കേരളത്തിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ ജാഗ്രത… നിങ്ങളെ ഭാവി സാങ്കേതിക സര്‍വകലാശാലയില്‍ തുലാസിലാണ്… വസ്തുതകളിലൂടെ ഒരു അന്വേഷണം

സാങ്കേതിക സര്‍വ്വകലാശാലയിലെ പരീക്ഷ നടത്തിപ്പ് ചുമതല പൂര്‍ണ്ണമായും ഒരു സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കുന്ന സാഹചര്യത്തിലാണ് ഈ കുറിപ്പ്. കേരളത്തിലെ സര്‍വ്വകലാശാലകളിലെ പരീക്ഷകള്‍ നാളിതുവരെ അതാത് സര്‍വ്വകലാശാലയുടെ എക്‌സാമിനേഷന്‍ കണ്‍ട്രോളര്‍ നേരിട്ട് നടത്തുന്നതാണ് ചട്ടം.അത് നിലനില്‍ക്കെയാണ് പരീക്ഷ നടത്തിപ്പ് തന്നെ സ്വകാര്യവല്‍കരിച്ചരിക്കുന്നത്. ഈ കുറിപ്പ് എഴുതുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ പുതിയ സമ്പ്രദായത്തില്‍ പരീക്ഷ എഴുതാനുളള തയ്യാറെടുപ്പിലാണ്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികളുടെയും ആശങ്കയ്ക്ക് പുല്ല് വില കല്‍പ്പിക്കതെയാണ് പരീക്ഷ സ്വകാര്യ ഏജന്‍സിക്ക് നല്‍കി സര്‍വകലാശാല ഉത്തരവ് ഇറക്കിയിരിക്കുന്നത്. ആ സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പിലെ കളളകളികളാണ് ഈ കുറിപ്പില്‍ ചൂണ്ടി കാട്ടുന്നത്.

സാങ്കേതിക സര്‍വ്വകലാശാലയിലെ പരീക്ഷ നടപടികള്‍ക്ക് എന്ത് തുക ചിലവാകും ഇത് സര്‍വ്വകലാശാലക്ക് നഷ്ടം വരുത്തുമോ ?

40000 ലേറെ ബി ടെക്ക് വിദ്യാര്‍ത്ഥികളും 4500 എം ടെക്ക് വിദ്യാര്‍ത്ഥികളുമാണ് സര്‍വ്വകലാശാലയുടെ കീഴില്‍ പഠിക്കുന്നത്. പരീക്ഷാഫീസ് ആയി 1700 രൂപയാണ് ഒരു വിദ്യാര്‍ത്ഥിയുടെ കൈയ്യില്‍ നിന്നും സര്‍വ്വകലാശാല പിരിച്ചെടുക്കുന്നത്. ഓരോ വിദ്യാര്‍ത്ഥിയും പേപ്പര്‍ ഒന്നിന് 69 രൂപ വീതം സ്വകാര്യഏജന്‍സിക്ക് നല്‍കേണ്ടതുണ്ട്. ബി ടെക്ക് വിദ്യാര്‍ത്ഥിക്ക് ആറ് പേപ്പറുകള്‍ പഠിക്കാന്‍ ഉണ്ട്. അങ്ങനെ വന്നാല്‍ 45000 വിദ്യാര്‍ത്ഥികള്‍ ആറ് പേപ്പറിന് 69 രൂപ വീതം നല്‍കുമ്പോള്‍ ഒരു കോടി എണ്‍പത്തിആറ് ലക്ഷത്തിമുപ്പതിനായിരം രൂപ സ്വകാര്യ ഏജന്‍സിക്ക് ലഭിക്കും. ഇത് ആറു മാസത്തെ കണക്ക് മാത്രം ആണ്. ഒരു വര്‍ഷത്തെ കണക്ക് കൂട്ടിയാല്‍ 3,72,60,000 രൂപ മെറിറ്റ് ട്രാക്കിന് ലഭിക്കും. തോറ്റ വിദ്യാര്‍ത്ഥികള്‍ സപ്‌ളിമെന്ററി പരീക്ഷ എഴുതുന്ന കണക്ക് കൂടി കൂട്ടിയാല്‍ അഞ്ച് കോടി രൂപയിലേറെ സ്വകാര്യ ഏജന്‍സി കൊണ്ടുപോകും. ഇത്രയും തുക ഉെണ്ടങ്കില്‍ 150ലേറെ ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തേക്ക് നിലവിലുളള സ്‌കെയില്‍ അനുസരിച്ച് ശമ്പളം നല്‍കാന്‍ സര്‍വ്വകലാശാലക്ക് കഴിയും. നാല് വര്‍ഷത്തെ പരീക്ഷ നടത്തിപ്പ് ചുമതലയാണ് ബംഗളുരു ആസ്ഥാനമായ ഈ കമ്പനിക്ക് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി പരീക്ഷ നടത്തിപ്പ് ആണ് ഇവരെ ഏല്‍പ്പിച്ചത്. സര്‍വ്വകലാശാല പൂര്‍ണമായി പ്രവര്‍ത്തന ക്ഷമമാകുമ്പോല്‍ നാല് വര്‍ഷത്തെ വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയില്‍ ഉണ്ടാവും. അതായത് രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍. അപ്പോള്‍ 25 കോടി രൂപ പ്രതിവര്‍ഷം നിലവില്‍ ഉളള കരാര്‍ അനുസരിച്ചുതന്നെ കമ്പനിക്ക് ലഭിക്കും. അതായത് 100 കോടി രൂപ മെറിറ്റ് ട്രാക്കിന് ഇതുവഴി ലഭിക്കും. പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയച്ചുമതല നിര്‍വഹിക്കുന്ന ടീച്ചര്‍മാര്‍ക്ക് സര്‍വ്വകലാശാല വേറെ തുക കൊടുക്കണം. ഭീമമായ സാമ്പത്തിക ക്രമക്കേടിനും, അരാജകത്വത്തിനുമാണ് ഇത് വഴിവെക്കുക.

കരാറില്‍ പ്രകാരം എന്തൊക്കെ ചുമതലകള്‍ ആണ് കമ്പനിക്ക് നല്‍കിയിരിക്കുന്നത് ?

a) ചോദ്യപേപ്പര്‍ സൂക്ഷിക്കുക
b) ഉത്തരകടലാസുകള്‍ സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ ഇമേജ് ആക്കി കമ്പനിയുടെ സെര്‍വ്വറില്‍ സൂക്ഷിക്കുക
c) അധ്യാപകര്‍ക്ക് ഓണ്‍ലൈനിലൂടെ ഉത്തരകടലാസുകള്‍ എത്തികുക
d) സോഫ്റ്റ് വെയറിലൂടെ ടാബുലേഷന്‍ ജോലികള്‍ നിര്‍വഹിക്കുക

എന്താണ് ഈ പരീക്ഷ സമ്പ്രദായം ? ആരാണ് പരീക്ഷ നടത്തുന്നത് ?എപ്രകാരമാണ് പരീക്ഷ നടക്കുന്നത് ?

ബംഗളുരു ആസ്ഥാനമായ മെറിറ്റ് ട്രാക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഈ പരീക്ഷ നടത്തുന്നത്. ക്യാറ്റ്, ഗേറ്റ്, തുടങ്ങിയ എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്തുന്ന സ്വകാര്യ ഏജന്‍സിയാണിതെന്ന് പറയുന്നുവെങ്കിലും അത്തരം പരീക്ഷകള്‍ക്ക് ഒഎംആര്‍ ഷീറ്റ് ആണ് ഉളളതെന്നതിനാല്‍ ഇത്രയധികം ഉത്തരകടലാസ് നോക്കേണ്ടി വരില്ല. സിക്കിം മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇത്തരം പരീക്ഷ നടത്തിയതായി ഇവര്‍ സര്‍വ്വകലാശാലക്ക് നല്‍കിയ ബയോഡാറ്റയില്‍ പറയുന്നു. എന്നാല്‍ ഒരു സര്‍ക്കാര്‍ സര്‍വ്വകലാശാലയിലും ഇവര്‍ക്ക് പരീക്ഷ നടത്തിയ പരിചയം ഇല്ല. ഇന്ത്യയില്‍ തന്നെ എന്റെ അറിവില്‍ നാല് യൂണിവേഴ്‌സിറ്റി മാത്രമാണ് ഇപ്രകാരം ഒരു സാഹസത്തിന് മുതിര്‍ന്നിട്ടുളളത്. കര്‍ണ്ണാടകത്തിലെ വിശ്വേവേശ്വരയ്യ യൂണിവേഴ്‌സിറ്റിയും, ഗുജറാത്തിലെ ടെക്ക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയും, മുബൈ . യൂണിവേഴ്‌സിറ്റിയിലും, സിക്കിം മണിപാല്‍ യൂണിവേഴ്‌സിറ്റിയിലും മാത്രമാണ് മാത്രമാണ് ഇതിന് മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിട്ടുളളത്. പദ്ധതി നടത്തിപ്പ് പ്രയോഗികമല്ലെന്ന് കണ്ട് വിശ്വേശ്വരയ്യ യൂണിവേഴ്‌സിറ്റി ഉപേക്ഷിക്കുകയും ചെയ്തു. വിശ്വേശ്വരയ്യ യൂണിവേഴ്‌സിറ്റി പരീക്ഷണാടിസ്ഥാനത്തില്‍ ഈ സമ്പ്രദായം നടപ്പിലാക്കിയെങ്കിലും പ്രയോഗികമായ ബുദ്ധിമുട്ടുകല്‍ കണക്കിലെടുത്ത്, സുതാര്യതയിലുളള സംശയവും നിമിത്തം കര്‍ണ്ണാടക സര്‍ക്കാര്‍തന്നെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ യൂണിവേഴ്‌സിറ്റിക്കും ഉപയോഗിക്കാന്‍ പാകത്തില്‍ ഒരു സോഫ്റ്റ് വെയര്‍ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. കൂടാതെ ഇന്ത്യയിലെ ഒരു പ്രധാന സര്‍വ്വകലാശാലയിലും ഇത്തരം പരീക്ഷ നടത്തിയ മുന്‍ അനുഭവവും മെറിറ്റ് ട്രാക്കിന് ഇല്ല. പിന്നെ എങ്ങനെ/ആര് ഇവര്‍ക്ക് കേരളത്തിന്റെ എഞ്ചീനിയറിംഗ് പരീക്ഷ തീറെഴുതിക്കൊടുത്തു എന്ന് വ്യക്തമല്ല.

പരീക്ഷ നടപടി ക്രമങ്ങള്‍ എപ്രകാരം ആയിരിക്കും.?
സര്‍വ്വകലാശാലക്ക് കീഴിലെ അധ്യാപകര്‍ തയ്യാറാക്കുന്ന ചോദ്യപേപ്പറുകള്‍ ആദ്യം അഞ്ചംഗ അധ്യാപക സമിതി പരിശോധിച്ച് ഇ മെയിലിലൂടെയും ഗൂഗിള്‍ ഡ്രൈവിലൂടെയും ബംഗളുരു ആസ്ഥാനമായ കമ്പനിക്ക് അയച്ചു കൊടുക്കും. ഇ മെയിലിലൂടെയും ഗൂഗിള്‍ ഡ്രൈവിലൂടെയും അയക്കുന്ന ചോദ്യപേപ്പര്‍ കൈമാറുമ്പോള്‍ ചോര്‍ത്തപ്പെടാനുളള സാധ്യതയേറെയാണ്. കൂടാതെ പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ചോദ്യപേപ്പര്‍ കമ്പനിയുടെ പക്കല്‍ എത്തും. പരീക്ഷ നടക്കുന്നതിന്റെ ഒന്നര മണിക്കൂര്‍ മുന്‍പ് ഈ ചോദ്യപേപ്പറുകള്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ ഈ മെയിലിലേക്ക് അയച്ച് കൊടുക്കും. ഇത് ഡൗണ്‍ലോഡ് ചെയ്ത് എടുക്കുന്നതിനായി അവര്‍ക്ക് ഒരു രഹസ്യകോഡ് നല്‍കും. സര്‍വ്വകലാശാല നിയമിക്കുന്ന ഒരു വ്യക്തിയുടെ മുന്നില്‍ വെച്ചാണ് ഇപ്രകാരം ചെയ്യുന്നതെന്ന് പറയുന്നുണ്ടെങ്കിലും ഇവരെ തിരഞ്ഞെടുക്കുന്നതെന്ന് എപ്രകാരമാണെന്ന് ഇപ്പോഴും അജ്ഞാതമാണ്. കൂടാതെ കൂട്ടകോപ്പിയടി അടക്കം നടക്കുന്നതായി വ്യാപക ആരോപണം ഉയരുന്ന സ്വകാര്യ സ്വാശ്രയ കോളേജ് മാനേജ്‌മെന്റിന്റെ കൈയ്യില്‍ പരീക്ഷയ്ക്ക് മുന്‍പ് ചോദ്യപേപ്പര്‍ കിട്ടായാല്‍ എന്ത് സംഭവിക്കുമെന്ന് ഊഹിക്കാമല്ലോ? പരീക്ഷയ്ക്കു ശേഷം വിദ്യാര്‍ത്ഥികള്‍ എഴുതിയ ചോദ്യക്കടലാസുകള്‍ ഡിജിറ്റല്‍ ഇമേജ് ആക്കി സ്വകാര്യ ഏജന്‍സിയുടെ വെബ്‌സൈറ്റിലേക്ക് കമ്പനിയുടെ ജീവനക്കാര്‍ അപ്പ്‌ലോഡ് ചെയ്യും. ഇതിനായി സ്വകാര്യ ഏജന്‍സി കരാര്‍ ജീവനക്കാരെയാണ് ചുമതലപെടുത്തിയിരിക്കുന്നത്. ഇവരില്‍ പലരും ഡിടിപി ഓപ്പറേറ്റര്‍മാരോ, ഫോട്ടോസ്റ്റാറ്റ് കടകളിലോ ജോലി ചെയ്ത് പരിചയമുളളവരോ ആണ് !!!.. എന്‍ട്രന്‍സ് അടക്കം വലിയ പരീക്ഷകള്‍ ഇതിന് മുന്‍പ് നടത്തിയതായി അവകാശപ്പെടുന്ന മേല്‍പറഞ്ഞ ഏജന്‍സി എഞ്ചീനിയറിംഗ് കോളേജുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ മാതൃക പരീക്ഷക്ക് ഉത്തരക്കടലാസുകള്‍ അപ്പ് ലോഡ് ചെയ്ത വിധം കേട്ടാല്‍ രക്ഷിതാക്കളുടെ തല കറങ്ങും. വിദ്യാര്‍ത്ഥികള്‍ എഴുതിയ ഉത്തരക്കടലാസുകള്‍ മൊബൈല്‍ ഫോണിലൂടെ ഫോട്ടോ എടുത്ത് സ്‌കാന്‍ ചെയ്ത് കമ്പനിയുടെ സൈറ്റിലേക്ക് അപ്പ് ലോഡ് ചെയ്യുകയായിരുന്നു. ഇപ്രകാരം തന്നെയാണ് യത്ഥാര്‍ഥ പരീക്ഷക്കും ചെയ്യുന്നത്. ഒരു വിദ്യാര്‍ത്ഥി ശരാശരി 25 ഉത്തരകടലാസുകളില്‍ ഉത്തരം എഴുതുകയാണെങ്കില്‍ ഈ പറഞ്ഞ 25 പേപ്പറുകളും മൊബൈലില്‍ ഫോട്ടോ എടുത്ത് കമ്പനിയുടെ സൈറ്റിലേക്ക് അപ്പ് ലോഡ് ചെയ്യും. 45000 വിദ്യാര്‍ത്ഥികള്‍ ശരാശാരി 25 പേപ്പര്‍ വാങ്ങി പരീക്ഷ എഴുതുകയാണെങ്കില്‍ പതിനൊന്ന് ലക്ഷത്തി ഇരുപത്തിഅയ്യായിരം (11,25000) ഉത്തരകടലാസുകള്‍ ഇപ്രകാരം സ്‌കാന്‍ ചെയ്ത് അപ്പ് ലോഡ് ചെയ്യേണ്ടതായി വരും.കുട്ടികള്‍ എഴുതിയ ഉത്തര കടലാസുകള്‍ ഫോട്ടോ എടുക്കുമ്പോള്‍ വ്യക്തത ഇല്ലാതെ പോയാല്‍ അധ്യാപകര്‍ക്ക് നോക്കാന്‍ കഴിയാതെ പോകും. ഈ സാഹചര്യങ്ങള്‍ ആകെ സര്‍വകലാശാല പരിശോധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഉത്തരക്കടലാസുകള്‍ മൂല്യ നിര്‍ണയം നടത്തേണ്ട അധ്യാപകരുടെ പക്കലെത്തുന്നതും അതിശയകരമാണ്. ഒരു വിന്‍ഡോസ് പ്രോഗാമിലൂടെ മാത്രമേ ഇത് ഓപ്പണ്‍ ആക്കാന്‍ കഴിയൂ. മൂല്യനിര്‍ണയം നടത്തേണ്ടത് എപ്രകാരമാണെന്ന് പല അധ്യാപകര്‍ക്കും ഇപ്പോഴും അറിയില്ല. സാധാരണ ഇത്തരം കാതലായ ഒരു മാറ്റം വരുമ്പോള്‍ അധ്യാപകര്‍ക്ക് സ്റ്റഡി ക്‌ളാസുകള്‍ നല്‍കുന്ന പതിവുണ്ടെങ്കിലും ഇവിടെ സര്‍വ്വകലാശാല അധ്യാപകര്‍ക്ക് ഹാന്‍ഡ് ഗൈഡ് മാത്രമാണ് നല്‍കിയിരിക്കുന്നത് !!!

ഒരു അധ്യാപകന്‍ ഒരു ദിവസം 600 ഷീറ്റ് ഉത്തരകടലാസുകള്‍ നോക്കണമെന്നാണ് സര്‍വ്വകലാശാല പറഞ്ഞിരിക്കുന്നത്. മൂല്യ നിര്‍ണയം നടത്തുന്നതും വിന്‍ഡോസ് സൈറ്റ് വഴിയാണ്. ചോദ്യങ്ങള്‍ക്ക് നല്‍കുന്ന മാര്‍ക്കുകള്‍ ചെല്ലുന്നതും കബനിയുടെ സൈറ്റിലേക്കാണ്. ഇതിന്റെ ടാബുലേഷന്‍ നടത്തുന്നത് കമ്പനിയുടെ സോഫ്റ്റ് വെയര്‍ ആണ്. ചുരുക്കത്തില്‍ ചോദ്യക്കടലാസ് നോക്കുന്ന അധ്യാപകന് പോലും താന്‍ നോക്കിയ വിദ്യാര്‍ത്ഥിയുടെ പേപ്പറിന് എത്ര മാര്‍ക്ക് കിട്ടി എന്ന് അറിയാന്‍ കഴിയില്ല. മാര്‍ക്ക് ഷീറ്റും ഉത്തരക്കടലാസും എല്ലാം കമ്പനിയുടെ കൈയ്യിലാണ്. കമ്പനിയുടെ കൈയ്യിലെത്തുന്ന മാര്‍ക്കുകള്‍ തമ്മില്‍ കൂട്ടി നോക്കുമ്പോള്‍ എന്തെങ്കിലും ക്രമക്കേട് നടന്നാല്‍ ദൈവം തമ്പുരാന് പോലും കണ്ടെത്താനും കഴിയില്ല. കമ്പനിയുടെ സോഫ്റ്റ്‌വെയറില്‍ തകരാറോ മറ്റോ സംഭവിച്ചാല്‍ മെമ്മറി മൊത്തം ഡീലീറ്റ് ആകും. ബാക്ക് അപ്പ് സോഫ്റ്റ് വെയര്‍ വഴി ഉത്തരകടലാസുകള്‍ എടുത്താല്‍ എത്ര ഷീറ്റുകള്‍ തിരിച്ച് വരുമെന്നോ നിശ്ചയമില്ല.

മെറ്റിറ്റ് ട്രാക്ക് എന്ന കമ്പനി എപ്രകാരമാണ് സാങ്കേതിക സര്‍വ്വകലാശാലയുടെ പരീക്ഷ നടത്തിപ്പിന് യോഗ്യത നേടിയത് ?

രണ്ട് തവണകളിലായി നടന്ന ടെണ്ടര്‍ നടപടികളിലൂടെയാണ് മേല്‍ പറഞ്ഞ സ്വകാര്യ ഏജന്‍സി യോഗ്യത നേടിയത്. ജൂണ്‍, ഓഗസ്റ്റ് മാസങ്ങളിലായിട്ടാണ് ഇടെണ്ടര്‍ വഴിയാണ് നടപടി ക്രമങ്ങള്‍ നടന്നത്. ആകെ 100 മാര്‍ക്ക് ആണ് ടെണ്ടറില്‍ പങ്കെടുക്കുന്ന കമ്പനി നേടേണ്ടി ഇരുന്നത്. ടെക്‌നിക്കല്‍ ബിഡില്‍ 70ശതമാനവും ഫിനാന്‍ഷ്യല്‍ ബിഡില്‍ 30 ശതമാനം വെയ്‌റ്റേജും നേടുന്ന കമ്പനിക്ക് മാത്രമേ യോഗ്യത നേടാനാവു. ജൂണ്‍ മാസത്തിലെ ടെണ്ടറില്‍ നാല് കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചു. ടിസിഎസ്, മണിപ്പാല്‍ ടെക്‌നോളജീസ്, മെറിറ്റ് ട്രാക്ക്, മെന്‍ഡ് ലോജിക്ക് എന്നീവരായിരുന്നു അവര്‍. അതില്‍ മെന്‍ഡ് ലോജിക്ക് പദ്ധതി ഫീസിബിള്‍ അല്ല എന്ന് ചൂണ്ടികാട്ടി ആദ്യം തന്നെ പിന്‍മാറി. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലെ ഐടി മിഷന്റെ സെര്‍വര്‍ വഴിയാണ് ടെണ്ടര്‍ നടന്നത്. ആദ്യഘട്ട ടെണ്ടറില്‍ നിരതദ്രവ്യമായി 5 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന നിബന്ധന പാലിക്കാന്‍ മെറ്റിറ്റ് ട്രാക്കിനായില്ല. മെറിറ്റ് ട്രാക്കിന്റെ അപേക്ഷ അസാധുവായി. ടിസിഎസ് കമ്പനി ഒരു പേപ്പറിന് 170 രൂപയും, മണിപാല്‍ ടെക്‌നോളജീസ് 60 രൂപയുമാണ് ക്വാട്ട് ചെയ്തത്. കുറഞ്ഞ തുക വാഗ്ദാനം ചെയ്ത മണിപാലിന് കരാര്‍ ഉറപ്പിച്ചെങ്കിലും അവസാന നിമിഷം മണിപ്പാല്‍ ടെക്‌നോളജീസ് ടെണ്ടറില്‍ നിന്ന് പിന്‍മാറി. തുടര്‍ന്ന് മെറിറ്റ് ട്രാക്കിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതിനായി ഓഗസ്റ്റ് മാസത്തില്‍ ഒരു ടെണ്ടര്‍ കൂടി നടത്താന്‍ സര്‍വ്വകലാശാല തീരുമാനിച്ചു. ടിസിഎസിന്് സെര്‍വ്വര്‍ തകരാര്‍ മൂലം നിരതദ്രവ്യം കെട്ടിവെക്കാന്‍ കഴിഞ്ഞില്ല. ഹയര്‍ എഡ്യൂക്കേഷന്‍ അഡീഷണല്‍ സെക്രട്ടറി ഷെരീഫ്, ഐസിടി അക്കാഡമി ഡയറക്ടര്‍ സന്തോഷ് കുറുപ്പ്, ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍ ഡയറക്ടര്‍ ജയശങ്കര്‍ പ്രസാദ്, ഡയറക്ടര്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യുക്കേഷന്റെ സിസ്റ്റം അനലിസ്റ്റ് രഞ്ചന്‍ തോമസ്, ഐടി മിഷന്റെ പ്രതിനിധിയായി ബിജോയി കോര എന്നിവരായിരുന്നു ടെക്‌നിക്കല്‍ ബിഡിന്റെ വിധി കര്‍ത്താക്കള്‍. സ്വകാര്യ കമ്പനി അധികാരികള്‍ ഹാജരാക്കിയ ബയോഡാറ്റ വാങ്ങി പരിശോധിച്ചതല്ലാതെ ഇത്ര വലിയ പരീക്ഷ നടത്താന്‍ ഉളള കമ്പനിയുടെ യോഗ്യതകള്‍ ശാസ്തീയമായി പരിശോധിച്ചില്ല. ചുരുക്കം കോളേജുകളുടെ കൊളീജീയം രൂപീകരിച്ച് ഒരു മാതൃക പരീക്ഷ നടത്തിച്ചെങ്കിലും ആണ് ഇവരുടെ യോഗത്യ പരിശോധിക്കേണ്ടതെന്നിരിക്കെ അത്തരം യാതൊരു പരിശോധനയും നടത്താതെയാണ് ഇവരെ തിരഞ്ഞെടുത്തത്. ടെക്‌നിക്കല്‍ ബിഡില്‍ മെറിറ്റ് ട്രാക്ക് 79 ശതമാനം വെയിറ്റേജ് നേടി. എന്നാല്‍ സിംഗിള്‍ ടെണ്ടര്‍ ആയതിനാല്‍ ഇവര്‍ക്ക് കരാര്‍ ഉറപ്പിച്ചു. ഇവിടെയാണ് സംശയം ഉയരുന്നത്. ആദ്യ ഘട്ടത്തില്‍ സിംഗിള്‍ ടെണ്ടര്‍ വന്നപ്പോള്‍ റീടെണ്ടര്‍ നടത്തിയ സര്‍വ്വകലാശാല രണ്ടാം ഘട്ടത്തില്‍ സിംഗില്‍ ടെണ്ടര്‍ വന്നപ്പോള്‍ എന്ത് കൊണ്ട് റീടെണ്ടര്‍ നടത്തിയില്ല. മൂന്നാമതും ടെണ്ടര്‍ നടത്തുകയായിരുന്നു അഭികാമ്യമെന്ന് ഇരിക്കെ എന്ത് കൊണ്ട് വീണ്ടും ടെണ്ടര്‍ നടത്താത്തത് സംശയാസ്പദമാണ്. അപ്പോള്‍ കാര്യങ്ങള്‍ സിംഗിള്‍ ടെണ്ടറിലേക്ക് എത്തിക്കുകയായിരുന്നു സര്‍വ്വകലാശാലയുടെ ഉദ്ദേശം എന്ന് വ്യക്തം. നാലു വര്‍ഷത്തേക്കാണ് കരാര്‍ മെറിറ്റ് ട്രാക്കിന് നല്‍കിയിക്കുന്നത്. 100 കോടി രൂപയാണ് കമ്പനിക്ക് ലഭിക്കുക. കൂടാതെ സംസ്ഥാനത്തെ എഞ്ചീനിയറിംഗ് വിദ്യാര്‍ത്ഥികളുടെ ഭാവി പന്താടാനുളള സൗകര്യവും

പരീക്ഷ നടത്താന്‍ ഉളള മുന്നോരുക്കങ്ങള്‍ സര്‍വ്വകലാശാല നടത്തിയിരുന്നോ ?

ഡിസംബര്‍ രണ്ടിന് ആരംഭിക്കുന്ന സര്‍വ്വകലാശാല പരീക്ഷക്ക് മുന്നോടിയായി ഒരു മാതൃകാപരീക്ഷ നടത്താന്‍ അധികാരികള്‍ തീരുമാനിച്ചത് വളരെ വൈകിയാണ്. കൃത്യമായി പറഞ്ഞാല്‍ യാഥാര്‍ഥ പരീക്ഷയുടെ പന്ത്രണ്ട് ദിവസം മുന്‍പാണ് മാതൃക പരീക്ഷ നടത്താന്‍ തീരുമാനിച്ചത്. നവംബര്‍ 17ന് ആയിരുന്നു മാതൃകാ പരീക്ഷ നടത്താന്‍ സര്‍വ്വകലാശാല തിരഞ്ഞെടുത്തത്. നാല് ദിവസം കൊണ്ട് പരീക്ഷ നടത്തി റിസള്‍ട്ട് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ഏജന്‍സിക്ക് നവംബര്‍ 24 തീയതി വരെ വേണ്ടി വന്നു കുട്ടികളുടെ ഉത്തര കടലാസുകള്‍ ഡിജിറ്റല്‍ ഇമേജ് ആക്കാന്‍ തന്നെ .പരീക്ഷ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നിള്‍ക്കെ പോലും മാര്‍ക്ക് ലിസ്റ്റ് പുറത്ത് ഇറക്കാന്‍ കഴിഞ്ഞിട്ടില്ല.

ആരാണ് ഈ തലതിരിഞ്ഞ തീരുമാനങ്ങളുടെ പിന്നില്‍ ?

മുന്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. കുഞ്ചെറിയ പി ഐസക്ക് ആണ് ഇപ്പോഴത്തെ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍. ലീഗ് നോമിനിയായ പ്രോ. വൈസ് ചാന്‍സിലര്‍ ഡോ. അബ്ദുറഹിമാനും ആണ് ഈ തീരുമാനങ്ങളുടെ ആകെ പിന്നില്‍. സര്‍വ്വകലാശാലയ്ക്ക് ബോര്‍ഡ് ഓഫ് സ്റ്റഡീസോ, അക്കാദമിക്ക് കമ്മറ്റിയോ ഇല്ല. റജിസ്ട്രാര്‍, എക്‌സാമിനേഷന്‍ കണ്‍ട്രോളര്‍ എന്നീങ്ങനെ രണ്ടുപേര്‍ കൂടി അടങ്ങുന്നതാണ് സര്‍വ്വകലാശാല. ഈ നാല്‍വര്‍ സംഘം ആണ് ഒരു സര്‍വ്വകലാശാല. കൂടാതെ ഒമ്പതു താല്‍കാലിക ജീവനക്കാരും ഉണ്ട്. മറ്റൊരു ജീവനക്കാരന്‍ പോലും സര്‍വ്വകലാശാലയില്‍ ഇല്ല. ഇങ്ങനെയെരു സര്‍വ്വകലാശാല ലോകത്തുണ്ടാകുമോയെന്ന് സംശയമാണ്

കൊടിയ അഴിമതിയും ദുഷ്പ്രഭുത്വവുമാണ് സര്‍വ്വകലാശാലയില്‍ നടനമാടുന്നത്. കേരളത്തിന്റെ വിദ്യഭ്യാസ സമ്പ്രദായത്തില്‍ തന്നെ കാതലായ മാറ്റം വരുത്തിയ ഇത്തരം ഒരു പരിഷ്‌കാരം നടപ്പിലാക്കുമ്പോള്‍ ഇവര്‍ അക്കാദമിക്ക് സമൂഹത്തോടെ, വിദ്യാര്‍ത്ഥി സംഘടനകളോടെ ചര്‍ച്ച ചെയ്യതിരുന്നതെന്ത്? കുറഞ്ഞപക്ഷം ഇവിടുത്തെ മാധ്യമപ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ തയ്യാറാവാതെന്ത്? പ്രതിപക്ഷത്തോട് പോട്ടെ ഭരണപക്ഷത്തോട് പോലും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടോ എന്ന് സംശയമാണ്. വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബിനോട് വാര്‍ത്താസമ്മേളനത്തില്‍ ഈ ലേഖകന്‍ തന്നെ സാങ്കേതിക സര്‍വ്വകലാശാലയിലെ പരീക്ഷാ നടത്തിപ്പ് സംശയങ്ങള്‍ ഉന്നയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ തന്നെ അജ്ഞത വെളിയില്‍ വന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ നടക്കാന്‍ പോകുന്നത് എന്താണെന്ന് മനസിലായിട്ടുണ്ടോ എന്ന് സംശയമാണ്.പലരും ഈ സമ്പ്രദായത്തെ പറ്റി അജ്ഞരാണ്. ചോദ്യം ചെയ്യുന്നവരെ ആര്‍ക്കും മനസിലാവാത്ത കാര്യങ്ങള്‍ പറഞ്ഞ് പ്രോ.വിസി പറ്റിക്കുകയാണ്. കേവലം 39 വയസ് മാത്രമുളള ഈ പ്രോ വിസിയാണ് ഈ സര്‍വ്വകലാശാലയില്‍ എല്ലാം തീരുമാനിക്കുന്നതെന്നാണ് കേട്ടുകേള്‍വി. ഈ ചെറുപ്പക്കാരന്റെ കൈയ്യിലാണ് കേരളത്തിന്റെ എഞ്ചീനിയറിംഗ് വിദ്യാര്‍ത്ഥികളുടെ വര്‍ത്തമാനവും ഭാവിയും. കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ പലതും ടെണ്ടറുകള്‍ ഇല്ലാതെ നല്‍കുന്നതായും അറിയുന്നു.

ചുരുക്കത്തില്‍ ബുദ്ധിമാന്‍മാരും ബുദ്ധിമതികളുമായ നമ്മുടെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളുടെ ഭാവി തുലാസിലായിക്കഴിഞ്ഞു. ഈ സര്‍വകലാശാലയുടെ തലതിരിഞ്ഞതും ദിശാബോധമില്ലാത്തതുമായ പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക വിദ്യാഭ്യാസ രംഗത്തു മുന്നില്‍നില്‍ക്കുന്ന കേരളത്തിന് വരും നാളുകളില്‍ നാണക്കേടു സമ്മാനിക്കുമെന്നുറപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News