറിയിച്ചതായും കോടിയേരി പറഞ്ഞു.

ഇടതു സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലാന്‍ഡ്‌ലോര്‍ഡ് പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിലാക്കിയത് സംസ്ഥാന താല്‍പര്യങ്ങളപ്പാടെ ഹനിച്ചുകൊണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് അതാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയത്. ഇതു സ്വീകാര്യമായ കാര്യമല്ല. എല്‍ഡിഎഫ് നിലപാട് മാറ്റില്ല. ഇക്കാര്യം ഗൗതം അദാനിയെ അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിയോട് എതിര്‍പ്പില്ല. വിഴിഞ്ഞം യാഥാര്‍ഥ്യമാകണമെന്ന നിലപാടാണുള്ളത്. പക്ഷേ, സംസ്ഥാന താല്‍പര്യങ്ങള്‍ ഹനിച്ചുകൊണ്ടും സ്വകാര്യ കമ്പനിക്കു തീറെഴുതി നല്‍കിക്കൊണ്ടുമുള്ള നടപടികളോടുള്ള എതിര്‍പ്പു തുടരുകതന്നെ ചെയ്യും.

2280 കോടി സംസ്ഥാന സര്‍ക്കാര്‍ അദാനി പോര്‍ട്ടിനു നല്‍കുന്നുണ്ട്.
818 കോടി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നു. മൂവായിരം കോടിയിലേറെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അദാനിയെ ഏല്‍പിക്കുകയാണ്. 2454 കോടി മാത്രമാണ് അദാനിക്കു വരുന്ന ചെലവ്. 2454 കോടി രൂപ മാത്രം മുതല്‍മുടക്കുന്ന അദാനിക്ക് 7500 കോടിയാണ് തത്വത്തില്‍ ലഭിക്കുന്നത്

കേരളത്തിന്റെ സംസ്ഥാന താല്‍പര്യം സംരക്ഷിക്കുന്ന വ്യവസ്ഥകളല്ല ഇപ്പോഴുള്ളത്. ഇവയോട് എല്‍ഡിഎഫ് തുടക്കം മുതലേ ശക്തമായ പ്രതിഷേധം അറിയിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ല. പദ്ധതി പൂര്‍ത്തിയാകാനുള്ള നാലു വര്‍ഷക്കാലം ഇവര്‍ക്കു തൊഴിലുണ്ടാകില്ല. 18000 അപ്പീല്‍ പെറ്റീഷനുകളാണ് തീര്‍പ്പാകാനുള്ളത്. ചിപ്പിവാരുന്ന തൊഴിലാളികളുടെ പ്രശ്‌നത്തിനും പരിഹാരം വേണം. മറ്റുചില പ്രശ്‌നങ്ങള്‍ക്കാണ് സര്‍ക്കാര്‍ തീരുമാനമുണ്ടാക്കുന്നത്. അതുതന്നെ പൂര്‍ണമല്ല.

പരിപാടി ബഹിഷ്‌കരിക്കാന്‍ ആദ്യം തീരുമാനമില്ലായിരുന്നു. കെ ബാബുവിനെ അധ്യക്ഷനായി തീരുമാനിച്ചതിനാലാണ് ബഹിഷ്‌കരിക്കുന്നത്. പത്തു കോടി അഴിമതി നടത്തിയെന്ന് ആരോപണവിധേയനായ വ്യക്തിയാണ് ബാബു. മുഖ്യമന്ത്രിക്കെതിരേയും ആരോപണമുണ്ട്. ഇന്നത്തെ ഈ ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News