മതേതരത്വം കാത്തുസൂക്ഷിക്കാന്‍ ആഹ്വാനവുമായി ഡിവൈഎഫ്‌ഐ മതേതര സംഗമം കൊച്ചിയില്‍; വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ആര്‍എസ്എസ് താല്‍പര്യത്തിനെന്ന് പിണറായി വിജയന്‍

കൊച്ചി: മതേതരത്വം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആഹ്വാനവുമായി പ്രബുദ്ധ കേരളത്തിന്റെ യുവസമൂഹം കൊച്ചിയില്‍ ഒത്തുചേര്‍ന്നു. സിപിഐഎം പിബി അംഗം പിണറായി വിജയനാണ് മതേതര സംഗമം ഉദ്ഘാടനം ചെയ്തത്. ആര്‍എസ്എസിന്റെ താല്‍പര്യത്തില്‍ രൂപീകരിച്ച പാര്‍ട്ടിയാണ് വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയ പാര്‍ട്ടിയെന്ന് പിണറായി വിജയന്‍ പറഞ്ഞു. ആര്‍ എസ് എസിനെ ശക്തിപ്പെടുത്താനായി ആര്‍ എസ് എസിന്റെ കീഴില്‍ രൂപീകരിച്ച രൂപീകരിച്ച പാര്‍ട്ടിയാണ് വെള്ളാപ്പള്ളിയുടെ പാര്‍ട്ടി. ബിജെപിയില്‍ നിന്നു ഇതിന് ഒരു വ്യത്യാസവും ഇല്ല. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളോട് വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസ് സംഘടനകള്‍ എല്ലാം കൂടെ ചേരുന്ന ഒന്നാണ് സംഘപരിവാര്‍. ബിജെപിയും അതില്‍ പെട്ട ഒന്നു തന്നെയാണ്. ആര്‍എസ്എസിന്റെ കീഴില്‍ ആര്‍എസ്എസിനെ ശക്തിപ്പെടുത്താനാണ് വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്. ചാതുര്‍വര്‍ണ്യത്തിനെതിരെ പടനയിച്ച ശ്രീനാരായണ ഗുരുവുമായി ഇതിന് ബന്ധമുണ്ടാകില്ല. ആര്‍എസ്എസ് ചാതുര്‍വര്‍ണ്യത്തിലാണ് നിലകൊള്ളുന്നത്. സംവരണത്തിന് എതിരാണ് ആര്‍എസ്എസ്. നമ്മുടെ നാട്ടിലെ മഹാഭൂരിപക്ഷം ശ്രീനാരായണീയരും സംവരണം വേണ്ടവരാണ്. ആ ശ്രീനാരായണീയര്‍ എങ്ങനെ സംവരണം വേണ്ടെന്നു പറയുന്ന ആര്‍എസ്എസിനൊപ്പം നില്‍ക്കും. വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്കേ ശ്രീനാരായണായരെ സംരക്ഷിക്കാന്‍ കഴിയൂ എന്നത് മലര്‍പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണ്. ഉമ്മന്‍ചാണ്ടിയും കൂട്ടരും ഈ പ്രക്രിയയെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. കാരണം വെള്ളാപ്പള്ളിയും ആര്‍എസ്എസും ഒന്നായിത്തീരുമ്പോള്‍ കോട്ടം സംഭവിക്കുക ഇടതുപക്ഷത്തിനാണ് എന്നതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും അതിന് കൂട്ടുനിന്നത്.

ഡിവൈഎഫ്‌ഐയുടെ ജാഥ അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചെന്ന് പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ ജാതീയമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാന്‍ നവോത്ഥാന നായകര്‍ ശ്രമിച്ചു. സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടങ്ങള്‍ നടന്നു. ജാതി ജന്‍മി വ്യവസ്ഥയ്ക്കു കീഴില്‍ അടിമ സമാനമായ ജീവിതം നയിച്ചവരെ ഉണര്‍ത്താനും വര്‍ഗസമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാനും ഇതിന്റെ തുടര്‍ച്ചയായി കഴിഞ്ഞു. വികസിത രാഷ്ട്രങ്ങളോടൊപ്പം കിടപിടിക്കത്തക്ക നേട്ടങ്ങള്‍ കേരളത്തിന് നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലും ജീവിതനിലവാരത്തിലും എല്ലാം ഇത്തരം നേട്ടങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞു. മറ്റൊരു സംസ്ഥാനവും ഇക്കാര്യത്തില്‍ കേരളത്തിന്റെ അടുത്തെത്തില്ല.

രാജ്യത്തിന് മാതൃകയായ മതനിരപേക്ഷത കേരളത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. ഇതിന് ഇടയായത് കേരളത്തില്‍ രൂപം കൊണ്ട അതിശക്തമായ ഇടതുപക്ഷ മനസ്സാണ്. മറ്റു സംസ്ഥാനങ്ങളില്‍ കാണുന്നതു പോലെ കേരളത്തില്‍ മതമൗലികവാദം കാണാനാകാത്തത് കേരളത്തിലെ ഇടതുപക്ഷ മനസ്സു മൂലമാണ്. വര്‍ഗീയതക്ക് കേരളത്തില്‍ വേണ്ട രീതിയില്‍ സ്വാധീനം ഉറപ്പിക്കാന്‍ സാധിക്കുന്നില്ല. ഇപ്പോള്‍ വര്‍ഗീയത അതിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോള്‍ തടയാനും ഭ്രാന്താലയ അവസ്ഥയിലേക്ക് വിളിച്ചുകൊണ്ടു പോവാനുമുള്ള ഈ നീക്കത്തെ ചെറുക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടാകേണ്ടത് യുവാക്കള്‍ തന്നെയാണ്. ചരിത്രത്തില്‍ ഇത്തരത്തിലുള്ള ഘട്ടത്തില്‍ യുവാക്കളാണ് എപ്പോഴും മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും പിണറായി പറഞ്ഞു.

ആര്‍എസ്എസ് നയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമം. ഇതിന്റെ ഭാഗമായാണ് ഭ്രാന്തന്‍ ജല്‍പനങ്ങള്‍ എംപിമാരില്‍ നിന്നും കേന്ദ്ര മന്ത്രിമാരില്‍ നിന്നും അടക്കം വരുന്നത്. രാജ്യമാകെ കടുത്ത പ്രതിഷേധം ഉയര്‍ന്നു വരുന്നു. നമ്മുടെ രാജ്യത്തിന്റെ സുമനസ്സുകളാകെ പ്രതിഷേധിക്കുന്ന അവസരമുണ്ടായി. എഴുത്തുകാരുടെ അടക്കം പ്രതിഷേധങ്ങളെ അങ്ങേയറ്റം അസഹിഷ്ണുതയോടെ കണ്ടു. അതിന് തെളിവാണ് ജെയ്റ്റ്‌ലി അടക്കമുള്ള ആര്‍എസ്എസിന്റെ ഭ്രാന്തന്‍ ജല്‍പനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന നേതാക്കളുടെ പ്രതികരണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

മതേതര മഹാസംഗമത്തില്‍ സമൂഹത്തിലെ നാനാതുറയിലുള്ളവര്‍ പങ്കെടുത്തു. സ്വാഗതസംഘം ചെയര്‍മാന്‍ എം കെ സാനു അധ്യക്ഷനായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം.സി ജോസഫൈന്‍, ജില്ലാ സെക്രട്ടറി പി രാജീവ്, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എം.ബി രാജേഷ് എംപി, കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്, സംവിധായകന്‍ ആഷിഖ് അബു തുടങ്ങിയവര്‍ പങ്കെടുത്തു.

‘കേരളത്തെ ഭ്രാന്താലയമാക്കരുത്’ എന്ന് ഓര്‍മപ്പെടുത്തി നവംബര്‍ 17ന് കയ്യൂരില്‍നിന്ന് ഡിവൈഎഫ്‌ഐ സെക്രട്ടറി എം സ്വരാജും 19ന് അരുവിക്കരയില്‍നിന്ന് സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എയും നയിച്ച കാല്‍നട ജാഥകളാണ് 600 കിലോമീറ്റര്‍ പിന്നിട്ട് ശനിയാഴ്ച വൈകിട്ട് എറണാകുളം നഗരത്തില്‍ സമാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here