ശബരിമലയിലെ കാണിക്ക വരവില്‍ 13 കോടിയുടെ കുറവ്; വെള്ളപ്പൊക്കമാണ് കാരണമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

പത്തനംതിട്ട: മണ്ഡലകാലം 18-ാം ദിവസം വരെയുള്ള കണക്കനുസരിച്ച് ശബരിമലയിലെ കാണിക്ക വരവില്‍ മുന്‍വര്‍ഷത്തേക്കാള്‍ 13 കോടി രൂപയുടെ കുറവ്. ചെന്നൈയിലെ വെള്ളപ്പൊക്കം കാരണം തീര്‍ത്ഥാടകരുടെ വരവ് കുറഞ്ഞതിനാലാണിതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ വെള്ളപൊക്കത്തില്‍ ദുരിതമനനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി സന്നിധാനത്ത് പ്രത്യേക പൂജകളും വഴിപാടുകളും നടത്താനും, ശബരിമലയിലെത്തുന്ന അന്യസംസ്ഥാന തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതിനായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സ്ഥലം പാട്ടത്തിന് നല്‍കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് നിലയക്കലില്‍ അഞ്ചേക്കര്‍ ഭൂമി വീതം നല്‍കാനാണ് തീരുമാനമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

അതേസമയം, ബാബറി മസ്ജിദ് ദിനം പ്രമാണിച്ച് സന്നിധാനത്തും പരിസരത്തും സുരക്ഷ ശക്തമാക്കിയതായി ദക്ഷിണ മേഖലാ എഡിജിപി കെ. പത്മകുമാര്‍. സുരക്ഷാ ഭീഷണികളൊന്നുമില്ല, എങ്കിലും എല്ലായിടങ്ങളിലും രണ്ട് മണിക്കൂര്‍ ഇടവിട്ട് പരിശോധന നടത്തും. തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത രീതിയില്‍ മാത്രമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 14 ടീം കമാന്‍ഡോകളെ സന്നിധാനത്തും പരിസരത്തും വിന്യസിച്ചതായും പത്മകുമാര്‍ സന്നിധാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here