വെള്ളാപ്പള്ളി ആര്‍എസ്എസ് പ്രചാരക സ്ഥാനം ഏറ്റെടുക്കണമെന്ന് കോടിയേരി; എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണം

തിരുവനന്തപുരം: കേരളത്തിലെ മികച്ച ആര്‍എസ്എസ് പ്രചാരകനായി വെള്ളാപ്പള്ളി നടേശന്‍ സ്ഥാനം ഏറ്റെടുക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് പ്രചാരകനായി പ്രവര്‍ത്തിക്കാനുള്ള യോഗ്യതയുണ്ടെന്നു സമത്വ മുന്നേറ്റ യാത്രയിലൂടെ തെളിയിച്ച വെള്ളാപ്പള്ളി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നും കോടിയേരി തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കേരളത്തെ വര്‍ഗീയമായി വിഭജിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അതു തെളിഞ്ഞിരിക്കുകയാണ്. മതനിരപേക്ഷ കേരളം ജാഗ്രത പാലിച്ചതിനാലാണ് വെള്ളാപ്പള്ളിയെ ഉപയോഗിച്ച് കലാപമുണ്ടാക്കാനുള്ള ആര്‍എസ്എസ് ശ്രമം നടക്കാതെ പോയത്. മതനിരപേക്ഷമാണ് എന്നുറക്കെപ്പറയാന്‍ കേരളത്തിന് സാധിക്കണം. അതിനു സിപിഐഎം പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം. മതനിരപേക്ഷ പ്രവര്‍ത്തനത്തിന് എല്ലാവരും മുന്നില്‍ പ്രവര്‍ത്തിക്കണം.

സമത്വ മുന്നേറ്റയാത്രയില്‍ ജി മാധവന്‍നായര്‍ പങ്കെടുത്തതു ശരിയായില്ല. തെറ്റായ സന്ദേശമാണ് അതു കേരളത്തിന് നല്‍കിയത്. ഇത്രയും നാളുകള്‍ വെള്ളാപ്പള്ളിയോടൊപ്പം സഞ്ചരിച്ചപ്പോള്‍ കാര്യം മനസിലായി. യാത്രയിലുണ്ടായിരുന്ന അക്കീരമണ്‍ ഭട്ടതിരിപ്പാടിനും ഇതേ നിലപാട് അടുത്ത ദിവസങ്ങളില്‍ ഉണ്ടായാല്‍ അദ്ഭുതപ്പെടാനില്ല. അദ്ദേഹത്തെ കൂടെയുണ്ടായിരുന്നവരൊക്കെ ഒറ്റപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. എസ് സി എസ് ടി വിഭാഗക്കാരെ നായാടിയെന്നു വിളിച്ചു വെള്ളാപ്പള്ളി അധിക്ഷേപിച്ചു. ഇങ്ങനെ പറയുന്ന ഒരാള്‍ക്ക് എങ്ങനെ സമത്വം നടപ്പാക്കാനാകുമെന്നും കോടിയേരി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News