ചെന്നൈയില്‍ പ്രളയം വരുത്തിവച്ചവര്‍ മറുപടി പറയുമോ; ദുരന്തമുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കിയ ഐഎഎസ് ഓഫീസറെ സ്ഥലം മാറ്റിയത് എന്തിന്?

ചെന്നൈ: രാജ്യത്തെയാകെ ദുഖഭരിതമാക്കിയ ചെന്നൈ പ്രളയം ഭരണകൂടവും അഴിമതിക്കാരും വരുത്തിവച്ചത്. ദുരന്തമുണ്ടാകുമെന്നു മുന്നറിയിപ്പു നല്‍കിയ യുവ ഐഎസ്എസുകാരന്‍ വിജയ് പിംഗളെയ്ക്ക് എഡിഎംകെ സര്‍ക്കാര്‍ നല്‍കിയതു സ്ഥലംമാറ്റശിക്ഷയും. കെടുതിയില്‍നിന്നു കരകയറാനാകാതെ മാനത്തു മഴക്കാറുകാണുമ്പോള്‍ നെഞ്ചിടിക്കുന്ന ചെന്നൈയില്‍ പ്രളയം വരുത്തിവച്ചത് അശാസ്ത്രീയമായ നഗരവികസനവും തട്ടിക്കൂട്ടു പണികളിലൂടെ കീശവീര്‍പ്പിച്ച കരാറുകാരും.

കരാര്‍ പണികളിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടയതാണ് വിജയ് പിംഗളയ്ക്കു സ്ഥലം മാറ്റത്തിന് വഴിയൊരുക്കിയത്. മൂന്നാഴ്ച മുമ്പായിരുന്നു നടപടി. നഗരത്തിലെ റോഡ് പണികളില്‍ ക്രമക്കേട് കാട്ടിയ മൂന്നു കരാറുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നായിരുന്നു വിജയ് റിപ്പോര്‍ട്ട് നല്‍കിയത്. നടപടിക്കുപകരം വിജയിനെ ചെന്നൈ ജോയിന്റ് കമ്മീഷണര്‍ സ്ഥാനത്തുനിന്നു നീക്കുകയായിരുന്നു സര്‍ക്കാരിന്റെ മറുപടി.

മഴക്കാലത്തിനു മുമ്പായി ചേര്‍ന്ന അവലോകന യോഗത്തില്‍തന്നെ റോഡുകളുടെയും ഡ്രൈനേജുകളുടെയും നിര്‍മാണത്തിലെ വീഴ്ചകള്‍ വെള്ളപ്പൊക്കത്തിനു കാരണമാകുമെന്നും അടിയന്തരമായി നടപടിയെടുക്കണമെന്നും വിജയ് പിംഗളെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ശാസ്ത്രീയമായി അഴുക്കുചാലുകളില്ലാതെയും വെള്ളം ഒഴുകിപ്പോകാനാവാതെയും റോഡുകള്‍ കണ്ടെത്തുകയും നടപടിക്കു ശിപാര്‍ശ ചെയ്യുകയുമായിരുന്നു.

നടപടിക്കു ശിപാര്‍ശ ചെയ്തതോടെ കരാറുകാരുടെ ലോബി ചെന്നൈ ഭരണകൂടത്തെയും സംസ്ഥാന ഭരണകൂടത്തെയും സമീപിച്ച് വിജയിനെതിരേ നടപടിവേണമെന്ന് ആവശ്യപ്പെട്ടു. പതിനാറു മാസം മുമ്പാണ് വിജയ് ചെന്ന് ജോയിന്റ് കമ്മീഷണറായി ചുമതലയേറ്റത്. എംബിബിഎസ് നേടിയ ശേഷം 2004 ബാച്ചില്‍ ഐഎഎസില്‍ പ്രവേശിച്ച വിജയ് ചെന്നൈയില്‍ എത്തിയപാടുതന്നെ നഗരവികസനത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയിരുന്നു.

നഗരത്തില്‍ വെള്ളക്കെട്ടുണ്ടാകാന്‍ ഇടയുള്ള സ്ഥലങ്ങളും വിജയ് ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രി എസ് പി വേലുമണി അധ്യക്ഷത വഹിച്ച യോഗത്തില്‍ വിജയ് ചൂണ്ടിക്കാട്ടിയ ഇടങ്ങളിലാണ് ആദ്യം വെള്ളക്കെട്ടുണ്ടായതെന്നതും ശ്രദ്ധേയമാണ്. ടി നഗറിലെ പല റോഡുകളിലെയും അശാസ്ത്രീയത പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിവച്ചിരിക്കേയാണ് വിജയിനെ കരാറുകാരുടെ സമ്മര്‍ദത്തിനു വഴങ്ങി സ്ഥലം മാറ്റിയത്.

നിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചു നിര്‍മിച്ച റോഡുകളും ഓടകളും വെള്ളക്കെട്ടിനു കാരണമാകുമെന്നായിരുന്നു വിജയിന്റെ വിലയിരുത്തല്‍. ഒരു വര്‍ഷത്തിനിടെ നിര്‍മിച്ചവയായിരുന്നു ഇവയില്‍ പലതും. വെള്ളക്കെട്ടുണ്ടായാല്‍ റോഡുകളും ഓടകളും പൊട്ടിത്തകര്‍ന്നു വെള്ളമൊലിച്ചുപോകല്‍ തടസപ്പെടുമെന്നും വിജയ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരത്തില്‍ ക്രമക്കേടു കാട്ടിയവര്‍ക്കെതിരായി രണ്ടു കോടിയുടെ പിഴശിക്ഷയാണ് വിജയ് നിര്‍ദേശിച്ചത്. പത്തു ശതമാനം കരാര്‍ തുക കോഴ ഉദ്യോഗസ്ഥര്‍ വാങ്ങുന്നതായും കരാറുകാര്‍ ചെയ്യുന്ന എല്ലാ ക്രമക്കേടുകള്‍ക്കും ഇതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ കണ്ണടച്ചുവിടുന്നതായും വിജയിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ചുമതലയേറ്റ് നാലാം മാസം നിലവാര പരിശോധനയ്ക്കു വിജയ് തയാറാക്കിയ സംവിധാനമാണ് ചെന്നൈയുടെ അസാസ്ത്രീയ വികസനത്തിലെ പാളിച്ചകള്‍ കണ്ടെത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം കനത്ത മഴ വന്നതും വെള്ളമൊലിച്ചുപോകാനുള്ള സംവിധാനങ്ങള്‍ തടയപ്പെട്ടതുമാണ് ദുരന്തം ഇത്രമേല്‍ രൂക്ഷമാകാന്‍ കാരണമായതെന്ന വിലയിരുത്തലിനിടെയാണ് വിജയിന്റെ സ്ഥലംമാറ്റ വാര്‍ത്ത പുറത്തുവരുന്നത്. ജോയിന്റ് കമ്മീഷണര്‍ സ്ഥാനത്തുനിന്നു തമിഴ്‌നാട് വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി വിജയിനെ മാറ്റിയ വാര്‍ത്ത പലരും ഞെട്ടലോടെയാണ് കേട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News