പോള്‍ കോക്‌സ് വാക്ക് പാലിച്ചു; കേരളത്തില്‍ ചിത്രീകരിച്ച ഫോഴ്‌സ് ഓഫ് ഡെസ്റ്റിനി ഇന്ന്

2012 ഐഎഫ്എഫ്‌കെയില്‍ വച്ച് ആരാധകര്‍ക്ക് നല്‍കിയ വാക്ക് ഓസ്‌ട്രേലിയന്‍ സംവിധായകന്‍ പോള്‍ കോക്‌സ് പാലിച്ചു. കേരളത്തില്‍ തന്റെ സിനിമ ചിത്രീകരിക്കുമെന്നായിരുന്നു അന്ന് കോക്‌സ് ചലച്ചിത്രസ്‌നേഹികളോട് പറഞ്ഞത്. കേരളത്തിലും ഓസ്‌ട്രേലിയയിലും കൂടി ചിത്രീകരണം പൂര്‍ത്തിയാക്കിയ കോക്‌സിന്റെ ഫോഴ്‌സ് ഓഫ് ഡെസ്റ്റിനി ഇന്ന് ശ്രീ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. രാവിലെ 11.30നാണ് പ്രദര്‍ശനം. ഏഴിന് രാത്രി 9.30ന് നിള തിയറ്ററിലും ചിത്രം പ്രദര്‍ശിപ്പിക്കും.

മറ്റൊരു കേരള ബന്ധം കൂടി ചിത്രത്തിനുണ്ട്. ഫോഴ്‌സ് ഓഫ് ഡെസ്റ്റിനിയുടെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ മലയാളിയായ ബേബി മാത്യു സോമതീരം ആണ്. പ്രശസ്ത ഹോളിവുഡ് ഓസ്‌ട്രേലിയന്‍ നടനും ലോര്‍ഡ് ഓഫ് ദ് റിംഗ്‌സ് താരവുമായ ഡേവിഡ് വെന്‍ഹാം ആണ് ചിത്രത്തിലെ നായകന്‍. മിഡ്‌നൈറ്റ് ചില്‍ഡ്രന്‍ ഫിലിം നായിക ഷഹാന ഗോസ്വാമിയാണ് നായിക. ദേശീയ അവാര്‍ഡ് ജേതാവ് സീമ ബിശ്വാസും പ്രധാനവേഷത്തില്‍ എത്തുന്നു. മെല്‍ബണ്‍ ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രവും ഫോഴ്‌സ് ഓഫ് ഡെസ്റ്റിനിയായിരുന്നു.

കരള്‍മാറ്റവുമായി ബന്ധപ്പെട്ട് പോള്‍ കോക്‌സിന്റെ ജീവിതാനുഭവമാണ് ചിത്രത്തിന്റെ പ്രമേയം. അദ്ദേഹത്തിന്റെ തന്നെ ടെയില്‍സ് ഫ്രം ദ കാന്‍സര്‍ വാര്‍ഡ് എന്ന പുസ്തകത്തെയാണ് ചിത്രം പശ്ചാത്തലമാക്കുന്നത്. പ്രശസ്ത സംവിധായകന്‍ ജോഷി മാത്യു സംവിധാനസഹായിയായും പട്ടണം റഷീദ്, സുനില്‍ ലാവണ്യ, പ്രതാപ് നായര്‍, ഹരികുമാര്‍ മാധവന്‍ നായര്‍ തുടങ്ങിയവര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here