നൗഷാദിനെ ആദരിച്ച് കോഴിക്കോട്ടെ പൗരാവലി; നൗഷാദുമാര്‍ക്കു മാത്രമേ ജീവിക്കാനാവൂവെന്ന് തിരൂവഞ്ചൂര്‍; ജീവിതം സന്ദേശമാണെന്നു തെളിയിച്ചെന്നു മന്ത്രി മുനീര്‍

NOUSHAD 3

കോഴിക്കോട്: നൗഷാദുമാര്‍ക്കു മാത്രമേ ജീവിക്കാന്‍ കഴിയൂ. അതിനുള്ള മനസുണ്ടാകട്ടെ എല്ലാവര്‍ക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നൗഷാദിന് ആദരമര്‍പ്പിക്കാന്‍ കൈരളി ടിവിയും കോഴിക്കോട് കോര്‍പറേഷനും സംഘടിപ്പിച്ച സ്മൃതി സന്ധ്യയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നൗഷാദിന് ധീരതാ പുരസ്‌കാരം നല്‍കാന്‍ നിര്‍ദേശിക്കുന്നതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എം കെ മുനീറും പറഞ്ഞു.

കോഴിക്കോട്ട് നീതിബോധത്തോടെ പെരുമാറുന്ന വിഭാഗമാണ് ഓട്ടോറിക്ഷാക്കാരെന്നും നൗഷാദിന് ആദരമര്‍പ്പിക്കാന്‍ കോഴിക്കോട് കോര്‍പറേഷനും കൈരളി ടിവിയും നടത്തിയ ശ്രമം ജനങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്തുന്നതാണെന്നും മന്ത്രി ഡോ. എം കെ മുനീര്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുന്നു. ഹൃദയം നിറയെ നൗഷാദിനെക്കുറിച്ചു ചിന്തയുണ്ടാകണമെന്നും മന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞു. നൗഷാദ് ചരിത്രത്തിലെ സുപ്രധാന താളായി മാറിയിരിക്കുന്നുവെന്നു തെളിയിക്കുകയാണ് ഈ സദസ്. ഒരു മാന്‍ഹോളില്‍ ഇറങ്ങിപ്പോകാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന ജല്‍പനത്തെ മലയാളികള്‍ തള്ളിക്കളഞ്ഞിരിക്കുന്നു. മനുഷ്യന്‍ മനുഷ്യത്വമായിരിക്കണം ജാതിയെന്നും ഗോക്കള്‍ക്കു ഗോത്വമായിരിക്കണമെന്നുമാണ് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുള്ളത്. കോഴിക്കോട്ടെ ഓട്ടോറിക്ഷാക്കാരുടെ നന്മ ലോകപ്രസിദ്ധമാണ്. നൗഷാദ് കോഴിക്കോട്ടെ ഓട്ടോറിക്ഷക്കാരുടെ പേര് ലോകത്തോളം ആകാശത്തോളം ഉയര്‍ത്തിയിരിക്കുന്നു. എവിടെയായാലും നമ്മള്‍ എല്ലാവരും നൗഷാദ് ആകാനാണ് ശ്രമിക്കേണ്ടത്. അപകടങ്ങളില്‍ പെടുന്നവരെ രക്ഷിക്കുന്നതിനേക്കാള്‍ അതു മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതാണ് എന്നു ചിന്തിക്കുന്ന കാലത്ത് നൗഷാദുമാര്‍ ഇനിയും ജനിക്കും ഇനിയും ഉണ്ടാകും. ബി പി മൊയ്തീന്‍ പുഴയിലേക്ക് ഇറങ്ങിപ്പോയി എത്രയോ ജീവിതങ്ങളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നൗഷാദ് ഒരു സന്ദേശമായി മാറുകയാണെന്നും മുനീര്‍ പറഞ്ഞു.

മലയാളിയെ സംബന്ധിച്ചിടത്തോളം ഇരുണ്ടുപോയ നൂറ്റാണ്ടില്‍ മനുഷ്യസ്‌നേഹത്തെ തിരിച്ചുപിടിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ച തെളിവുള്ള നഗരമാണ് കോഴിക്കോടെന്നു കൈരളി ടി വി ഡയറക്ടര്‍ എ വിജയരാഘവന്‍ പറഞ്ഞു. എല്ലാ മനുഷ്യനന്മയും അതിന്റെ പൂര്‍ണമായ സുരഭില ഭാവത്തോടെ നിറഞ്ഞുനില്‍ക്കുന്ന നഗരമാണിത്. മനുഷ്യത്വ രഹിതമായ വാക്കുച്ചരിക്കാതെ മനുഷ്യനന്മ ഉയര്‍ത്തിപ്പിടിച്ച ഈ നഗരത്തില്‍ നൗഷാദ് ഈ പൈതൃകം ഉയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നൗഷാദിന്റെ കുടുംബത്തിനായി ധനസമാഹാരണം ലക്ഷ്മിട്ടു സംഘടിപ്പിച്ച പരിപാടിയല്ലെങ്കിലും വിവിധ സംഘടനകള്‍ നല്‍കിയ പതിനൊന്നു ലക്ഷത്തോളം രൂപ നൗഷാദിന്റെ സഹോദരന്‍ ഷാഫിക്കു ചടങ്ങില്‍വച്ചു കൈരളി ടിവി ഡയറക്ടര്‍ എ വിജയരാഘവന്‍ കൈമാറി.

മനുഷ്യന്‍ എത്ര സുന്ദരമായ പദം എന്നതു മനുഷ്യന്‍ എന്തൊരു ചെകുത്താനാണ് എന്നു മാറ്റിപ്പറയുന്ന കാലത്ത് നൗഷാദ് മനുഷ്യന്‍ എത്ര സുന്ദരമായ പദമാണെന്നു പുനസ്ഥാപിച്ചിരിക്കുന്നുവെന്നു ആമുഖ പ്രഭാഷണം നടത്തിയ എഴുത്തുകാരന്‍ കെ പി രാമനുണ്ണി പറഞ്ഞു. കൃത്യമായ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നു, യാത്രാനിരക്കിന്റെ ബാക്കി കൃത്യമായി മടക്കിക്കൊടുക്കുന്ന പാരമ്പര്യത്തിന്റെ ഇഴചേര്‍ന്നതാണ് നൗഷാദ്. സമൂഹത്തിലെ ശുദ്ധീകരണ പ്രക്രിയക്കു കൂടി നൗഷാദ് തുടക്കം കുറിച്ചിരിക്കുന്നു. വര്‍ഗീയതയ്ക്ക് എതിരായി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജവും നൗഷാദ് നമുക്കു പകര്‍ന്നുതന്നു.- അദ്ദേഹം പറഞ്ഞു.

ധീരത ആര്‍ക്കും കാണിക്കാന്‍ പറ്റും. സാഹചര്യങ്ങളാണ് ഒരാളെ ധീരനാക്കുന്നത്. മനുഷ്യത്വം അതാണ് നൗഷാദിന്റെ പര്യായം. മരണത്തിലേക്ക് എടുത്തു ചാടുന്ന ധീരത മനുഷ്യത്വമാണ്. പേരറിയാത്ത, നാടറിയാത്ത സഹജീവിയോടുള്ള സ്‌നേഹമായിരുന്നു നൗഷാദിന്റെ ധീരതയെന്നും കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്ത് പറഞ്ഞു. എ പ്രദീപ്കുമാര്‍ എംഎല്‍എ സുരക്ഷിതത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

കോഴിക്കോട് മേയര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍, എംഎല്‍എമാരായ എളമരം കരീം എ പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി, പിടിഎ റഹീം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറക്കോട്, കെപിസിസി ജനറല്‍ സെക്രട്ടറി പി എം സുരേഷ് ബാബു, ഡിസിസി പ്രസിഡന്റ് കെ സി അബു, സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, കൈരളി ടി വി ഡയറക്ടര്‍ ടി ആര്‍ അജയന്‍, കാഞ്ചനമാല, നൗഷാദിന്റെ സഹോദരന്‍ ഷാഫി, ഓട്ടോത്തൊഴിലാളി സംഘടനാ പ്രതിനിധി നൗഷാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News