ചെന്നൈയില്‍ വീണ്ടും മഴയ്ക്കു സാധ്യത; ജാഗ്രതാ നിര്‍ദേശം; പ്രത്യേക ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേതീരുമാനം

ചെന്നൈ: മഴയൊഴിഞ്ഞു വെള്ളമിറങ്ങി ആശ്വാസത്തിലായ ചെന്നൈയില്‍ വീണ്ടും മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ചെന്നൈ നഗരത്തിലും കാഞ്ചീപുരം ജില്ലയിലും വ്യാപകമായി മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം യോഗം വിളിച്ചു.

ചെന്നൈയില്‍ കുടുങ്ങിക്കിടക്കുന്നവരെ സ്വന്തം നാടുകളിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. കേരളത്തിലേക്കുള്ള പ്രത്യേക കെഎസ്ആര്‍ടിസി ബസുകള്‍ കോയമ്പേട് ടെര്‍മിനസില്‍നിന്നു പുറപ്പെട്ടു. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍.

മൂന്നു ദിവസമായി അടച്ചിട്ടിരുന്ന വിമാനത്താവളം ഭാഗികമായി തുറന്നിട്ടുണ്ട്. സര്‍വീസുകള്‍ സാധാരണഗതിയിലാകാന്‍ മൂന്നുദിവസമെങ്കിലും എടുക്കും. ഇന്നു രാവിലെയും ചിലയിടങ്ങില്‍ പെയ്ത മഴ രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തി. നാവിക, വ്യോമ സേനകളും തീരദേശ സേനയും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 8000ത്തോളം പേരെ കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ദുരന്ത നിവാരണസേനയുടെ 20 സംഘങ്ങള്‍ കൂടി ഇന്ന് ചെന്നൈയിലെത്തും.

ചെന്നൈ വിമാനത്താവളവും ഇന്നു മുതല്‍ ഭാഗികമായി പ്രവര്‍ത്തിച്ചു തുടങ്ങും. ആരക്കോണം എയര്‍ബേസില്‍നിന്ന് ഇന്ത്യന്‍ വ്യോമ സേനയും എയര്‍ ഇന്ത്യയും ചില സ്വകാര്യകമ്പനികളും സര്‍വീസുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ വന്‍തുകയാണ് ടിക്കറ്റിനായി സ്വകാര്യകമ്പനികളും എയര്‍ ഇന്ത്യയും ഈടാക്കുന്നത്.

അതേസമയം, ആശുപത്രിയില്‍ കിടന്നിരുന്ന ആളുകള്‍ ഓക്‌സിജന്‍ ലഭിക്കാതെ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മരണകാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും തമിഴ്‌നാട് ഹെല്‍ത്ത് സെക്രട്ടറി ജെ.രാധാകൃഷ്ണന്‍ അറിയിച്ചു. നന്ദംപാക്കത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ കിടന്ന 18 പേരാണ് ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. വൈദ്യുതി നിലച്ചതോടെ ഓക്‌സിജന്‍ സംവിധാനം തകരാറിലായതാണ് അപകട കാരണമെന്നാണ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here