റെക്കോര്‍ഡുകള്‍ പെയ്ത് കൗമാരക്കുതിപ്പിന്റെ ആദ്യദിനം; 54 പോയിന്റുമായി എറണാകുളം മുന്നില്‍; പാലക്കാട് തൊട്ടുപിന്നില്‍; ആദ്യദിനം ആറു റെക്കോര്‍ഡുകള്‍

കോഴിക്കോട്: പതിവു തെറ്റിക്കാതെ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ആദ്യദിനം. എറണാകുളത്തിന്റെ മുന്നേറ്റത്തോടെയാണ് ഇത്തവണയും കൗമാര കായികമേളയ്ക്ക് തുടക്കമായത്. ആദ്യദിനം പിന്നിടുമ്പോള്‍ 54 പോയിന്റുമായി എറണാകുളം ജില്ലയാണ് മുന്നില്‍. 39 പോയിന്റുള്ള പാലക്കാട് ജില്ല രണ്ടാം സ്ഥാനത്താണ്. എട്ട് ഇനങ്ങളില്‍ ഫൈനല്‍ പൂര്‍ത്തിയായപ്പോള്‍ ഒരു ദേശീയ റെക്കോര്‍ഡ് അടക്കം ആറു റെക്കോര്‍ഡുകള്‍ പിറന്നു. എറണാകുളം കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ എം.കെ ശ്രീനാത് ഇരട്ട സ്വര്‍ണം നേടി.

ഫൈനല്‍ നടന്ന ആദ്യ ഇനത്തില്‍ തന്നെ 21 വര്‍ഷം പഴക്കമുള്ള മീറ്റ് റെക്കോര്‍ഡ് മാറ്റിയെഴുതിയായിരുന്നു കൗമാരക്കുതിപ്പിന് തുടക്കമായത്. കോതമംഗലം മാര്‍ബേസിലിന്റെ ബിപിന്‍ ജോര്‍ജാണ് ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ രണ്ട് പതിറ്റാണ്ട് പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തത്. മീറ്റിലെ ആദ്യ സ്വര്‍ണവും കഴുത്തിലണിഞ്ഞ് ബിപിന്‍ ഓടിക്കയറിയത് റെക്കോര്‍ഡിലേക്കായിരുന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കല്ലടി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സി.ബബിതയും സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പറളി ഹൈസ്‌കൂളിലെ പി.എന്‍ അജിത്തും സ്വര്‍ണം നേടിയതോടെ പാലക്കാടും കുതിപ്പു തുടങ്ങി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മാര്‍ബേസിലിന്റെ അനുമോള്‍ക്കാണ് സ്വര്‍ണം. ദേശീയറെക്കോര്‍ഡിനേക്കാള്‍ മികച്ച സമയം കുറിച്ചു കൊണ്ടായിരുന്നു അനുമോളുടെ കുതിപ്പ്. 2013 ല്‍ കെ.ആര്‍ ആതിര സ്ഥാപിച്ച റെക്കോഡാണ് അനുമോള്‍ തിരുത്തിയത്.

ആകെ പിറന്ന ആറു റെക്കോര്‍ഡുകളില്‍ മൂന്നും സ്വന്തമാക്കിയത് മാര്‍ ബേസിലിന്റെ കുട്ടികളായിരുന്നു. അനുമോള്‍ തമ്പിക്കു പുറമേ, ബിപിന്‍ ജോര്‍ജും ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ്ജംപില്‍ എംകെ ശ്രീനാഥും റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ഇരട്ട സ്വര്‍ണം നേടിയ ശ്രീനാഥിന്റെ മറ്റൊരു നേട്ടം ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററിലായിരുന്നു. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പിഎന്‍ അജിതിനാണ് മറ്റൊരു റെക്കോര്‍ഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News